ഫാൻ പൊട്ടിത്തെറിച്ചു, പിന്നാലെ തീ; തിരുവനന്തപുരത്ത് വീട് കത്തിനശിച്ചു
തിരുവനന്തപുരം: ∙ഷോർട് സർക്യൂട്ടിനെ തുടർന്ന് വീടിനു തീപിടിച്ച് ഒന്നരലക്ഷം രൂപയുടെ സാധനസാമഗ്രികൾ കത്തി നശിച്ചു. വലിയതുറ വള്ളക്കടവ് പതിനാറേകാൽ മണ്ഡപം ടിസി 3542ൽ ഹയറുന്നിസയുടെ വീട്ടിലായിരുന്നു തീപിടിത്തം. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു അപകടം. ഈ സമയം വീട്ടിൽ ആരും ഉണ്ടാകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
വീടിനുള്ളിലെ സ്വിച്ച് ബോർഡിൽ നിന്നാണ് തീപിടിച്ചത്. വീടിന്റെ വരാന്തയിലുണ്ടായിരുന്ന ഫാനിൽനിന്ന് പൊട്ടിത്തെറിയുണ്ടായതിനു പിന്നാലെ തീ ആളിപ്പടർന്നു. ഷീറ്റിട്ട വീടിന്റെ മേൽക്കൂര ഭാഗികമായും എസി ഇൻവെർട്ടർ, ടിവി, സ്റ്റാൻഡ്, കസേര, മേശ, വസ്ത്രങ്ങൾ തുടങ്ങിയവ പൂർണമായും കത്തിനശിച്ചു.
മേൽക്കൂരയിൽനിന്നു തീ ഉയരുന്നത് സമീപത്തെ വീട്ടുകാരാണ് ആദ്യം കണ്ടത്. ഇവർ ഫയർഫോഴ്സിൽ അറിയിച്ച ശേഷം ആളുകളെ വിളിച്ചുകൂട്ടി തീ അണയ്ക്കാൻ ശ്രമിച്ചു. ചാക്കയിൽനിന്നു ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതർ പറഞ്ഞു.
.