അയോധ്യയില്‍ എന്തുകൊണ്ട് ബിജെപി തോറ്റു?.. ‘കാരണങ്ങളിതാ’, അടുത്തത് ഗുജറാത്തെന്നും രാഹുല്‍
അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയിലേതുപോലെ ഗുജറാത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. വിജയത്തിലൂടെ സംസ്ഥാനത്തുനിന്ന് പുതിയ തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
നരേന്ദ്രമോദിക്ക് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, പരാജയപ്പെടുമെന്നും രാഷ്ട്രീയജീവിതം അവസാനിക്കുമെന്നും സര്‍വേ നടത്തിയവര്‍ മുന്നറിയിപ്പ് നല്‍കി. ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് മോദി പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ബി.ജെ.പി. അയോധ്യയില്‍ പരാജപ്പെട്ടതെന്നും രാഹുല്‍ഗാന്ധി ചോദിച്ചു.
.
അയോധ്യയില്‍ കര്‍ഷകരുടെ ഭൂമിയില്‍ അന്താരാഷ്ട്രാവിമാനത്താവളം നിര്‍മിച്ചു. എന്നാല്‍, കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയില്ല. രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് അയോധ്യയിലെ ഒരാളെപ്പോലും ക്ഷണിച്ചില്ല. അദാനിയും അംബാനിയും പങ്കെടുത്ത പ്രാണപ്രതിഷ്ഠയില്‍ ഒരു സാധാരണക്കാരനെപ്പോലും കണ്ടില്ല. അതൊക്കെയാണ് അയോധ്യയില്‍ ബി.ജെ.പി. പരാജയപ്പെടാന്‍ കാരണം. അയോധ്യയില്‍ രാമക്ഷേത്രം ലക്ഷ്യമിട്ട് എല്‍.കെ. അദ്വാനി ആരംഭിച്ച മൂവ്‌മെന്റ് പരാജയപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.
.