ഇൻസ്റ്റഗ്രാം, ടെലിഗ്രാം ചാറ്റിലൂടെ ടാസ്കുകൾ; ആതിരക്ക് നഷ്ടം 29 ലക്ഷം, യുവാവ് പിടിയിൽ
കോഴിക്കോട്: ഓൺലൈൻ തട്ടിപ്പ് സംഘത്തിൽപ്പെട്ട ഒരാൾ പിടിയിൽ. മുക്കം മലാംകുന്ന് ജിഷ്ണുവിനെയാണ് (20) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവയിൽ വരുന്ന ലിങ്കുകളിലൂടെ ചാറ്റ് ചെയ്ത് വിവിധ ടാസ്കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാമെന്നു പറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി അതിലേക്ക് പണം അയപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്.
ഇങ്ങിനെ 29 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പിനിരയായ ആതിരയുടെ പരാതി പ്രകാരം ചേവായൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെയാണു ടാസ്ക് നൽകിയുള്ള തട്ടിപ്പിന്റെ വിശദാംശങ്ങൾ പൊലീസിനു ലഭിച്ചത്. തട്ടിപ്പിൽനിന്നു ലഭിക്കുന്ന പണം പലരുടെ അക്കൗണ്ടിലായാണ് നിക്ഷേപിച്ചിരുന്നത്. സ്വന്തം അക്കൗണ്ടിൽ കണക്കിൽ കൂടുതൽ പണം വന്നാൽ പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നു കണ്ടാണു പലരുടെ അക്കൗണ്ടിലേക്കു പണം മാറ്റിയിരുന്നത്. ഇത്തരത്തിൽ പണം സൂക്ഷിക്കുന്നവർക്കു പ്രതിഫലം നൽകിയിരുന്നു.