ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ് വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. തൃശൂര്‍ സ്വദേശിനി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷർജ ഇല്യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തിൽ രണ്ട് നഴ്സുമാര്‍ക്ക് പരുക്കേറ്റു. ഈജിപ്ഷ്യന്‍ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആള്‍. പരിക്കേറ്റ രണ്ടുപേരും മലയാളികളാണ്​. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. വ്യഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്കത്ത്-ഇബ്രി ഹൈവേയിലാണ്​ അപകടം.

.

നിസ്​വ ആശുപത്രിയിൽനിന്ന് ജോലി കഴിഞ്ഞ താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തിൽപെട്ടത്. റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാൻ ഡിവൈഡറിൽ കാത്തു നിൽക്കവേ, കൂട്ടിയിടിച്ച രണ്ട് വാഹങ്ങൾ നിയന്ത്രണംവിട്ട്​ ഇവരുടെമേൽ പാഞ്ഞ്​ കയറുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച വാഹനം അമിതവേഗത്തിലായിരുന്നെന്നാണ് വിവരം.

.

ശങ്കരൻ കുട്ടിയാണ്​ മരിച്ച മജീദയുടെ പിതാവ്. മാതാവ്​: രാധ. ഭർത്താവ്:​ രതീഷ്​​. ഇല്യാസ്-നദീറ ദമ്പതികളുടെ മകളാണ്​ ശർജ. ഭർത്താവ്​: അനീഷ്​​. അപകട വിവരം അറിഞ്ഞ്​ ഇരുവരുടേയും ഭർത്താക്കൻമാർ നാട്ടിൽനിന്ന് ഒമാനിലേക്ക്​ തിരിച്ചിട്ടുണ്ട്​. നിസ്​വ ഗവ. ആശുപത്രയിൽ സൂക്ഷിച്ചിരിക്കുന്ന മൃ​തദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

.

Share