‘നെതന്യാഹു നല്ല സുഹൃത്ത്, പക്ഷേ ഗാസയിൽ വകതിരിവില്ലാത്ത ബോംബാക്രമണമെന്ന് ജോ ബൈഡൻ’; വെടി നിർത്തൽ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ, ഇസ്രയേലിന് ആഗോള പിന്തുണ നഷ്ടപ്പെടുന്നു

ഗാസയിലെ  ഇസ്രയേൽ സൈനിക നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വകതിരിവില്ലാതെ ബോംബാക്രമണം നടത്തുന്നതിലൂടെ ഇസ്രയേലിന് ആഗോള പിന്തുണ നഷ്ടപ്പെടുമെന്ന് ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി. ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര തലത്തിൽ ഇസ്രയേലിന് പിന്തുണ കുറയുന്നതായി ബൈഡൻ ചൂണ്ടിക്കാട്ടി. നേരത്തെ, ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിൽ പിന്തുണയുമായി യുഎസ് രംഗത്തുവന്നിരുന്നു.

ഹമാസിന് തിരിച്ചടി നൽകുന്നതിൽ തെറ്റില്ല. എന്നാല്‍ ഫലസ്തീനിലെ നിരപരാധികളെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. നിലവിലെ സംഭവവികാസങ്ങളെ രണ്ടാംലോകയുദ്ധ കാലത്തെ സഖ്യങ്ങളുമായി ഇസ്രയേൽ താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. ഇനിയും അത്തരമൊരു യുദ്ധം സംഭവിക്കാതിരിക്കാനാണ് രാജ്യാന്തര സംഘടനകൾ സ്ഥാപിച്ചിരിക്കുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം യുഎസ് തെറ്റുകൾ ചെയ്തു. നെതന്യാഹു നല്ല സുഹൃത്താണ്. എന്നാൽ അദ്ദേഹം ഇപ്പോഴത്തെ സമീപനത്തിൽ മാറ്റം വരുത്തണമെന്നും ബൈഡൻ വ്യക്തമാക്കി.

ഇസ്രയേലിന്റെ ആക്രമണത്തിൽ 18,400ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതിൽ ഭൂരിഭാഗവും സാധാരണ പൗരന്മാരാണ്. ബോംബ് ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കൊല്ലപ്പെടുന്നതിൽ നിരവധി രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അനുകൂലിച്ചു. പ്രമേയത്തെ യുഎസ് എതിർത്തു. ഇതിനു പിന്നാലെയാണ് ബൈഡൻ ഇസ്രയേൽ സൈനിക നടപടിയെ വിമർശിച്ച് രംഗത്തുവന്നത്.

ഗാസയിൽ വെടിനിർത്താനും ബന്ദികളെ വിട്ടയയ്ക്കാനും ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തിന് അനുകൂലമായാണ് ഇന്ത്യ വോട്ടുചെയ്ത്. ഇന്ത്യയ്ക്ക് പുറമെ അൾജീരിയ, ബഹ്‌റൈൻ , ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ചു. അതേ സമയം യുഎസ‌ും ഇസ്രയേലും ഉൾപ്പെടെ പത്ത് രാജ്യങ്ങളാണ് എതിർത്ത് വോട്ട് ചെയ്തത്. 23 രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

‘‘യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ടു ചെയ്യുകയാണ്. വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് ഗാസയിലുള്ളത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുകയാണ്. രാജ്യാന്തര മനുഷ്യാവകാശങ്ങൾ ഏതു സാഹചര്യത്തിലും സംരക്ഷിക്കേണ്ടതുണ്ട്. ഫലസ്തീനിയൻ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകരാജ്യം രൂപീകരിക്കേണ്ടതിനെക്കുറിച്ചും ചർച്ച നടത്തേണ്ടിയിരിക്കുന്നു’’ –യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. മേഖലയിലെ പ്രശ്നപരിഹാരത്തിനായി ‍രാജ്യാന്തര സമൂഹം ഒരുമിച്ച് മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു.

സമാനമായ മറ്റൊരു പ്രമേയം രക്ഷാസമിതിയിൽ യുഎസ് വീറ്റോ ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പൊതുസഭയിൽ വോട്ടെടുപ്പ് നടന്നത്. രക്ഷാസമിതിയിൽ നിരവധി അംഗരാജ്യങ്ങളുടെ പിന്തുണയോടെ യുഎഇയാണ് പ്രമേയം അവതരിപ്പിച്ചത്. യുഎസ് വീറ്റോ ചെയ്തതോടെ പ്രമേയം അസാധുവായി. പിന്നാലെയാണ് പൊതുസഭയിൽ അവതരിപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്. ഇതൊരു ചരിത്രദിനമാണെന്നും യുഎൻ പൊതുസഭയിൽനിന്നുള്ള ശക്തമാ സന്ദേശമാണെന്നും ഫലസ്തീനിയന്‍ പ്രതിനിധി റിയാദ് മൻസൂര്‍ പ്രതികരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!