‘രാഷ്ട്രീയമില്ല, പ്രസക്തം കർഷകരുടെ വിഷയം, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’; വിശദീകരണവുമായി ജയസൂര്യ

കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവന്ന് നടന്‍ ജയസൂര്യ. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം പിടിച്ചു പറയുന്നതല്ലെന്നും കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും ജയസൂര്യ പറഞ്ഞു.

പരാമര്‍ശത്തിന്റെ പേരില്‍ തന്നെ ഇടത് വലത് ബിജെപി രാഷ്രീയവുമായി ബന്ധിക്കേണ്ടതില്ല. കളമശ്ശേരിയിലെ പരിപാടിയ്ക്ക് തന്നെ വിളിച്ചത് മന്ത്രി പി രാജീവാണ്. അവിടെ എത്തിയപ്പോഴാണ് കൃഷി മന്ത്രി ഉണ്ടെന്ന് പോലും അറിയുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഒന്നുകില്‍ മന്ത്രിയോട് നേരിട്ട് പറയാം. അല്ലെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പിടാം. പക്ഷേ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് അവിടെ പറഞ്ഞത്. തന്റേത് കര്‍ഷകപക്ഷമാ
ണ്. ആറ് മാസമായി പലര്‍ക്കും പണം കിട്ടിയിട്ടില്ല. അത് അനീതീതിയില്ലേ- ജയസൂര്യ ചോദിക്കുന്നു.

‘‘സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി ‍കൃഷികാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറു മാസത്തിലേറെക്കഴിഞ്ഞിട്ടും കർഷകർക്കു കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളെപ്പോലുള്ളവർ ഇത്തരം വിഷയങ്ങൾ ഉന്നയിക്കണം എന്നും കൃഷ്ണപ്രസാദ് പറയുമായിരുന്നു. കർഷകർ കഷ്ടപ്പെട്ടു വിളവിറക്കി കൊയ്തെടുത്ത നെല്ലിന് അതു സംഭരിച്ചശേഷം ആറു മാസമായിട്ടും പണം കൊടുക്കാത്തതു കടുത്ത അനീതിയായി തോന്നി. ആ നെല്ലു പുഴുങ്ങിക്കുത്തി അരിയായി വിപണിയിൽ എത്തിയിട്ടുണ്ടാകില്ലേ? എന്നിട്ടും എന്താണു പാവം കർഷകർ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ തിരുവോണത്തിനു പട്ടിണിസമരം നടത്തുന്നത്? നമ്മളെ ഊട്ടുന്നവർക്കു സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിനു പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണു ചൂണ്ടിക്കാട്ടിയത്.

അമേരിക്കയിലേക്കുള്ള ചില വെറൈറ്റി അരികളുടെ കയറ്റുമതി ഈയിടെ കേന്ദ്രം നിരോധിച്ചിരുന്നു. പുഴുങ്ങിക്കുത്തിയ അരിയുടെ കയറ്റുമതിക്കു 20% നികുതി ഏർപ്പെടുത്തിയതു കഴിഞ്ഞ ദിവസമാണ്. അരിയുടെ ലഭ്യത നാട്ടിൽ ഉറപ്പുവരുത്താനാണ് ഈ നടപടികളെന്നാണ് ഞാൻ മനസ്സിലാക്കിയത്. അപ്പോൾ അരിയുടെ പ്രാധാന്യം നമ്മുടെ സമൂഹത്തിൽ എത്രമാത്രം വലുതാണെന്നു പറയേണ്ടതില്ലല്ലോ. അപ്പോഴും നെല്ല് കൃഷിചെയ്യുന്നവരെ നമുക്കു വിലയില്ല.

പുതിയ തലമുറയ്ക്കു കൃഷിയോടു താൽപര്യമില്ലെന്നു കൃഷിമന്ത്രി തന്നെ പറഞ്ഞു. സ്കൂളുകളിൽ ആരാകണം എന്നു ചോദിക്കുമ്പോൾ ഡോക്ടറും എൻജിനീയറും ആകണം എന്നു പറയുന്ന കുട്ടികളെ നമുക്കു കുറ്റപ്പെടുത്താൻ കഴിയുമോ? കൃഷികൊണ്ടു പലപ്പോഴും ഒന്നു നിവർന്നു നിൽക്കാൻപോലും കഴിയാത്ത മാതാപിതാക്കളെ മാതൃകയാക്കി വീണ്ടും കടത്തിന്റെ കടുംചേറിലേക്കിറങ്ങാൻ എത്രപേർ സന്നദ്ധരാകും? തങ്ങളുടെ വിളകൾക്കു മികച്ച വിലയല്ല, ന്യായമായ വിലപോലും കിട്ടാത്ത സാഹചര്യമല്ലേ ഇപ്പോൾ.

പുറത്തേക്കു കയറ്റി അയയ്ക്കുന്നത് ഫസ്റ്റ് ക്ലാസ് അരിയാണ്. ഇവിടെ രണ്ടാംതരവും. നമുക്കു ഗുണപരിശോധനയില്ല എന്ന തീർപ്പിലാണ് ഇതെല്ലാം. കേരളത്തിലേക്കു വരുന്ന പച്ചക്കറികൾക്കു കൃത്യമായ ഗുണപരിശോധനാ സംവിധാനം പ്രായോഗികമായ രീതിയിലെങ്കിലും എവിടെയെങ്കിലും ഉണ്ടോ? ഓണത്തിനുവന്ന പച്ചക്കറികളിൽ രാസവിഷമാലിന്യത്തിന്റെ അളവുപരിശോധന എവിടെയെങ്കിലും നടന്നിട്ടുണ്ടോ? സംഘാടനത്തിലും കർഷകന്റെ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിലും ഏറെ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നു കളമശേരി കാർഷികമേള. ആ വേദിയിൽ ഞാൻ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയെന്നു കരുതി മേളയുടെ മാറ്റു കുറയുന്നില്ല. എല്ലാ മണ്ഡലങ്ങളിലും അത്തരം മികച്ച വേദികൾ കർഷകനായി ഒരുക്കണമെന്ന കാര്യത്തിലും സംശയമില്ല’’– ജയസൂര്യ പറഞ്ഞു.

കളമശ്ശേരിയില്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവത്തില്‍ സംസാരിക്കവെയാണ് കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയില്‍ ഇരുത്തികൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചത്. കൃഷിക്കാര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞു. സഹപ്രവര്‍ത്തകനും കര്‍ഷകനുമായ നടന്‍ കൃഷ്ണ പ്രസാദിന്റെ അടക്കം ദുരവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജയസൂര്യയുടെ പരാമര്‍ശം.

മന്ത്രി നായകനാണെങ്കിലും അറിയുന്നത് വൈകിയായിരിക്കും. സിനിമ പരാജയപ്പെട്ടാല്‍ ഏറ്റവും അവസാനം അറിയുക നായകനായിരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് ജയസൂര്യ കാര്യങ്ങള്‍ പറയുന്നത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. മന്ത്രിയെ നോക്കിത്തന്നെയായിരുന്നു വിമര്‍ശനം. ഓണത്തിന് പട്ടിണികിടക്കുന്ന മാതാപിതാക്കളെ കണ്ടാല്‍ എങ്ങനെയാണ് പുതുതലമുറ കൃഷിയിലേക്ക് വരിക എന്ന ചോദ്യവും ചോദിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയസൂര്യ ആവശ്യപ്പെടുന്നുണ്ട്.

ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനമാണ് സംസ്ഥാനത്ത് ആദ്യം വേണ്ടത് എന്നും ജയസൂര്യ ആവശ്യപ്പെടുന്നുണ്ട്. താന്‍ ഒരു സ്ഥലത്ത് പോയപ്പോള്‍ അവിടെ ഫസ്റ്റ് ക്വാളിറ്റി അരി ഉണ്ടായിരുന്നു. എന്നാല്‍ അത് കേരളത്തില്‍ വില്‍ക്കുന്നില്ല, പുറത്ത് കൊടുക്കുകയാണ് എന്നാണ് പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോള്‍ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ ഇല്ല എന്നായിരുന്നു മറുപടി എന്നും ജയസൂര്യ പറഞ്ഞു. ഗുണനിലവാര പരിശോധന ഇല്ലാത്തതുകൊണ്ട് തേര്‍ഡ് ക്വാളിറ്റി അരിയും വിഷം അടങ്ങിയ പച്ചക്കറികള്‍ കഴിക്കേണ്ട ഗതികേടിലാണ് നമ്മള്‍ ഇപ്പോള്‍ ഉള്ളത് എന്ന കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

‘പുതിയ തലമുറയിലുള്ള ചെറുപ്പക്കാര്‍ക്ക് വസ്ത്രത്തില്‍ ചെളിപുരളുന്നത് താത്പര്യമില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ മനസ്സിലാക്കേണ്ട കാര്യം, തിരുവോണ ദിവസം പട്ടിണികിടക്കുന്ന അച്ഛനേയും അമ്മയേയും കണ്ട് എങ്ങനെയാണ് കൃഷിയിലേക്ക് വീണ്ടും ഒരു തലമുറ വരുന്നത്. നല്ല രീതിയില്‍ കാര്യങ്ങളൊക്കെ നടന്ന്, ഒരു കൃഷിക്കാരന്‍ ആണെന്ന അഭിമാനത്തോടെ പറയാന്‍ പറ്റുന്ന രീതിയില്‍ അച്ഛനും അമ്മയും ഉണ്ട് എന്നത് ഉദാഹരണമായി കാണിക്കാന്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു പുതിയ തലമുറ അതിലേക്ക് എത്തുകയുള്ളൂ. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണം’ – ജയസൂര്യ പറഞ്ഞു.

‘തെറ്റിദ്ധരിക്കരുത്. ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. ചിലപ്പോള്‍ ഇതെല്ലാം അങ്ങയുടെ ചെവിയിലേക്ക് എത്താന്‍ സമയമെടുക്കും. അതുകൊണ്ട് മാത്രമാണ് ഇത് പറഞ്ഞത്. ഇവനിതൊക്കെ അകത്തിരുന്ന് പറഞ്ഞാല്‍ പോരെ എന്ന് അദ്ദേഹം വിചാരിക്കും. എന്നാല്‍ അകത്തിരുന്ന പറയുമ്പോള്‍, സാറ് കേള്‍ക്കുന്ന ഒരുപാട് പ്രശ്‌നങ്ങളില്‍ ഒരു പ്രശ്‌നം മാത്രമായി മാറും. ഇത്രയും പേരുടെ മുമ്പില്‍ വെച്ച് പറയുമ്പോള്‍ ഗുരുതരമായിത്തന്നെ വിഷയത്തെ എടുക്കും എന്ന് വിശ്വസിച്ചു കൊണ്ടാണ് ഇത് പറയുന്നത്’- ജയസൂര്യ പറഞ്ഞു.

എന്നാൽ ജയസൂര്യ ജനങ്ങളുടെ മുമ്പില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നുവെന്ന് കൃഷിമന്ത്രി പി. പ്രസാദ് വിമര്‍ശിച്ചു. അദ്ദേഹം നല്ല നടനാണ്. നടനെ ആദരവോടെ കാണുന്നു. എന്നാല്‍ പൊതുവേദിയില്‍ ജനങ്ങളുടെ മുമ്പാകെ അഭിനയിക്കേണ്ട കാര്യമില്ലായിരുന്നു. അത് കേവലമായ നാട്യം മാത്രമായി. അതിന്റെ പിന്നില്‍ തീര്‍ച്ചയായും അജന്‍ഡയുണ്ട്. അതിന്റെ പിന്നില്‍ നല്ല തിരക്കഥയുണ്ട്. പക്ഷേ റിലീസായ അന്നുതന്നെ പടം പൊട്ടിപ്പോയി.

മന്ത്രി പി. രാജീവ് വേദിയില്‍ വെച്ചുതന്നെ ജയസൂര്യയ്ക്ക് മറുപടിനല്‍കിയതാണ്. അത് മാധ്യമങ്ങള്‍ കാണിച്ചില്ല. നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദിന് പണം കിട്ടിയിട്ടില്ലെന്നാണ് ജയസൂര്യ പറഞ്ഞത്. താന്‍ കൃഷ്ണപ്രസാദിനെ നേരിട്ടുവിളിച്ചു. തന്റെ ഓഫീസില്‍നിന്ന് വിളിച്ചു. അദ്ദേഹം ഫോണെടുത്തില്ല. കൃഷ്ണപ്രസാദ് അടക്കമുള്ള കര്‍ഷകര്‍ക്കെല്ലാം മാസങ്ങള്‍ക്കുമുമ്പേ പണം കിട്ടിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എത്ര കാപട്യമാണ് രംഗത്തിറക്കുന്നത്.

ഓരോ കിലോ നെല്ലിനും 7.80 രൂപ കേരളം കൊടുക്കുകയാണ്. കേന്ദ്രവിഹിതം 20.40 രൂപയാണ്. സംസ്ഥാനസര്‍ക്കാര്‍ നല്‍കേണ്ട തുക മുഴുവന്‍ കര്‍ഷകര്‍ക്ക് അക്കൗണ്ടില്‍ നല്‍കിക്കഴിഞ്ഞു. കേന്ദ്രവിഹിതം വൈകിയ ഘട്ടത്തില്‍ ബാങ്കുകളില്‍നിന്ന് പണം പലിശയ്ക്ക് കടമെടുക്കുകയാണ്. ബാങ്കുകള്‍ നിഷേധാത്മകമായ സമീപനം സ്വീകരിച്ചതാണ് പ്രശ്നമായത്. ക്രിയാത്മകമായ ഇടപെടലിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പി. പ്രസാദ് പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

Share
error: Content is protected !!