കുവൈത്തിൽ ഫാമിലി വിസക്ക് ഭാഗിക അനുമതി; പ്രവാസികൾ പ്രതീക്ഷയിൽ

ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസികളായ മെഡിക്കൽ ജീവനക്കാർക്ക് ഫാമിലി വിസ ലഭിക്കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പച്ചക്കൊടി. ഭാര്യക്കും കുട്ടികൾക്കും വ്യവസ്ഥകളോടെ വിസ അനുവദിക്കുമെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ  പ്രവാസികള്‍ പ്രതീക്ഷയിലാണ്. പ്രവാസി മെഡിക്കൽ സ്റ്റാഫിന്റെ അടുത്ത കുടുംബാംഗങ്ങളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന ആരോഗ്യമന്ത്രി ഡോ അഹമ്മദ് അൽ അവാദിയുടെ അഭ്യർത്ഥന ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അംഗീകരിച്ചിട്ടുണ്ട്. 15 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കുമാണ് ഭാര്യയെ കൂടാതെ പ്രവേശനം അനുവദിക്കുക.

വിവിധ മേഖലകളിൽ രാജ്യത്തിന് ഏറ്റവും ആവശ്യമുള്ള വൈദഗ്ധ്യമുള്ളവരുടെ മടങ്ങിപ്പോക്കിനെ തടയാൻ ഈ തീരുമാനത്തിന് സാധിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് മെഡിക്കൽ സ്റ്റാഫ്, കൺസൾട്ടന്റുകൾ, അപൂർവ സ്പെഷ്യലൈസേഷൻ ഉള്ളവർ എന്നിവര്‍ക്ക് ഫാമിലി വിസ അനുവദിച്ചാല്‍ അവര്‍ക്ക് കുവൈത്തില്‍ തന്നെ തുടരാനാകും. എന്നാല്‍ വിസ അനുവദിക്കുന്നതിനെക്കുറിച്ചോ പുനരാരംഭിക്കുന്ന തീയതിയെക്കുറിച്ചോ ആഭ്യന്തര മന്ത്രാലയം ഒരു നിർദ്ദേശവും ഔദ്യോഗികമായി നൽകിയിട്ടില്ല.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!