UAE-യിൽ കനത്ത മഴ തുടരുന്നു, റൺവേയടക്കം വെള്ളത്തിൽ; തിരുവനന്തപുരത്തുനിന്നുള്ള 4 വിമാനസർവീസുകൾ കൂടി റദ്ദാക്കി – വീഡിയോ

യു.എ.ഇയിൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം, എയർ ഇന്ത്യ എക്സ്പ്രസ്, ഷാർജയിലേക്കുള്ള ഇൻഡിഗോ വിമാനം, എയർ അറേബ്യ എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. നേരത്തെ കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള നാല് വിമാനസർവീസുകൾ റദ്ദാക്കിയിരുന്നു. വിമാനങ്ങൾ റദ്ദാക്കിയതോടെ നിരവധി പ്രവാസികൾ വിമാനത്താവളങ്ങളിൽ കുടുങ്ങി.

സൌദിയിലേക്കുൾപ്പെടെ യുഎഇ വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് വിമാന കമ്പനികൾ അറിയിച്ചു. യാത്രക്ക് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പ് വരുത്തണമെന്നും കമ്പനികൾ ആവശ്യപ്പെട്ടു.

കനത്ത മഴയെതുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ അമ്പതോളം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. റണ്‍വേയിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ട നിലയിലാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വൈകീട്ടുവരെ ദുബായില്‍നിന്ന് പുറപ്പെടേണ്ട 21 വിമാനങ്ങളും ദുബായില്‍ ഇറങ്ങേണ്ട 24 ലേറെ വിമാനങ്ങളും റദ്ദാക്കിയിരുന്നു. അഞ്ച് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

.

ഫ്ളൈ ദുബായുടെയും എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെയും കൊച്ചി-ദുബായ് സര്‍വീസ്, ഇന്‍ഡിഗോ കൊച്ചി-ദോഹ സര്‍വീസ്, എയര്‍അറേബ്യയുടെ കൊച്ചി-ഷാര്‍ജ എന്നിവയായിരുന്നു നേരത്തെ റദ്ദാക്കിയ വിമാനങ്ങൾ. ഇതിന് പിന്നാലെയാണ് ഇപ്പോൾ തിരുവനന്തപുരത്തുനിന്നുള്ള വിമാനങ്ങളും സർവീസ് റദ്ദാക്കിയിരിക്കുന്നത്.

എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന സര്‍വീസുകളെല്ലാം ഇന്നലെ വൈകീട്ട് മുതല്‍ മുടങ്ങി. പ്രതികൂല കാലാവസ്ഥയില്‍ സര്‍വീസ് റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്ന് ഇത്തിഹാദും എമിറേറ്റ്സും നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ 10 മണിവരെയുള്ള ഫ്ളൈദുബായ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നതായി കഴിഞ്ഞ ദിവസം രാത്രിതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. പ്രധാനമായും ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ക്കാണ് തടസ്സം നേരിട്ടത്.

 

 

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽനിന്ന് സർവീസ് നടത്തുന്ന എമിറേറ്റ്സ് എയർലൈൻസ് സർവീസ് പൂർണമായും നിർത്തിവെച്ചു. ബുധനാഴ്ച അർധരാത്രിവരെ ടെർമിനൽ മൂന്നിൽനിന്ന് ഉണ്ടാകില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ടെർമിനൽ രണ്ടിൽനിന്നും സർവീസ് നടത്തുന്ന ഫ്ലൈ ദുബായും സർവീസ് ഭാഗികമായി നിർത്തിവെച്ചിട്ടുണ്ട്.

 

 

ഷാർജ വിമാനത്താവളത്തിൽനിന്ന് കൂടുതലായും സർവീസ് നടത്തുന്ന എയർ അറേബ്യ എല്ലാ സർവീസുകളും താത്കാലികമായി നിർത്തിവെച്ചതായാണ് അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡുകളെല്ലാം വെള്ളംനിറഞ്ഞ നിറയിലാണ്. ദുബായിലെ അൽമഖ്തൂം വിമാനത്താവളവും പൂർണമായും വെള്ളത്തിലായതിനാൽ സർവീസ് നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ്. ദുബായ് മാൾ ഓഫ് എമിറേറ്റ്സിലും വെള്ളം കയറിയ നിലയിലാണ്.

 

1949-ന് ശേഷമുള്ള ഏറ്റവും കനത്ത മഴയാണ് യു.എ.ഇയിലേതെന്നാണ് വിവരം. ഗ്ലോബൽ വില്ലേജ് പൂർണ്ണമായും വെള്ളത്തിലാണ്. വലിയ നാശനഷ്ടമാണ് കണക്കാക്കുന്നത്.

.

 

Share
error: Content is protected !!