പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം; റമദാനിലെ ആദ്യ പത്ത് ദിവസത്തിനുളളിൽ ലഭിച്ചത് 229 പരാതികൾ

ദമ്മാം: പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ 229 പരാതികൾ ലഭിച്ചതായി ഇസ്ലാമിക് അഫയേഴ്‌സ്, കോൾ, ഗൈഡൻസ് മന്ത്രാലയം വ്യക്തമാക്കി. റമദാനിലെ ആദ്യ പത്ത് ദിവസത്തിനിടെയാണ് ഇത്രെയും പരാതികൾ മന്ത്രാലയത്തിന് ലഭിച്ചത്. ബാങ്കിനും ഇഖാമത്തിനും അല്ലാതെ പള്ളികളിലെ ഉച്ചഭാഷിണികൾ പുറത്തേക്ക് ഉപയോഗിക്കരുതെന്ന് മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു. ഈ നിയന്ത്രണം പാലിക്കാത്തതിനെ തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്നായി മന്ത്രാലയത്തിന് പരാതി ലഭിക്കുകയായിരുന്നു. കൂടാതെ അറ്റകുറ്റപ്പണികളിലെയും ശുചീകരണ സേവനങ്ങളിലെയും പോരായ്മകളെ കുറിച്ചും പരാതി ലഭിച്ചിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 1933 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.

ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് മന്ത്രാലയം നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, ബാങ്കിനും  ഇഖാമത്തിനുമല്ലാതെ പള്ളികളിൽ നിന്ന് പുറത്തേക്ക് ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല. മാത്രവുമല്ല ഇവയുടെ ശബ്ദം മൂന്നിലൊന്നിൽ അധികമാകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

റമദാൻ മാസത്തിൻ്റെ ആരംഭം മുതൽ പള്ളികളിൽ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. നിർബന്ധിത പ്രാർത്ഥനാ സമയങ്ങൾ മസ്ജിദ് ജീവനക്കാർ കൃത്യമായി പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. തറാവീഹ് നമസ്കാരങ്ങളുടെ ദൈർഘ്യം കുറക്കാനും നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കൂടാതെ പള്ളികളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനും ശൌചാലയമുൾപ്പെടെ വൃത്തിയിൽ നിലനിർത്താനും നിർദ്ദേശമുണ്ടായിരുന്നു. ഇവയൊക്കെ നിരീക്ഷണങ്ങളിൽ പരിശോധിക്കുന്നുണ്ട്.

തറാവീഹ് നമസ്‌കാരത്തിന് മുമ്പും ശേഷവും ശേഷവും വിശ്വാസികളെ നിരീക്ഷിക്കുന്നുണ്ട്.  വിശ്വാസികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനായി ഗേറ്റുകളിൽ തിരക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കൂടാതെ പ്രത്യേക ആവശ്യക്കാർക്കും പ്രായമായവർക്കും പള്ളികളിൽ പ്രത്യേക സ്ഥലങ്ങൾ ഒരുക്കണം. നിർബന്ധ നമസ്കാരങ്ങളിലും തറാവീഹ് നമസ്കാരങ്ങളിലും അവർക്ക് ഇരിപ്പിടങ്ങൾ നൽകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

.

Share
error: Content is protected !!