സൗദിയിൽ ടാക്‌സികളെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറകൾ
റിയാദ്: ഇക്കഴിഞ്ഞ ഡിസംബറിൽ റിയാദിൽ ആരംഭിച്ച ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സിസ്റ്റം രാജ്യവ്യാപകമായി ഉടൻ പ്രവർത്തിച്ച് തുടങ്ങുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. റോഡിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ക്യാമറകൾ അതിലൂടെ കടന്ന് പോകുന്ന ടാക്സികളുടെ നമ്പർ പ്ലേറ്റ് ഒപ്പിയെടുക്കും. ഇത് ഉടൻ തന്നെ ട്രാഫിക് വിഭാഗത്തിലേക്ക് ഓണ്ലൈനായി സ്വയം ട്രാൻസ്ഫർ ചെയ്യും. ട്രാഫിക് വിഭാഗത്തിലെ സിസ്റ്റം ഉടനെ വാഹനത്തിൻ്റെ രേഖകൾ പരിശോധിക്കും.
വാഹനത്തിൻ്റെ ഫഹസോ, ഇൻഷൂറൻസോ കാലാവധി കഴിഞ്ഞതാണെന്ന് ഓട്ടോമാറ്റിക്ക് പരിശോധനയിലൂടെ തെളിഞ്ഞാൽ ഉടനെ പിഴയടക്കാനുള്ള സന്ദേശമെത്തും. ടാക്‌സിയിലെ ഡ്രൈവറുടെ ലൈസൻസോ, രേഖകളോ കാലാവധി കഴിഞ്ഞതാണെങ്കിലും പിഴയടക്കാനുള്ള സന്ദേശമെത്തും. ഡിസംബർ 5ന് റിയാദിലാണ് പദ്ധതിക്ക് തുടക്കമായത്. മാർച്ച് 13 മുതൽ രാജ്യത്തെല്ലായിടത്തും ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സിസ്റ്റം എന്ന ഈ സ്വയം നിരീക്ഷണ സംവിധാനം പ്രവർത്തിച്ച് തുടങ്ങും. താമസിയാതെ ബസുകളിലേക്കും, ട്രക്കുകളിലേക്കും നിരീക്ഷണ സംവിധാനം വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.