പൗരത്വഭേദഗതി നിയമം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ; സംസ്ഥാനങ്ങളെ മറികടക്കാൻ പോർട്ടൽ

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും. പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ നിലവിൽ വരുമെന്നും കേന്ദ്ര സർക്കാരിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈനായിരിക്കും. പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരിൽനിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

2019 ഡിസംബറിലാണ് പൗരത്വഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നിരുന്നു. നിയമം പാസാക്കി നാല് വർഷമായിട്ടും സി.എ.എക്കായുള്ള ചടങ്ങൾ കൊണ്ടുവരാൻ കേന്ദ്രത്തിന് കഴിഞ്ഞിരുന്നില്ല. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാവില്ല.

2014 ഡിസംബർ 31-ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് മതപരമായ പീഡനത്തെ തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർക്കാണ് പൗരത്വഭേദഗതി നിയമപ്രകാരം പൗരത്വം ലഭിക്കുക. എന്നാൽ 2014-ന് ശേഷവും ഇന്ത്യയിൽ എത്തിയവർക്ക് സി.എ.എയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിച്ച് വരികയാണ്.

 

സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടക്കാൻ പോർട്ടൽ

സിഎഎ നടപ്പാക്കില്ലെന്ന് കേരളവും, ബംഗാളും ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇതിനായി പ്രത്യേക പോര്‍ട്ടൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കും. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍ നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

സി.എ.എ. നടപ്പാക്കുന്നതിന് എതിരെ പ്രതിപക്ഷ സംഘടനകളും, വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്ലിം ലീഗ് ഉൾപ്പടെ നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!