വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനത്തിൽ സുപ്രധാന വിവരങ്ങൾ തേടി സുപ്രീം കോടതി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഉടൻ ഹാജരാകണമെന്ന് നിർദേശം

വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. ഇക്കാര്യം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം നൽകി.

സുപ്രീം കോടതി വ്യക്തത തേടിയ വിഷയങ്ങൾ ഇവയാണ്:

  • മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്?
  • മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്?
  • ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര?
  • വോട്ടിങ് മെഷീൻ സീൽചെയ്തു സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യന്നുണ്ടോ?
  • ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ?

 

അതേസമയം, ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ്‌ കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സോഴ്സ്‌ കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വിശദമായ വിധി ഉണ്ടാകുമെന്ന സൂചനയും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നൽകി.

മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഒരു കൃത്രിമവും കാണിക്കാൻ സാധിക്കില്ലെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ, ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിൽനിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.

.

Share
error: Content is protected !!