ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ഇർഫാൻ്റെ ഭാര്യ ബിഹാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്; പ്രതി മോഷണത്തിന് ഉപയോഗിച്ചത് സ്ക്രൂ ഡ്രൈവർ മാത്രം

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യ ബിഹാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് ബോർഡ് വച്ച വാഹനത്തിലാണ് പലപ്പോഴും ഇർഫാന്റെ സഞ്ചാരം. ഇർഫാൻ പനമ്പിള്ളി നഗറിൽ 3 വീടുകളിൽ കൂടി മോഷണത്തിന് ശ്രമിച്ചു. മോഷണം നടത്തിയ സ്വർണവും വാച്ചും കണ്ടെടുത്തു.15 മണിക്കൂറിനുള്ളിൽ പ്രതിയെ വലയിലാക്കാൻ കഴിഞ്ഞത് പൊലീസിന്റെ നേട്ടമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ശ്യാം സുന്ദർ പറഞ്ഞു. പ്രതിക്ക് പ്രാദേശിക സഹായം കിട്ടിയോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

.

മോഷണത്തിന് പ്രതി മുഹമ്മദ് ഇർഫാൻ ഉപയോഗിച്ച ‘ആയുധം’ സ്ക്രൂ ഡ്രൈവർ മാത്രമാണെന്ന് പൊലീസ് വ്യക്തമാക്കി. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിലെ ലോക്കർ പൂട്ടാതിരുന്നതും ഇർഫാന് മോഷണം എളുപ്പമാക്കാൻ സഹായിച്ചു. കൊച്ചി പനമ്പിള്ളി നഗറിലുള്ള മറ്റു മൂന്നു വീടുകളിൽ കൂടി മോഷണം നടത്താൻ ശ്രമിച്ച ശേഷം ഒടുവിലാണ് ജോഷിയുടെ വീട്ടിൽ കയറിയത്. 15 മണിക്കൂറിനുള്ളിൽ പ്രതിയെ പിടിക്കാൻ കഴിഞ്ഞത് പൊലീസിന് അഭിമാന നിമിഷമാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ‍ പറഞ്ഞു. ഇർഫാനെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

.

ശനിയാഴ്ച വെളുപ്പിനെ രണ്ടര മണിയോടെയാണ് ജോഷിയുടെ പനമ്പിള്ളി നഗറിലുള്ള വീട്ടിൽ മോഷണം നടന്നത്. 1.2 കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങളാണ് മോഷണം പോയത്. സ്വർണം കൊണ്ടു പോയതാവട്ടെ, ജോഷിയുടെ മകന്റെ ഭാര്യയുടെ പെട്ടിയിലും. സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ പൂട്ടിയിരുന്നില്ല എന്നാണ് തങ്ങൾ മനസ്സിലാക്കുന്നതെന്ന് കമ്മിഷണർ പറഞ്ഞു. ഈ പ്രദേശത്തു തന്നെ മൂന്നു വീടുകളിൽ കൂടി മോഷണത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന മേഖല എന്നതുകൊണ്ടാവാം പനമ്പിള്ളി നഗർ തിരഞ്ഞെടുത്തത് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്നും കമ്മിഷണർ പറഞ്ഞു. ഈ വീട്ടില്‍ ഇത്രയും സ്വർണം സൂക്ഷിച്ചിരുന്ന കാര്യം ഏതെങ്കിലും വിധത്തിൽ പ്രതിയിലേക്ക് എത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് കമ്മിഷണർ പറഞ്ഞു.

.

ജോഷിയുടെ വീട്ടിലെ കുറ്റകൃത്യത്തിനു ശേഷമുള്ള ആദ്യ മണിക്കൂറുകളിലെ പ്രവർത്തനങ്ങൾ നിർണായകമായതിനാൽ ഒരു മിനിറ്റു പോലും പാഴാക്കാതെയായിരുന്നു പൊലീസ് നീക്കങ്ങൾ. എറണാകുളം എസിപി പി.രാജ്കുമാറിനായിരുന്നു അന്വേഷണത്തിന്റെ ഏകോപനം. കമ്മിഷണറും ഡിസിപിയുമുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഓരോ മണിക്കൂറിലും പുതിയ വിവരങ്ങൾ തേടിയും വേണ്ട മാർഗനിർദേശങ്ങൾ നൽകിയും ഒപ്പം നിന്നു. എറണാകുളം എസിപിയുടെ സ്ക്വാഡും സബ് ഡിവിഷനു കീഴിലെ എല്ലാ സ്റ്റേഷനുകളിലെയും ഇൻസ്പെക്ടർമാരും എസ്ഐമാരും പൊലീസുകാരും ഉൾപ്പെടെ ഊർജിതമായി രംഗത്തിറങ്ങി.

.

പ്രതിയുടെ ദൃശ്യങ്ങൾ ജോഷിയുടെ വീട്ടിലെ സിസിടിവികളിൽ നിന്നു തന്നെ ലഭിച്ചെങ്കിലും സമീപത്തെ സിസിടിവികളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിൽ ഭൂരിഭാഗത്തിനും വ്യക്തത ഇല്ലാത്തത് ആദ്യഘട്ടത്തിൽ പൊലീസിനു തിരിച്ചടിയായി. എന്നാൽ, സംഭവസമയം മേഖലയിലുണ്ടായിരുന്ന എല്ലാ മൊബൈൽ ഫോണുകളുടെയും സിഡിആർ വിവരങ്ങൾ ശേഖരിച്ച പൊലീസ് വൈകാതെ ഇർഫാന്റെ സഞ്ചാര പഥം കണ്ടെത്തി. പ്രതി കാറിലാണു സഞ്ചരിക്കുന്നതെന്നും ഈ കാറിന്റെ പ്രത്യേകതകളും വഴിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തുകയും ചെയ്തു. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറിൽ ബിഹാർ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എന്ന ചുവന്ന ബോർഡ് വച്ചായിരുന്നു പ്രതിയുടെ യാത്ര.

.

സിറ്റി പൊലീസിൽ നിന്നു വിവരം ലഭിച്ചതോടെ മംഗലാപുരം, ഉഡുപ്പി മേഖലയിൽ പൊലീസ് വ്യാപക പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണു കോട്ടയ്ക്കു സമീപം വാഹനം കണ്ടെത്തിയത്. തടയാൻ ശ്രമിച്ച പൊലീസിനെ വെട്ടിച്ച് ട്രാഫിക് നിയമങ്ങൾ ഒന്നും പാലിക്കാതെ ‘കത്തിച്ചുവിട്ട’ ഇർഫാനെ സാഹസികമായാണ് ഉഡുപ്പി പൊലീസ് പിടികൂടിയത്. നഷ്ടമായ ആഭരണങ്ങൾ സഹിതമാണു പ്രതി കുടുങ്ങിയതെന്നറിഞ്ഞതോടെ ഉദ്യോഗസ്ഥർക്കു സമാധാനമായി. മോഷണമുതലുകൾ വീണ്ടെടുത്തില്ലെങ്കിൽ കേസിനു ബലം ലഭിക്കില്ലെന്ന ആശങ്ക ഒഴിവായതാണു കാരണം. സമീപകാലത്ത് അന്വേഷണ മികവിന്റെ കരുത്തിൽ കേരള പൊലീസിനുണ്ടായ ഏറ്റവും വലിയ നേട്ടമാണു ‘ബിഹാറിന്റെ റോബിൻഹുഡി’ന്റെ അറസ്റ്റ്.

.

Share
error: Content is protected !!