മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ ബിജെപിക്ക് തന്നെ; ആഭ്യന്തരം, ധനം, റെയിൽവേ, പ്രതിരോധം എന്നിവ വിട്ടുനൽകിയേക്കില്ല
ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സുപ്രധാന മന്ത്രിസ്ഥാനങ്ങളിൽ ബിജെപി തന്നെ തുടർന്നേക്കുമെന്ന് സൂചന. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയിൽവേ, നിയമം, വിദേശകാര്യം, ഐടി വകുപ്പുകൾ ബിജെപി തന്നെ കൈകാര്യം ചെയ്യുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തെലുങ്കുദേശം പാർട്ടി, ജെഡിയു, എൽജെപി എന്നിവർക്ക് ഡിമാൻഡുകൾ ഉന്നയിക്കാനുള്ള സാഹചര്യമുണ്ടെങ്കിലും പ്രധാന വകുപ്പുകൾ തുടരാനാണ് ബിജെപിയുടെ തീരുമാനം.
.
പതിനാറ് സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി.യും 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെ.ഡി.യു.വും വിലപേശാൻ സാധ്യതയുണ്ടെങ്കിലും പ്രധാന വകുപ്പുകൾ വിട്ടുകൊടുക്കാൻ സാധ്യതയില്ല. എന്നാൽ, ഈ വകുപ്പുകളിലെ സഹമന്ത്രി സ്ഥാനത്തേക്ക് ഘടകക്ഷികളിൽ നിന്നുള്ളവരെ പരിഗണിച്ചേക്കാമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
.
ലോക്സഭാ സ്പീക്കർ സ്ഥാനവും ധനകാര്യ വകുപ്പിലെ സഹമന്ത്രി സ്ഥാനവും ഉൾപ്പെടെ അഞ്ച് മന്ത്രിസ്ഥാനങ്ങൾ നായിഡു ആവശ്യപ്പെട്ടതായാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയും ടി.ഡി.പി ലക്ഷ്യമിടുന്നുണ്ട്. അതേസമയം, രണ്ട് കാബിനറ്റ് സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ജെ.ഡി.യു. ലക്ഷ്യം വയ്ക്കുന്നത്. ഒപ്പം നിതീഷിന്റെ മുഖ്യമന്ത്രിപദവിക്ക് തടസ്സമുണ്ടാകില്ലെന്ന ഉറപ്പും ചോദിക്കും. റെയിൽവേ മന്ത്രിസ്ഥാനത്തിൽ എല്ലാവർക്കും കണ്ണുണ്ട്.
ഏഴ് സീറ്റുള്ള ശിവസേന ഷിന്ദേ വിഭാഗം, അഞ്ച് സീറ്റുള്ള ചിരാഗ് പസ്വാന്റെ എൽ.ജെ.പി. എന്നിവയാണ് കൂടുതൽ അവകാശമുന്നയിക്കാവുന്ന മറ്റ് കക്ഷികൾ. ഒരു കാബിനറ്റ് ഉൾപ്പെടെ രണ്ട് മന്ത്രിസ്ഥാനമാണ് ചിരാഗ് ചോദിക്കുകയെന്നാണ് അനൗദ്യോഗികമായി അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. രണ്ട് സീറ്റ് വീതമുള്ള ജനസേനാ പാർട്ടി, ജനതാദൾ എസ്., രാഷ്ട്രീയ ലോക്ദൾ എന്നിവയ്ക്കും മന്ത്രിസ്ഥാനങ്ങൾ നൽകേണ്ടിവന്നേക്കാം. അതുകഴിഞ്ഞാൽ ഓരോ അംഗങ്ങൾ വീതമുള്ള എട്ട് പാർട്ടികളാണ് എൻ.ഡി.എ.യിൽ ഉള്ളത്.
രണ്ടാം മോദി മന്ത്രിസഭയിൽ ആഭ്യന്തരം അമിത് ഷായും പ്രതിരോധം രാജ്നാഥ് സിങ്ങും ധനകാര്യം നിർമല സീതാരാമനും വിദേശകാര്യം എസ്.ജയ്ശങ്കറുമാണ് കാബിനറ്റ് മന്ത്രിമാരായിരുന്നത്.
അശ്വിനി വൈഷ്ണവ് റെയിൽവേ, ഐടി മന്ത്രിയും അർജുൻ രാം മേഘ്വാൾ നിയമമന്ത്രിയുമായിരുന്നു. ഇവർ തന്നെയാണോ സ്ഥാനങ്ങളിൽ തുടരുകയെന്നതിൽ സ്ഥിരീകരണമില്ല. മന്ത്രിസ്ഥാനങ്ങളിൽ വെള്ളിയാഴ്ച നടക്കുന്ന എൻഡിഎ എംപിമാരുടെ യോഗത്തിൽ ചർച്ചയുണ്ടായേക്കും.
.



