അശ്ലീല സന്ദേശമയച്ചയാളുടെ കൊലപാതകം: സൂപ്പർതാരം ദർശൻ്റെ സുഹൃത്തായ നടി പവിത്രയും അറസ്റ്റിൽ

ബെംഗളൂരു: ചിത്രദുർ​ഗ സ്വദേശി രേണുകാ സ്വാമിയുടെ കൊലപാതക്കേസിൽ നടി പവിത്ര ​ഗൗഡ പോലീസ് അറസ്റ്റിൽ. കേസിൽ കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിലായതിനുപിന്നാലെയാണ് താരത്തിന്റെ സുഹൃത്തുകൂടിയായ പവിത്രയെ പോലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് ചെയ്തതും. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത്.

.

ഈ മാസം എട്ടിനാണ് ചിത്രദുർ​ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒൻപതിന് കാമാക്ഷിപാളയത്തെ ഓടയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസിൽ വെച്ചാണ് ദർശനെ പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലക്കേസ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് പവിത്രയേയും കസ്റ്റഡിയിലെടുത്തത്.

.

2013-ൽ ഛത്രികളു ഛത്രികളു സാർ ഛത്രികളു എന്ന ചിത്രത്തിലൂടെ സിനിമാഭിനയരം​ഗത്തെത്തിയ നടിയാണ് പവിത്ര ​ഗൗഡ. ബത്താസ് ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. 2016-ൽ 54321 എന്ന തമിഴ് ചിത്രത്തിലും പവിത്ര അഭിനയിച്ചിരുന്നു. പത്ത് വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദര്‍ശന്റെ ഭാര്യയായ വിജയലക്ഷ്മിയും പവിത്രയും സോഷ്യല്‍ മീഡിയയില്‍ വാക്ക്‌പോരും നടത്തിയിരുന്നു.

.

കാമാക്ഷിപാളയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരവേ ​തിങ്കളാഴ്ച ഗിരിന​ഗറിൽനിന്നുള്ള മൂന്നുപേർ പോലീസിനുമുന്നിൽ കീഴടങ്ങി. തങ്ങളാണ് ഈ മരണത്തിനുപിന്നിലെന്ന് ഇവർ അവകാശപ്പെട്ടു. സാമ്പത്തിക ഇടപാടിനേക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഇവർ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് മരിച്ചത് രേണുകാ സ്വാമി എന്നയാളാണെന്നും അതിനുപിന്നിലെ യഥാർത്ഥ കാരണവും വ്യക്തമായത്.

.

രേണുകാ സ്വാമി അയച്ച അശ്ലീല സന്ദേശങ്ങളേക്കുറിച്ചറിഞ്ഞ ദർശൻ ചിത്രദുർ​ഗയിലെ തന്റെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റിനെ ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. രേണുകാ സ്വാമിയെ ചിത്രദുർ​ഗയിൽനിന്ന് സിറ്റിയിലെ ഒരിടത്തെത്തിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയിലുപേക്ഷിക്കുകയായിരുന്നെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

.

Share
error: Content is protected !!