മൊബൈല്‍ നഷ്ടപ്പെട്ടാലും മോഷ്ടിക്കപ്പെട്ടാലും ഇനി മുതൽ സേവനദാതാക്കളെ അറിയിക്കണം; പ്രത്യേക നിർദ്ദേശവുമായി അതോറിറ്റി
മൊബൈല്‍ ഫോണോ, സമാന ഉപകരണങ്ങളോ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ അക്കാര്യം ഉടൻ തന്നെ ടെലികോം സേവനദാതാക്കളെ അറിയിക്കണമെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ) പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ കസ്റ്റമര്‍ സര്‍വീസ് കോള്‍ സെന്ററുകള്‍, വെബ്‌സൈറ്റുകളിലെ തത്സമയ ചാറ്റ് സേവനങ്ങള്‍, മറ്റ് അനുബന്ധ ചാനലുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് യുഎഇ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
അധികാരികളെ അറിയിച്ചാല്‍ ഉടന്‍ തന്നെ പരാതിക്കാരന്റെ ഐഡന്റിറ്റി പരിശോധിച്ച് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തും. ഈ ഫോണിലേക്കുള്ള സേവനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് സേവന ദാതാവ് ഉപഭോക്താവിനോട് അഭിപ്രായം തേടും. ഉപഭോക്താവിന്റെ അനുമതിയോടെ സേവന ദാതാവ് അന്താരാഷ്ട്ര മൊബൈല്‍ ഉപകരണ ഐഡന്റിറ്റി (International Mobile Equipment Identity- IMEI) ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത ഉപകരണങ്ങളുടെ ഡാറ്റാബേസിലേക്ക് ഈ ഫോണിനെ ചേര്‍ക്കുകയും ചെയ്യും.
മൊബൈല്‍ ഫോണുകളുടെ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ എന്തുചെയ്യണമെന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് റെഗുലേറ്ററി അതോറിറ്റി ശ്രമിക്കുന്നതെന്ന് ടിഡിആര്‍എയിലെ ടെക്‌നോളജി ഡെവലപ്‌മെന്റ് അഫയേഴ്‌സ് ഡയറക്ടര്‍ സെയ്ഫ് ബിന്‍ ഗെലൈത പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യുന്നതിന് ലളിതമായ നടപടിക്രമങ്ങളാണുള്ളത്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഇലക്ട്രോണിക് സേവനങ്ങള്‍ വര്‍ധിച്ചതും ഭൂരിഭാഗം ഉപയോക്താക്കളും സാമ്പത്തിക ഇടപാടുകള്‍ക്കായി പ്രധാനമായും മൊബൈല്‍ ഫോണുകളെ ആശ്രയിക്കുന്നതും സേവന ആപ്ലിക്കേഷനുകള്‍ വര്‍ധിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
പരാതിപ്പെടുമ്പോള്‍ വ്യക്തിഗത ഐഡന്റിറ്റി, നഷ്ടം അല്ലെങ്കില്‍ മോഷണം സംഭവത്തിന്റെ സമയം, സ്ഥലം, ഉപകരണത്തിന്റെ സവിശേഷതകള്‍ എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.