പൗരത്വ ഭേദഗതിനിയമം നടപ്പാക്കി കേന്ദ്രസർക്കാർ; പൗരത്വ സർട്ടിഫിക്കറ്റ് നൽകിതുടങ്ങി,14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

ഡൽഹി: രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ. അതിന്റെ ഭാ​ഗമായി പൗരത്വ സർട്ടിഫിക്കറ്റ് നൽകതുടങ്ങി. ഡൽഹിയിലെ 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവർക്കാണ് പൗരത്വം നൽകിയതെന്ന് കേന്ദ്രം അറിയിച്ചു. മാർച്ച് 11 നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

പൗരത്വ ഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം.

‘2024ലെ പൗരത്വ ഭേദഗതി ചട്ടങ്ങളുടെ വിജ്ഞാപനത്തിനുശേഷമുള്ള ആദ്യ സെറ്റ് പൗരത്വ സർട്ടിഫിക്കറ്റുകളാണ് നൽകിയത്. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല അപേക്ഷകർക്ക് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി. ആഭ്യന്തര സെക്രട്ടറി അപേക്ഷകരെ അഭിനന്ദിക്കുകയും ചട്ടങ്ങളുടെ സവിശേഷതകൾ ഉയർത്തിക്കാട്ടുകയും ചെയ്തു’’ – ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തിയതാണു പുതിയ നിയമം. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കും. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുങ്ങി.

വീസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. മേല്‍പറഞ്ഞ ഗണത്തില്‍പെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണു പുതിയ പൗരത്വനിയമ ഭേദഗതി.

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപു മാർച്ച് 11നാണ് സിഎഎ നിയമങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തത്. ഇന്ത്യൻ പൗരത്വത്തിന് അർഹരായവരുടെ അപേക്ഷ സ്വീകരിക്കേണ്ടത് ജില്ലാ തല സമിതിയാണ്. പൗരത്വം നൽകുന്നതിന് മുമ്പായി സംസ്ഥാന തലത്തിലുള്ള കമ്മിറ്റികൾ ഈ അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം.  നിയമപ്രകാരം ജില്ലാതല സമിതികൾ അപേക്ഷകൾ സംസ്ഥാന തല സമിതിക്ക് കൈമാറി. ഓൺലൈൻ പോർട്ടൽ മുഖാന്തരമാണ് അപേക്ഷകളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

സെൻസസ് കോർപറേഷൻ ഡയറക്ടർ മേൽനോട്ടം വഹിക്കുന്ന എംപവേഡ് കമ്മിറ്റി സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 14 അപേക്ഷകർക്ക് പൗരത്വം നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നു കേന്ദ്ര സർക്കാർ പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സംസ്ഥാനത്ത് സിഎഎ നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യവ്യാപകമായി സിഎഎ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു.

.

 

 

Share
error: Content is protected !!