രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഓടയിൽ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി പിടിയിൽ; കുഞ്ഞിനെ ഉപദ്രവിക്കാൻ നീക്കം, കരഞ്ഞപ്പോൾ വായ പൊത്തി, ബോധം മറഞ്ഞതോടെ ഓടയിൽ ഉപേക്ഷിച്ചു

തിരുവനന്തപുരം∙ പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.  ഇക്കഴിഞ്ഞ ഫെബ്രുവരി 19നു പുലർച്ചെയാണ് ബിഹാർ സ്വദേശികളുടെ
കുഞ്ഞിനെ കാണാതായത്. 20 മണിക്കൂറിനു ശേഷം കുഞ്ഞിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്.

പ്രതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വൈകുന്നേരം ആറിനു നടത്തുന്ന വാർത്താസമ്മേളനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ പുറത്തുവിടുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. ഇയാൾ മലയാളിയാണെന്നാണ് സൂചന. കഴിഞ്ഞ രണ്ടുദിവസമായി പ്രതിക്കു പിന്നാലെയായിരുന്നു അന്വേഷണസംഘം. ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. വാർത്താസമ്മേളനം നടത്തുന്നത് വരെ പ്രതിയെപ്പറ്റിയുള്ള വിശദാംശങ്ങൾ പുറത്തുവിടരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്തെ സിസിടിവികൾ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പ്രതിയെന്നാണ് സൂചന.

കുട്ടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞതോടെ ഇയാൾ വായ പൊത്തിപ്പിടിച്ചു. കുഞ്ഞിന്റെ ബോധം മറഞ്ഞതോടെയാണ് ഓടയിൽ ഉപേക്ഷിച്ചത്. ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ നടന്ന സംഭവമെന്ന നിലയിൽ കേരളമാകെ ശ്രദ്ധിച്ച സംഭവമായിരുന്നു രണ്ടു വയസുകാരിയുടെ തിരോധാനം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share