യു.എ.ഇ യിലെ സ്കൂളുകൾ ഓഫ്‌ലൈനിലേക്ക് മടങ്ങുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി മൂന്ന് മുതൽ ദുരന്തനിവാരണ അതോറിറ്റിയും വിദ്യഭ്യാസ വകുപ്പും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. അബൂദബിയിലെ സ്‌കൂളുകളിൽ തിങ്കളാഴ്ച മുതൽ സാധാരണപോലെ ക്ലാസ് റൂമുകളിലെ പഠനം ആരംഭിക്കും. ദുബൈയിലെ സ്‌കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ അബൂദബി, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ മൂന്ന് ആഴ്ചയോളമായി ഓൺലൈനിലാണ് പഠനം നടക്കുന്നത്. ചില ക്ലാസുകൾക്ക് മാത്രം കഴിഞ്ഞ ദിവസം സാധാരണ ക്ലാസുകൾക്ക് അനുമതി നൽകിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
കായികപഠനം, പഠനയാത്ര, കലാകായിക പരിപാടികൾ എന്നിവക്കാണ് ദുബൈയിലെ സ്കൂളുകൾക്ക് അനുമതി നൽകിയതെന്ന് വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകളും തുറക്കാൻ അനുവദിക്കും. സർവകലാശാലകൾ മുതൽ നഴ്‌സറികൾക്ക് വരെ ഈ ഇളവ് ലഭിക്കുന്നതാണ്.
ഈമാസം 31 മുതൽ മുഴുവൻ ക്ലാസുകളും ഓഫ് ലൈനിലേക്ക് മാറും. സാധാരണപോലെ വിദ്യാർഥികൾക്ക് നേരിട്ട് സ്‌കൂളിലെത്താം. അതേസമയം ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ആ രീതി തുടരാനും അനുവാദമുണ്ട്.