മക്കയിൽ ഹാജിമാരുടെ തിരക്ക് വർധിക്കുന്നു; മെയ് 24 മുതൽ ജൂണ്‍ 26 ഉംറ പെർമിറ്റുകൾ അനുവദിക്കില്ല. ഉംറ ചെയ്യാനുള്ള അനുമതി ഹാജിമാർക്ക് മാത്രം

മക്ക:  ദുല്‍ ഖഅദ് 16 മുതല്‍ ദുല്‍ഹജ് 20 (മെയ് 24 മുതൽ ജൂണ്‍ 26)  വരെ സാധാരണക്കാർക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ ഹജ്ജ് പെർമിറ്റുള്ളവർക്ക് മാത്രമേ ഉംറ ചെയ്യാൻ അനുവാദമുള്ളൂ. മക്കയിൽ ഹജ്ജ് തീർഥാടകരുടെ തിരക്ക് വർധിച്ചുവരുന്നതിനാലാണ് മുൻ വർഷങ്ങളെ പോലെ ഈ വർഷവും ഉംറ പെർമിറ്റ് അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
.

ദുൽ ഖഅദ് 25  മുതൽ  ദുൽ ഹജ്ജ് 14 വരെ (ജൂൺ 2 മുതൽ ജൂണ് 20 വരെ) ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിൽ വെച്ച് പിടിക്കപ്പെട്ടാൽ അവരെ നിയമവിരുദ്ധ ഹാജിമാരായി കണക്കാക്കും. ഇത്തരക്കാർക്ക് 10,000 റിയാൽ പിഴ ചമുത്തും.  കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാക്കും. ഇത് പരമാവധി ഒരു ലക്ഷം റിയാൽ വരെ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു. പിഴ ശിക്ഷക്ക് പുറമെ ആറ് മാസം വരെ തടവും അനുഭവിക്കേണ്ടി വരും.  നിയമലംഘകർ വിദേശികളാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

.

ഹജ്ജ് കർമങ്ങൾ നടക്കുന്ന ഹറം പരിസരം, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യ സ്ഥലങ്ങളിലും,  റുസൈഫ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, ഹജ്ജ് തീർഥാടകരുടെ കേന്ദ്രങ്ങൾ, താൽക്കാലിക പരിശോധന കേന്ദ്രങ്ങൾ, ചെക്ക് പോയിൻ്റുകൾ എന്നിവിടങ്ങളിലും  ശക്തമായ പരിശോധനയുണ്ടാകും. ഇവിടെ വെച്ച് ഹജ്ജ് പെർമിറ്റില്ലാതെ പിടിക്കപ്പെടുന്ന വിദേശികളും സ്വദേശികളും ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. കൂടാതെ പെർമിറ്റില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശിക്കാൻ ഗതാഗത സൌകര്യമൊരുക്കുന്നവർക്കും വൻ തുക പിഴയും തടവും നാടുകടത്തലും ശിക്ഷ ലഭിക്കുമെന്നും ഇത്തരക്കാരുടെ വാഹനം കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. വാഹന സൌകര്യം  ചെയ്തു കൊടുക്കുന്നവർക്ക് അമ്പതിനായിരം റിയാൽ വരെയാണ് പിഴ ചുമത്തുക.

.

Share
error: Content is protected !!