സിപിഎം നിലപാട് മാറ്റുന്നു. ബിജെപിക്കെതിരെ കോണ്‍ഗ്രസിനൊപ്പം സഹകരിക്കും

ന്യൂഡൽഹി: കോണ്‍ഗ്രസിനോടുള്ള നയസമീപനത്തില്‍ സിപിഎം മാറ്റം വരുത്തുന്നു. ബിജെപി ക്കെതിരെയുള്ള രാഷ്ട്രീയ ചേരിയിൽ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചു. കോണ്‍ഗ്രസുൾപ്പെടെയുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി ദേശീയ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗത്തിലൂടെയാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്.

ബിജെപിക്ക് ബദൽ എന്ന ലക്ഷ്യവുമായി വിവിധ മുഖ്യമന്ത്രിമാരുടെ കൂട്ടായ്മയുണ്ടാക്കി കേന്ദ്രസർക്കാരിനെതിരായ നീക്കത്തിന് ശ്രമമാരംഭിച്ചത് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ആണ്. ഇതിൻ്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും ചന്ദ്രശേഖർ റാവു ചർച്ച നടത്തിയിരുന്നു. മാത്രവുമല്ല മമത ബാനർജി, ഉദ്ധവ് താക്കറെ എന്നിവരെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിപിഎം ദശീയ മുഖപത്രത്തിലൂടെ നിലപാട് വ്യക്തമാക്കിയത്.

മുഖപ്രസംഗത്തിൻ്റെ തുടക്കം കോൺഗ്രസിനെ വിമർശിച്ചുകൊണ്ടാണെങ്കിലും, നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും, സംസ്ഥാനങ്ങളുടെ അവകാശത്തിൻമേൽ കേന്ദ്രസർക്കാർ വലിയ തോതിൽ കടന്നുകയറ്റം നടത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസിനെ മാറ്റിനിർത്തിക്കൊണ്ട് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത് ശരിയല്ലെന്നുമാണ് പാർട്ടി വിശദീകരിക്കുന്നത്. ബിജെപി ഇതരപാർട്ടികളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടുന്ന വിശാലയോഗമാണ് വിളിക്കേണ്ടതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

 

Share
error: Content is protected !!