തൊഴിലാളികളുടെ ഇൻഷൂറൻസ് കുടിശ്ശിക പിഴയില്ലാതെ അടക്കാൻ ആറ് മാസം അനുവദിച്ച് ഗോസി; തൊഴിലാളികൾക്ക് ലഭിക്കുന്ന ഗോസി ആനൂകൂല്യങ്ങൾ എന്തൊക്കെ എന്നറിയാം
സൌദിയിൽ സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും പിഴ കൂടാതെ കുടിശ്ശിക അടച്ച് തീർക്കാൻ ഗോസി അവസരമൊരുക്കി. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിലേക്ക് അടക്കാനുള്ള കുടിശ്ശിക അടക്കുന്നതിൽ വീഴ്ച വരുത്തിയ നിരവധി സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും ഗോസി നേരത്തെെ പിഴ ചുമത്തിയിരുന്നു. ഇവർക്ക് പിഴ കൂടാതെ കുടിശ്ശിക മാത്രം അടച്ച് തീർക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഗോസി പ്രഖ്യാപിച്ചിട്ടുള്ളത്.
2024 മാർച്ച് 3 മുതൽ ആനുകൂല്യം പ്രാബല്യത്തിൽ വരും. ആറ് മാസം വരെയാണ് ഈ ഇളവ് ലഭിക്കുക. ഈ കാലയളവിൽ പിഴയില്ലാതെ കുടിശ്ശിക അടച്ച് തീർക്കാം. ഇൻഷൂറൻസ് പങ്കാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചതെന്ന് ഗോസി അറിയിച്ചു.
തൊഴിലാളികൾക്ക് വേണ്ടിയുള്ള സോഷ്യൽ ഇൻഷൂറൻസിനായി തൊഴിലുടമയാണ് ഗോസിയിലേക്ക് വിഹിതം അടക്കേണ്ടത്. വിദേശികളായി തൊഴിലാളികളുടെ വേതനത്തിൻ്റെ രണ്ട് ശതമാനവും, സ്വദേശികളായ തൊഴിലാളികളുടെ വേതനത്തിൻ്റെ 9 ശതമാനവുമാണ് തൊഴിലുടമ എല്ലാ മാസവും അടക്കേണ്ട വിഹിതം. എന്നാൽ ഇത് കൃത്യ സമയത്ത് അടക്കാതെ വിഴ്ചവരുത്തുക വഴി പിഴ ചുമത്തപ്പെട്ട എല്ലാ തൊഴിലുടമകളും സ്ഥാപനങ്ങളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നന് ഗോസി ആവശ്യപ്പെട്ടു. ഗോസി ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഓണ്ലൈനായി കുടിശ്ശിക പരിശോധിക്കാനും സൌകര്യമൊരുക്കിയിട്ടുണ്ട്.
ഗോസിയിൽ നിന്നും വിദേശികളായ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ?
തൊഴിലാളികൾക്ക് ജോലി സ്ഥലത്ത് വെച്ചുണ്ടാകുന്ന അപകടം, ജോലി സ്ഥലത്തേക്ക് വരുമ്പോഴും തിരിച്ച് പോകുമ്പോഴും സംഭവിക്കുന്ന അപകടങ്ങൾ, ജോലി ചെയ്യാനാകാത്ത വിധം പരിക്ക് പറ്റി നാട്ടിലേക്ക് മടങ്ങുന്നവർ, ജോലിക്കിടയിലുണ്ടാകുന്ന അപകടത്തിന് ചികിത്സ തേടൽ തുടങ്ങി നിരവധി സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് വൻ തുക ഗോസിയിൽ നിന്ന് ഇൻഷൂറൻസ് ആനൂകൂല്യം ലഭിക്കാൻ അർഹതയുണ്ട്.
ഒരു ജീവനക്കാരനെ GOSI-യിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ജോലിയുടെ ആദ്യ ദിവസം മുതൽ ഇൻഷൂറൻസ് കവറേജ് ആരംഭിക്കുന്നു. ഇതിനർത്ഥം ജീവനക്കാർ എത്ര കാലം ജോലി ചെയ്തിട്ടുണ്ടെങ്കിലും, ജോലി തുടങ്ങുന്ന ദിവസം മുതൽ സോഷ്യൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്നാണ്.
വികലാംഗ പെൻഷനുകൾ, മരണ പെൻഷനുകൾ, വാർദ്ധക്യ പെൻഷനുകൾ എന്നിവ ഉൾപ്പെടെ ജീവനക്കാർക്ക് GOSI നിരവധി സാമൂഹിക ഇൻഷുറൻസ് ആനുകൂല്യങ്ങളാണ് നൽകി വരുന്നത്.
വൈകല്യം, മരണം, വാർദ്ധക്യകാല പെൻഷനുകൾ: ഒരു ജീവനക്കാരന് ജോലി സ്ഥലത്തെ അപകടം മൂലം അംഗവൈകല്യം, മരണം, അല്ലെങ്കിൽ ജോലിയിൽ നിന്ന് വിരമിക്കേണ്ടി വരിക എന്നീ സാഹചര്യങ്ങളിൽ, ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ജീവനക്കാരനോ അവരുടെ കുടുംബാംഗങ്ങൾക്കോ നൽകുന്നു.
തൊഴിൽ പരിക്കിൻ്റെ ഫലമായി സ്ഥിരമായ വൈകല്യമോ മരണമോ സംഭവിക്കുകയാണെങ്കിൽ, മൂന്ന് മാസത്തെ ശരാശരി ശമ്പളത്തിൻ്റെ അടിസ്ഥാനത്തിൽ 84 മാസത്തിന് തുല്യമായ തുക പരമാവധി 330,000 റിയാൽ വരെ ആനുകൂല്യമായി ലഭിക്കും.
മെഡിക്കൽ ആനുകൂല്യങ്ങൾ: പെൻഷനുകൾക്ക് പുറമെ യോഗ്യരായ ജീവനക്കാർക്ക് GOSI മെഡിക്കൽ ആനുകൂല്യങ്ങൾ നൽകുന്നു. സൌദിയിൽ GOSI-ക്ക് നിരവധി ആശുപത്രികളുമായി കരാറുകളുണ്ട്, അവിടെ തൊഴിൽപരമായ അപകടങ്ങൾ സംഭവിച്ചവർക്ക് അവർ പൂർണ്ണമായി സുഖം പ്രാപിക്കുന്നതുവരെ സമഗ്രമായ പരിചരണം നൽകുന്നു. ഈ ആനുകൂല്യങ്ങളിൽ മെഡിക്കൽ ചെലവുകൾ, ആശുപത്രിവാസം, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയ്ക്കുള്ള കവറേജ് ഉൾപ്പെടുന്നു. സാധാരണയുള്ള മെഡിക്കൽ ഇൻഷൂറൻസിൽ കവർ ചെയ്യാത്ത ചികിത്സകളും ഇവിടെ ലഭ്യമാണ്.
ഡെയ്‌ലി അലവൻസ് ആനുകൂല്യങ്ങൾ: ജോലിയിലിരിക്കെ അപകടം സംഭവിക്കുകവഴി താൽക്കാലികമായി ജോലിക്ക് പോകാൻ സാധിക്കാതെ വന്നാൽ, ആ വ്യക്തിക്ക് പ്രതിദിന അലവൻസിന് അർഹതയുണ്ട്. പരിക്കേറ്റയാളുടെ പ്രതിദിന വേതനത്തിൻ്റെ 100% വരെ ഡെയ്ലി അലവൻസായി ലഭിക്കും. GOSI യുടെ ചെലവിൽ രോഗിക്ക് ചികിത്സ ലഭിക്കുകയാണെങ്കിൽ, പരിക്കേറ്റ് ജോലിക്ക് വരാൻ സാധിക്കാത്ത ഓരോ ദിവസത്തിനും പരിക്കേറ്റ വ്യക്തിയുടെ ദിവസ വേതനത്തിൻ്റെ 75% പ്രതിദിന അലവൻസ് നൽകുന്നു. പരിക്കേറ്റത് മൂലം രോഗിയാകുകയോ, അസുഖ അവധിയിലോ ആണെങ്കിൽ മാത്രമേ ഈ നഷ്ടപരിഹാരം ലഭിക്കൂ.
അപ്പീൽ പ്രക്രിയ: ഒരു ജീവനക്കാരനോ തൊഴിലുടമയോ GOSI നൽകുന്ന ആനുകൂല്യത്തിൽ തൃപ്തനല്ലെങ്കിൽ അവർക്ക് ഒരു അപ്പീൽ ഫയൽ ചെയ്യാം. വ്യക്തികൾക്ക് അവരുടെ കേസുകൾ അവലോകനം ചെയ്യാനും തെറ്റായ തീരുമാനങ്ങൾ തിരുത്താനും അവസരം നൽകുന്നതിനാണ് അപ്പീൽ പ്രക്രിയ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഭാഗിക ശാശ്വത വൈകല്യ ആനുകൂല്യങ്ങൾ: ജോലിയിലിരിക്കെ ഒരു ജീവനക്കാരന് പരിക്കേറ്റാൽ അത് 50% മുതൽ 90% വരെ ഭാഗിക വൈകല്യത്തിന് കാരണമാകുന്നുവെങ്കിൽ, അവരുടെ വൈകല്യത്തിൻ്റെ അനുപാതത്തിന് തുല്യമായ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. പരിക്കേറ്റ വ്യക്തിക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്ന് മെഡിക്കൽ ബോർഡ് തീരുമാനിക്കുകയാണെങ്കിൽ അതിനാവശ്യമായ നഷ്ടപരിഹാരവും ലഭിക്കും.
പ്രത്യേകം ശ്രദ്ദിക്കുക:
1) GOSI-ക്ക് സ്വീകാര്യമായ ഒരു ന്യായീകരണം ഇല്ലെങ്കിൽ, യാത്ര, ഭവനം, മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിനുള്ള ഗ്രാൻ്റുകൾ എന്നിവയ്ക്കുള്ള ക്ലെയിമുകൾ ഒരു വർഷത്തിന് ശേഷം സ്വീകരിക്കില്ല. കൂടാതെ ആനുകൂല്യം ലഭിക്കുന്ന തീയതി മുതൽ അഞ്ച് വർഷത്തിന് ശേഷം അവശേഷിക്കുന്ന ആനുകൂല്യങ്ങൾക്കുള്ള ക്ലെയിമുകളും GOSI സ്വീകരിക്കില്ല.
അതിനാൽ ഏതെങ്കിലും പ്രവാസിക്ക് ജോലി സ്ഥലത്ത് സംഭവിക്കുന്ന അപകടങ്ങളുടെ ആനൂകൂല്യങ്ങൾ നേടാൻ തൊഴിലുടമ ശ്രമിച്ചില്ലെങ്കിൽ പരിക്കേറ്റ ആളുടെ സുഹൃത്തുക്കൾക്ക് പ്രസ്തുത തൊഴിലുടമയുമായി ബന്ധപ്പെട്ട് ആനൂകൂല്യങ്ങൾക്ക് അപേക്ഷ നൽകാൻ നിർബന്ധിപ്പിക്കാവുന്നതാണ്.
2) ജോലി സ്ഥലത്തെ അപകടം എന്നതിൽ ജോലി സ്ഥലത്തേക്ക് വരുമ്പോഴും, തിരിച്ച് പോകുമ്പോഴും സംഭവിക്കുന്ന അപകടങ്ങളും ഉൾപ്പെടും. കൂടാതെ ജോലി സമയത്തിനിടക്ക് ഭക്ഷണം കഴിക്കാൻ പോകുക, പ്രാർത്ഥനക്ക് പോകുക തുടങ്ങിയ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നതും, ആനൂകൂല്യങ്ങൾക്ക് അർഹതയുള്ളതുമാണ്.
സൗദി സർക്കാരിൻ്റെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (GOSI) ആണ് രാജ്യത്തെ സോഷ്യൽ ഇൻഷുറൻസിൻ്റെ മേൽനോട്ടം വഹിക്കുന്നത്. തൊഴിലുടമകൾ, ഇൻഷ്വർ ചെയ്ത കക്ഷികൾ, സർക്കാർ ഏജൻസികൾ എന്നിവയിൽ നിന്നുള്ള പതിനൊന്ന് ഡയറക്ടർമാരുടെ ഒരു ബോർഡ് GOSI യുടെ മേൽനോട്ടം വഹിക്കുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക


