കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ പ്രതി ചേർത്ത് ഇ.ഡി; പാർട്ടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രതി ചേർത്തു. കരുവന്നൂർ ബാങ്കിൽനിന്നു തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്ന് ഇ.ഡി റിപ്പോർട്ടിൽ പറയുന്നു. സിപിഎമ്മിന്റെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടി. സിപിഎമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും ഉൾപ്പെടെ 29 കോടിയുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്.
.
സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ പേരിലുള്ളതാണു കണ്ടുകെട്ടിയ സ്വത്തും അക്കൗണ്ടുകളും. പാർട്ടിയുടെ വിവിധ ഘടകങ്ങളുടെ 8 അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ 2 അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും.
പൊറത്തിശേരി ലോക്കൽ കമ്മിറ്റി ഓഫിസ് നിർമിക്കാൻ വാങ്ങിയ ഭൂമിയും കണ്ടുകെട്ടി. സിപിഎമ്മിൽനിന്ന് മാത്രം കണ്ടുകെട്ടിയത് 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ്. 9 വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടി. കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് അനധികൃതമായി ലോൺ സമ്പാദിച്ചവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇ.ഡി നടപടിയെ സംബന്ധിച്ച് സിപിഎം നേതാക്കൾ പ്രതികരിച്ചില്ല.
.