നീറ്റ്, ജീ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ പരീക്ഷാ കേന്ദ്രങ്ങൾ ജിദ്ദയിലും കൊണ്ടുവരും; പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജിദ്ദ കേരള പൗരാവലി
ജിദ്ദ: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) ക്ക് കീഴിൽ നടത്തപ്പെടുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജീ) എന്നീ പരീക്ഷാ കേന്ദ്രങ്ങൾ ജിദ്ദയിൽ അനുവദിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജിദ്ദ കേരള പൗരാവലി ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ജിദ്ദ പൗരാവലി തയ്യാറാക്കിയ അടിസ്ഥാന സ്ഥിതിവിവരണ കണക്കുകൾ അടങ്ങിയ പഠന റിപ്പോർട്ട് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനും സൗദി ഇന്ത്യൻ എംബസിക്കും സമർപ്പിക്കുന്നതിന് വേണ്ടി പ്രസ്സ് ഇൻഫർമേഷൻ ആന്റ് കോമേഴ്‌സ് കോൺസുൽ മുഹമ്മദ് ഹാഷിമിന് കൈമാറി.
.
സലാഹ് കാരാടൻ, നസീർ വാവ കുഞ്ഞു, സി എച്ച് ബഷീർ, നാസർ ചാവക്കാട്, വേണു അന്തിക്കാട് എന്നിവരടങ്ങുന്ന നിവേദകസമിതിയാണ് വിശദമായ പഠന റിപ്പോർട്ട് സമർപ്പിച്ചത്.
ജിദ്ദ കേരള പൗരാവലിയുടെ പ്രതിനിധി സഭാ യോഗത്തിൽ പ്രവർത്തക സമിതി അംഗം സുവിജ സത്യനാണ് ഇതു സംബന്ധിച്ച പ്രമേയം അവതിരിപ്പിച്ചത്. ജിദ്ദ, തായിഫ്, അൽ ബാഹ, ഖമിസ് മുശൈത്ത്, അബ്ഹ, യാമ്പു, മദീന, തബൂക്, ജീസാൻ, നജ്റാൻ തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനു കീഴിൽ ഇന്ത്യൻ പ്രവാസി വിദ്യാർത്ഥികൾക്കായി ഉന്നത വിദ്യാഭ്യാസ എക്സാം സെന്ററുകളും ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യൻ സർവ്വകലാശാലകളുടെ ഓഫ് ക്യാമ്പസുകളും ആരംഭിക്കണമെന്നാണ് ജിദ്ദ കേരള പൗരാവലിയുടെ മൂന്നാം പ്രതിനിധി സഭ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ബന്ധപ്പെട്ട വിഭാഗങ്ങളോട് ആവശ്യപ്പെട്ടത്.
.
തുടർ നടപടികൾക്കായി വിഷയം ഇന്ത്യൻ പാർലിമെന്റിൽ അവതരിപ്പിക്കുന്നതിന് കേരളത്തിൽ നിന്നുള്ള എം പി മാരുമായി ചർച്ച നടത്തി പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പൗരാവലി പ്രവർത്തക സമിതി അംഗം മിർസാ ഷെരീഫിനെ (ആലപ്പുഴ) ചുമതലപ്പെടുത്തി തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെയുള്ള നടപടികൾക്ക് വേണ്ടി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും വിശദമായ ഡാറ്റകൾ അയച്ചുനൽകും.
.
നിലവിൽ സൗദിയിൽ നീറ്റ് എക്സാം സെന്റർ റിയാദിൽ മാത്രമാണുള്ളത്. സൗദിയുടെ വെസ്റ്റേൺ റീജിയനിൽ നിന്നും ആയിരത്തിൽ അധികം കിലോമീറ്ററുകൾ താണ്ടിയാണ് വിദ്യാർത്ഥികളെയുമായി രക്ഷിതാക്കൾ പരീക്ഷ കേന്ദ്രത്തിൽ എത്തുന്നത്. ഇത് പലർക്കും സാമ്പത്തിക ബാധ്യതയും ജോലി സംബന്ധമായ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. പ്ലസ് ടു പഠനം പൂർത്തിയാക്കിയാൽ തുടർപഠനത്തിനുള്ള അംഗീകൃത ക്യാമ്പസുകളുടെ അപര്യാപ്തത സൗദിയിൽ കുടുംബവുമായി കഴിയുന്ന രക്ഷിതാക്കൾ വർഷങ്ങളായി പല തരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നത് തുടരുകയാണ്.
.
ജിദ്ദ പ്രവാസികൾക്ക് ആശ്വാസമാകുന്ന സുപ്രധാന തീരുമാനങ്ങൾക്ക് ചർച്ചയായ ജിദ്ദ കേരള പൗരാവലിയുടെ മൂന്നാം പ്രതിനിധി സഭാ യോഗത്തിൽ ചെയർമാൻ കബീർ കൊണ്ടോട്ടി അദ്ധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.
.
വേണു അന്തിക്കാട്, അബ്ദുൽ ഖാദർ ആലുവ, ഷമീർ നദ് വി, അലി തേക്കുത്തോട്, അസീസ് പട്ടാമ്പി, അഹമ്മദ് ഷാനി, സുനിൽ സെയ്‌ദ്, മുഹമ്മദ് ബൈജു, ഡോ ഇന്ദു ചന്ദ്രശേഖർ, ദിലീപ് താമരകുളം, നൗഷാദ് ചാത്തല്ലൂർ, ജലീൽ കണ്ണമംഗലം, റാഫി ബീമാപള്ളി, സുബൈർ ആലുവ, സഹീർ മഞ്ഞാലി, നജീബ് മടവൂർ, സുബൈർ വയനാട്, ഹിഫ്സുറഹ്മാൻ എന്നിവർ വിവിധ ചർച്ചകൾക്ക് നേതൃത്വം നൽകി.
.