ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഗസ്സ: ഹമാസ് മേധാവി ഇസ്മായിൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ഷാതി അഭയാർഥി കാമ്പിലാണ് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. തന്‍റെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളും കൊല്ലപ്പെട്ടതായി ഇസ്മായിൽ ഹനിയ അൽ ജസീറയോട് സ്ഥിരീകരിച്ചു.
‘രക്തസാക്ഷികളായവരുടെ രക്തത്തിലൂടെയും മുറിവേറ്റവരുടെ വേദനയിലൂടെയും ഞങ്ങൾ പ്രത്യാശ സൃഷ്ടിക്കും. ഞങ്ങൾ ഭാവിയെ സൃഷ്ടിക്കും. ഞങ്ങളുടെ രാജ്യത്തിനും ജനതയ്ക്കും സ്വാതന്ത്രം നൽകും’ -ഇസ്മായിൽ ഹനിയ പറഞ്ഞു.
ഹസിം ഹനിയ, മകൾ അമൽ, ആമിർ ഹനിയ, മകൻ ഖാലിദ്, മകൾ റസാൻ, മുഹമ്മദ് ഹനിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ നേരത്തെ ഇസ്മായിൽ ഹനിയയുടെ നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹനിയയുടെ മക്കളും പേരക്കുട്ടികളും ഈദ് ദിനത്തിൽ ബന്ധുവീടുകൾ സന്ദർശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തെ പൈശാചികതയെന്ന് വിശേഷിപ്പിച്ച ഇസ്മായിൽ ഹനിയ, ബന്ധുക്കളെയും വീടുകളെയും ഇസ്രായേൽ ലക്ഷ്യംവെച്ചാലും ഫലസ്തീൻ നേതാക്കൾ പോരാട്ടത്തിൽ നിന്ന് പിൻവാങ്ങില്ലെന്നും പറഞ്ഞു.
.