ടൂ വീലർ ടെസ്റ്റിന് കടുപ്പമേറും, കാർ ടെസ്റ്റിന് ‘H’ ഒഴിവാക്കും: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന് കൂടുതല്‍ നിയന്ത്രണങ്ങളും പരിഷ്ക്കാരങ്ങളും ഏർപ്പെടുത്തി ഉത്തരവിറങ്ങി. പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി.

ഡ്രൈവിങ് സ്കൂളിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം. പുതിയ രീതി നടപ്പിലാക്കുന്നതോടെ കാർ ടെസ്റ്റിന് നിലവിലുള്ള എച്ച് ഒഴിവാകുമെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറഞ്ഞു.

ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുള്ള വാഹനങ്ങള്‍ക്കും വൈദ്യുതവാഹനങ്ങള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദങ്ങൾ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കി. പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മിഷണര്‍ എസ്. ശ്രീജിത്ത് പുറത്തിറക്കി. മാറ്റങ്ങൾ മേയ് ഒന്ന് മുതൽ നിലവിൽ വരും.

 

പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റിന്‍റെ രൂപരേഖ

 

 

ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ നിർദേശങ്ങൾ

  • ഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിന് കാല്‍പ്പാദം കൊണ്ട് ഗിയര്‍ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളില്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിക്കണം. കൈകള്‍ കൊണ്ട് ഗിയര്‍ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങള്‍ കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ പാടില്ല.
  • മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് വാഹനഗതാഗതമുള്ള റോഡില്‍ നടത്തണം. ഗ്രൗണ്ടില്‍ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.
  • ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വര്‍ഷമാക്കി നിജപ്പെടുത്തി. നിലവില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ മെയ് ഒന്നിന് മുമ്പായി ഒഴിവാക്കി പകരം വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം.
  • ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുള്ള വാഹനങ്ങളോ വൈദ്യുതവാഹനങ്ങളോ ഉപയോഗിക്കാന്‍ പാടില്ല.
  • ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റില്‍ ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുത്തണം.
  • ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോഡ് ചെയ്യാനുള്ള ഡാഷ് ബോര്‍ഡ് ക്യാമറ, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് (വി.എല്‍.ടി.ഡി) എന്നിവ ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോഡ് ചെയ്ത മെമ്മറി കാര്‍ഡിലെ ഡാറ്റ എം.വി.ഐ. ഓഫീസ് കമ്പ്യൂട്ടറിലേക്ക് മാറ്റിയ ശേഷം കാര്‍ഡ് തിരികെ നല്‍കണം. ഡാറ്റ മൂന്ന് മാസത്തേക്ക് ഓഫീസില്‍ സൂക്ഷിക്കണം.
  • ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ചേര്‍ന്ന് പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇതില്‍ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തേ പരാജയപ്പെട്ട അപേക്ഷകരുമാകും. പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം പത്തില്‍ കുറവാണെങ്കില്‍ കുറവുവരുന്ന എണ്ണം നേരത്തേ അപേക്ഷിച്ച് ടെസ്റ്റിന് ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്ക് മുന്‍ഗണന പ്രകാരം നല്‍കാം. 30-ല്‍ കൂടുതല്‍ ടെസ്റ്റ് ഒരു ദിവസം നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകും.
  • ലേണേഴ്‌സ് ടെസ്റ്റിന് അനുവദിക്കാവുന്നവരുടെ എണ്ണം ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി നിജപ്പെടുത്തണം.
  • ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ട്രാക്കില്‍ നടക്കുന്ന ഇടങ്ങളില്‍ ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാക്കില്‍ പരിശോധിക്കണം.
  • കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ സംസ്ഥാന സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബോര്‍ഡുകളോ അംഗീകാരം നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന മോട്ടോര്‍ മെക്കാനിക്ക് അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ മാത്രമേ ഡ്രൈവിങ് സ്‌കൂളുകളില്‍ പരിശീലനം നല്‍കാന്‍ പാടുള്ളൂ.
  • ഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!