യാത്രക്കാരി എത്തിയിട്ടും പാസ്പോർട്ട് എത്തിയില്ല, ട്വീറ്റ് തുണയായി; എംബസി ഇടപെട്ടു, ഔട്ട് പാസിൽ നാട്ടിലേക്ക്
ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ കോയമ്പത്തൂർ സ്വദേശി റഹ്മത്തുന്നീസയാണ് പാസ്സ്പോർട്ട് നഷ്ടപ്പെട്ട് റിയാദ് എയർപോർട്ടിൽ കുടുങ്ങിത്. ജിദ്ദയിൽ നിന്ന് റിയാദ് വഴി കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിൽ കയറാനിരിക്കെ എയർ ബ്രിഡ്ജിൽ വെച്ച് കയ്യിലുള്ള ബാഗ് വാങ്ങി ഉദ്യോഗസ്ഥർ ലെഗേജിലിട്ടതാണ് വിനയായത്.
.
ബോഡിങ് പാസ്സും മരുന്നും പാസ്സ്പോർട്ടും അടങ്ങിയ ബാഗ് ലെഗേജിൽ ഇട്ടെങ്കിലും റിയാദിൽ ലഗേജ് എത്തിയില്ല. സാധ്യമായ തിരച്ചിലെല്ലാം നടത്തിയെങ്കിലും പാസ്പ്പോർട്ടും ബാഗും കണ്ടെത്തിയില്ല. രേഖകൾ ഇല്ലാതെ യാത്ര സാധ്യമാകാത്തതിനാൽ ബോഡിങ് പാസ് ഉണ്ടായിരുന്ന വിമാനം സഹയാത്രികരുമായി പറക്കുകയും ചെയ്തു. തുടർന്ന് റഹ്മത്തുന്നീസ നാട്ടിലെ ട്രാവൽ ഏജൻസിയെ വിളിച്ചു വിവരം പറഞ്ഞു.
ഏജൻസി ഉടമ അവരുടെ സുഹൃത്തും റിയാദിൽ പ്രവാസിയുമായ തമിഴ്നാട് സ്വദേശി ഫഹദിനെ വിളിച്ചു ഇങ്ങനെ ഒരു വിഷയം ഉണ്ടെന്നും കാര്യങ്ങൾ അന്വേഷിച്ചു വേണ്ട സഹായം നൽകണമെന്നും അഭ്യർത്ഥിച്ചു .ഫഹദ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ച് ഇന്ത്യൻ എംബസിക്കും സൗദി വ്യാമയാന വകുപ്പിനും ടാഗ് ചെയ്തു. ട്വീറ്റ് ശ്രദ്ധയിൽ പെട്ടയുടനെ എംബസ്സി വിഷയത്തിൽ ഇടപെട്ടു. എംബസിയുടെ നിർദേശാനുസരണം സൗദിയിലെ ജീവകാരുണ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എയർപോർട്ടിലെത്തി ഉഗ്യോഗസ്ഥരുമായി സംസാരിച്ചതിന് ശേഷം യാത്രക്കാരിയെ കണ്ടു. അവരെയും കൂട്ടി എയർപോർട്ടിലെ നഷ്ടപ്പെട്ട ലഗേജുകൾ സൂക്ഷിക്കുന്ന കൗണ്ടറിൽ പോയി തിരഞ്ഞെങ്കിലും ബാഗ് ലഭിച്ചില്ല.
.
പാസ്സ്പോർട്ട് ലഭിക്കാനുള്ള സാധ്യത മങ്ങിയപ്പോൾ ശിഹാബ് അക്കാര്യം എംബസിയിൽ റിപ്പോർട്ട് ചെയ്തു. അതിവേഗം ഔട്ട് പാസ്സിനായുള്ള രേഖകൾ പൂർത്തിയാക്കി സമർപ്പിക്കാൻ എംബസി സെക്കന്റ് സെക്രട്ടറി സാരത കുമാർ ഷിഹാബിനോട് ആവശ്യപ്പെട്ടു. അപേക്ഷ സമർപ്പിച്ച അടുത്ത ദിവസം തന്നെ യാത്രക്കുള്ള താത്കാലിക പാസ്സ്പോർട്ട് (ഔട്ട് പാസ്) അനുവദിച്ചു നൽകി. പാസ്സ്പോർട്ട് കണ്ടെത്താൻ റിയാദ് എയർപോട്ടിൽ പോർട്ടിലെ ഉദ്യോഗസ്ഥർ തന്നോടൊപ്പം ഏറെ പാട് പെട്ടെന്നും, എന്റെ ഉമ്മയായി കാണുന്നെന്ന് പറഞ്ഞു ഭക്ഷണത്തിനും വെള്ളത്തിനുമായി ഒരുദ്യോഗസ്ഥൻ നൂറ് സൗദി റിയാൽ നൽകിയെന്നും റഹ്മത്തുന്നീസ നനന്ദിയോടെ ഓർത്തു.
.
ഊരാക്കുരുക്കുകൾ അഴിഞ്ഞു യാത്ര വ്യാഴാഴ്ച യാത്ര സാധ്യമാകുമ്പോൾ റിയാദ് എയർപോർട്ടിലെ ഉദ്യോഗസ്ഥരുടെ നന്മ നിറഞ്ഞ പ്രവർത്തനവും ഇന്ത്യൻ എംബസിയുടെയും ശിഹാബ് കൊട്ടുകാടിന്റെയും സമയത്തുള്ള ഇടപെടലും പരിഹാരവും നന്ദിയോടെ ഓർത്താണ് റഹ്മത്തുന്നീസ റിയാദിൽ നിന്ന് യാത്ര തിരിച്ചത്. പാസ്സ്പോർട്ടോ പ്രധാന രേഖകളോ വെച്ച ബാഗ് ഒരു കരണവശാലയും ലെഗേജിൽ ഇടരുതെന്നും. ഉദ്യോഗസ്ഥർ നിർബന്ധിച്ചാൽ പ്രധാന യാത്ര രേഖകൾ എല്ലാം കയ്യിൽ സൂക്ഷിച്ചു വേണം ബാഗ് ലെഗേജിൽ ഇടേണ്ടതെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു. വിസിറ്റിങ് വിസയിൽ സൗദിയിലേക്ക് കുടുംബങ്ങൾ ഒഴുകുന്ന സമയമാണ് ഇക്കാര്യത്തിൽ അതീവ ശ്രദ്ദ പുലർത്തിയില്ലെങ്കിൽ ഇത്തരം പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഉണർത്തി. റഹ്മത്തുന്നീസയെ സഹായിക്കാൻ ഷിഹാബിനൊപ്പം ഷൈജു നിലമ്പൂർ,സാബു തോമസ് എന്നിവരുമുണ്ടായിരുന്നു.
.