സൌദിയില്‍ യഥാര്‍ഥത്തില്‍ കോവിഡ് കേസുകള്‍ കുറയുന്നുണ്ടോ? ആരോഗ്യ വിദഗ്ധന്‍ നല്കിയ മറുപടി ഇങ്ങിനെ
റിയാദ്: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോഴും കോവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം സൌദിയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതുസംബന്ധമായ ചോദ്യത്തിന് രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ദനായ മുഹമ്മദ് അല്‍ സിനാന് അഖ്ബാരിയ വാര്‍ത്താ ചാനലില്‍ പറഞ്ഞ മറുപടി ഇങ്ങിനെ. “സൈദ്ധാന്തികമായി പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കേസുകളുടെ എണ്ണം കുറയുന്നില്ല എന്നു കണ്ടെത്താനാകും. കോവിഡ് ലക്ഷണമുള്ളവരില്‍ പലരും പരിശോധന നടത്താത്തതാണ് പോസിറ്റീവ് കേസുകള്‍ കുറയാനുള്ള പ്രധാന കാരണം. ഗുരുതരാവസ്ഥയില്‍ ഉള്ളവരുടെ എണ്ണം കൂടുതലാണ് എന്നത് യഥാര്‍ത്ഥ കോവിഡ് രോഗികളുടെ എണ്ണവും കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്”.
രണ്ടാഴ്ച മുമ്പ് വരെ ദിവസം രണ്ട് ലക്ഷത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് ഒന്നര ലക്ഷത്തില്‍ താഴെയാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. 2.7 ശതമാനത്തോളമാണ് ഇപ്പോള്‍ ടി.പി.ആര്. ആരോഗ്യ മന്ത്രാലയത്തിന്റെ കുറ്റമറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൂലം കോവിഡ് കേസുകള്‍ വരും ദിവസങ്ങളില്‍ കുറയുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് അല്‍സിനാന്‍ പറഞ്ഞു.


