പ്രവാസികളുടെ സ്വപ്നം തീരമടുക്കുന്നു; വിമാന ടിക്കറ്റ് കൊള്ളക്ക് പരിഹാരമാകും, ആദ്യഘട്ട ചർച്ച വിജയം, 10,000 രൂപക്ക് യാത്ര ചെയ്യാൻ നടപടികൾ തകൃതി
കോഴിക്കോട്: ഗൾഫ് യാത്രക്കാർക്ക് അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ കപ്പൽ സർവ്വീസൊരുക്കാൻ കേരള മാരിടൈം ബോർഡ്. ഗുജറാത്ത്, മഹാരാഷ്ട്ര ആസ്ഥാനമായുള്ള കപ്പൽ കമ്പനികളടക്കം മാരിടൈം ബോർഡിനെ താത്പര്യം അറിയിച്ചതോടെ തുടർനടപടികളും വേഗത്തിലായി. 1200 യാത്രക്കാരും കാർഗോ സൗകര്യവുമായി പതിനായിരം രൂപ നിരക്കിലാണ് മൂന്ന് ദിവസത്തെ യാത്ര സർവ്വീസ്.
.
മൂന്ന് പ്രമുഖ കമ്പനികൾ സർവീസ് നടത്താൻ തയ്യാറായതായി കേരള മാരിടൈം ബോർഡ് അറിയിച്ചു. ഇവുരമായി ഇന്ന് നടത്തിയ ആദ്യ ഘട്ട ചർച്ച സംതൃപ്തമായിരുന്നുവെന്നും ബോർഡ് വ്യക്തമാക്കി. കേരള മാരിടൈം ബോര്‍ഡ് വിളിച്ച യോഗത്തില്‍ കപ്പല്‍ കമ്പനികള്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയടക്കം ഈ മേഖലയിലുള്ള പ്രധാനികൾ പങ്കെടുത്തു. പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് തീരം അടുക്കുക.
.
ഏതൊക്കെ തരത്തിലുള്ള കപ്പലുകളാണ് യാത്ര നടത്തുക, ടിക്കറ്റ് നിരക്ക്, യാത്രാസമയം, തുറമുഖങ്ങളുടെ സൗകര്യം എന്നിവയടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് കപ്പല്‍ കമ്പനികള്‍ അറിയിച്ചു. ചര്‍ച്ചയ്ക്കുശേഷം സര്‍വീസ് ആരംഭിക്കാന്‍ സന്നദ്ധരാകുന്ന കപ്പല്‍ കമ്പനികള്‍ക്ക് ഏപ്രില്‍ 22 വരെ താത്പര്യപത്രം സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
.
പ്രവാസികള്‍ക്കു പുറമേ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും യാത്രാ കപ്പലിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായെത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ഇതും യാത്രാ കപ്പലുകള്‍ക്ക് ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്. വിമാന യാത്രയുടെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കപ്പല്‍യാത്രാ നിരക്ക് കുറവായിരിക്കുമെന്ന് മാരിടൈം ബോര്‍ഡ് അധികൃതര്‍ അവകാശപ്പെട്ടു.
.
ഉത്സവ സീസണുകളിൽ അരലക്ഷവും, മുക്കാൽ ലക്ഷവും കടക്കുന്ന വിമാന നിരക്ക്. പണം നൽകിയാലും ടിക്കറ്റ് കിട്ടാത്ത അവസ്ഥ. ഗൾഫ് മേഖലയിലെ ഇടത്തരം ജോലിക്കാർക്ക് ആഘോഷ ദിവസങ്ങളിൽ നാട്ടിലെത്തുക സ്വപ്നം മാത്രമാകുന്നതും പതിവാണ്. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതും മറ്റൊരു പ്രതിസന്ധിയായി. ഇതിൽ പരിഹാരം വേണമെന്ന ലക്ഷ്യത്തിലാണ് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിച്ചത്. സാധ്യത മനസ്സിലാക്കിയ കേരള മാരിടൈം ബോർഡ് തുടർനടപടികൾ വേഗത്തിലാക്കുകയാണ്.
സർവ്വീസ് നടത്താൻ തയ്യാറായി ഗുജറാത്ത് മാരിടൈം ബോർഡ് വഴി മാത്രം നാല് കപ്പൽ കമ്പനികളെത്തി. സംസ്ഥാനത്തും, ബോംബെ ആസ്ഥാനമായവയും ഉൾപ്പെടെ നിരവധി കമ്പനികൾ മാരിടൈം ബോർഡിനെ സമീപിച്ചു. മൂന്ന് മുതൽ നാല് ദിവസം വരെയാണ് യാത്ര സമയം. പരമാവധി പതിനായിരം രൂപയിൽ ടിക്കറ്റ് ഉറപ്പാക്കാനായാൽ കുടുംബങ്ങൾക്കും ആശ്വാസമാകും. കാർഗോ സർവ്വീസിന്‍റെ സാധ്യത വികസന മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴി വയ്ക്കും. തുടർയോഗങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനായാൽ അടുത്ത ഉത്സവ സീസണോടെ സർവ്വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
.