യുഎഇയില്‍ ബഹുനില താമസ കെട്ടിടത്തില്‍ തീപിടിത്തം; പുലര്‍ച്ചെ ഫയര്‍ അലാറം നിര്‍ത്താതെ മുഴങ്ങുന്നത് കേട്ട് ഉണര്‍ന്ന് 21 നിലകൾ ഓടിയിറങ്ങി – താമസക്കാർ
ദുബായ്: ഇന്ന് പുലര്‍ച്ചെ ദുബായിലെ സ്‌പോര്‍ട്‌സ് സിറ്റിയിലെ ഒരു റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടുത്തമുണ്ടായെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്ന് താമസക്കാര്‍. കെട്ടിടത്തില്‍ സിവില്‍ ഡിഫന്‍സ് വിഭാഗം ശീതീകരണ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം തിരികെ താമസത്തിനായി എത്താന്‍ കാത്തിരിക്കുകയാണിവര്‍. എല്ലാം ഇട്ടെറിഞ്ഞ് ജീവന്‍ കൈയിലേന്തി കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു.
എല്ലാവരും ഉറങ്ങിക്കിടക്കെയാണ് ബഹുനില കെട്ടിടത്തിലേക്ക് തീപടര്‍ന്നത്. പുലര്‍ച്ചെ 3.30ന് കെട്ടിടത്തിലെ ഫയര്‍ അലാറം നിര്‍ത്താതെ മുഴങ്ങുന്നത് കേട്ടാണ് ഉണര്‍ന്നതെന്ന് താമസക്കാരിലൊരാള്‍ പറഞ്ഞു. അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് ബഹളം കേട്ടപ്പോള്‍ ഭാര്യയെയും മൂന്ന് വയസ്സുള്ള മകനെയും വിളിച്ചുണര്‍ത്തി കോണിപ്പടിയിലേക്ക് കുതിച്ചു. ഫോണും താക്കോലും ഉള്ള ഒരു ബാഗ് മാത്രമാണെടുത്തത്. ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് മഹാഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫയര്‍ അലാറം കേട്ട് ഉണര്‍ന്ന് തന്റെ 17ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനലിലൂടെ നോക്കിയപ്പോള്‍ തീ ആളിപ്പടരുന്നത് കണ്ടതായി മറ്റൊരു താമസക്കാരന്‍ ജിഹാദ് പറഞ്ഞു. ഒരുവശം മുഴുവന്‍ തീപിടിച്ചതിനാല്‍ ഞാന്‍ പുറത്തേക്ക് ഓടി എന്റെ അയല്‍ക്കാരനെ ഉണര്‍ത്തി. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഞങ്ങള്‍ രണ്ടുപേരും പാര്‍ക്കിങിന്റെ നാല് നിലകള്‍ ഉള്‍പ്പെടെ ആകെ 21 നിലകള്‍ ഓടിയിറങ്ങുകയായിരുന്നു- ജിഹാദ് പറഞ്ഞു.
ഒഴിപ്പിക്കപ്പെട്ട താമസക്കാരില്‍ മിക്കവരും കുടുംബവുമൊന്നിച്ച് കാറിനുള്ളില്‍ മറ്റും കാത്തിരിക്കുകയാണ്. കത്തിപ്പോയ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ വലിയ ആധിയിലുമാണ്. പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരികെ അകത്തേക്ക് കയറി തീ വിഴുങ്ങാതെ ബാക്കിയായത് എന്തൊക്കെയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണിവര്‍. രേഖകളെങ്കിലും വീണ്ടെടുക്കാന്‍ കഴിയുമോ എന്ന് നോക്കാന്‍ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ്.
അല്‍ ബര്‍ഷ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ ആറ് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി രാവിലെ ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും രണ്ട് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നും സിവില്‍ ഡിഫന്‍സ് വിശദീകരിച്ചു.
പുലര്‍ച്ചെ 5.23ന് തീ നിയന്ത്രണവിധേയമാക്കുകയും ഒരു മണിക്കൂറിന് ശേഷം പൂര്‍ണമായും അണയ്ക്കുകയും ചെയ്തു. ശീതീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അതിനുശേഷം സ്ഥലം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുമെന്നും അഗ്‌നിശമനസേന അറിയിച്ചു. ബഹുനില ടവറിന്റെ ഒരുവശത്തുകൂടി തീ ആളിപ്പടരുന്നത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളിലും വീഡിയോകളിലും വ്യക്തമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക