പ്രാദേശികമായി നിര്‍മ്മിച്ച 540 കുപ്പി മദ്യവുമായി പ്രവാസികള്‍ പിടിയില്‍

കുവൈത്തില്‍ മദ്യം കൈവശം വെച്ച പ്രവാസികള്‍ പിടിയില്‍. 23 പ്രവാസികളെയാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഏഷ്യക്കാരാണ് അറസ്റ്റിലായത്.

പ്രാദേശികമായി നിര്‍മ്മിച്ച 540 കുപ്പി മദ്യമാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. ഒമ്പത് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഖൈത്താന്‍, മഹ്ബൂല, ഫഹാഹീല്‍, സാല്‍മിയ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് പ്രതികള്‍ അറസ്റ്റിലായത്. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

അതേസമയം കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. പൊതു ധാർമ്മികത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.

വിവിധ രാജ്യക്കാരായ പുരുഷന്മാരും സ്ത്രീകളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഹവല്ലി ഗവർണറേറ്റിലെയും സാൽമിയ, മഹ്‌ബൗല പ്രദേശങ്ങളിലും പണത്തിന് പകരമായി ഓണ്‍ലൈൻ സൈറ്റുകള്‍ ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് അറസ്റ്റിലായത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!