ബാങ്കിൽ പണം നിക്ഷേപിച്ചയാൾ മരിച്ചാൽ ആ തുക കുടുംബത്തിന് കിട്ടുമോ? പ്രവാസികൾ മരിച്ചാൽ ബാങ്ക് നിക്ഷേപം കുടുംബത്തിന് ലഭിക്കുന്നത് എങ്ങിനെ? പുതുക്കിയ നിയമവും നൂലാമാലകളും
അവകാശിയെ (നോമിനി) വയ്ക്കാതെ ഇടപാടുകാരൻ മരിച്ചാൽ ബാങ്ക് നിക്ഷേപം ആർക്കു ലഭിക്കും? ബാങ്ക് ഇടപാടുകളിൽ പലപ്പോഴും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതാണ് ഇതു സംബന്ധിച്ച ചട്ടങ്ങൾ. അവകാശി (നോമിനേഷൻ) ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ അവകാശികൾക്ക് നൽകുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ആവശ്യമായ നിർദ്ദേശങ്ങൾ കാലാകാലങ്ങളിൽ ബാങ്കുകൾക്ക് നൽകുന്നുണ്ട്. ഇക്കാര്യത്തിൽ അവകാശികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയെന്നതാണ് ഈ നിർദ്ദേശങ്ങളുടെയെല്ലാം ഉദ്ദേശ്യം. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴും കടലാസുപണികളുടെ ആധിക്യവും മറ്റു നൂലാമാലകളും നിലനിൽക്കുന്നു എന്നതാണ് യാഥാർഥ്യം. നിക്ഷേപം അവകാശിക്ക് നൽകുന്നതു സംബന്ധിച്ച പൊതുവായ സംശയങ്ങൾക്കുള്ള മറുപടി ഇവിടെ.
? ബാങ്ക് ഇടപാടുകാരൻ മരിച്ചാൽ നിക്ഷേപം അവകാശിക്ക് ലഭിക്കുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്
∙ നിലവിലുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് ബാങ്കിന് ആവശ്യമായ രേഖകൾ എല്ലാം നൽകി കഴിഞ്ഞാൽ 15 ദിവസങ്ങൾക്കുള്ളിൽ അവകാശികൾക്ക് നിക്ഷേപം തിരിച്ചു നൽകണമെന്നുണ്ട്. ഈ 15 ദിവസത്തെ കാലാവധിക്കുള്ളിൽ നിക്ഷേപം തിരിച്ചു നൽകാൻ ബാങ്കുകൾക്ക് സാധാരണയായി കഴിയാറുണ്ട്.
ഇക്കാര്യത്തിലുള്ള യഥാർത്ഥ ബുദ്ധിമുട്ട് ഇതല്ല. ബാങ്കിന് ആവശ്യമായ രേഖകൾ തയ്യാറാക്കി നൽകുക എന്നതാണ്. ഓരോ ബാങ്കിനും ഇക്കാര്യത്തിൽ ഓരോ നയമാണുള്ളത്. നിക്ഷേപത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ചും മരിച്ച ഇടപാടുകാരുമായി അവകാശികൾക്കുള്ള ബന്ധമനുസരിച്ചും മരിച്ച ഇടപാടുകാരുടെ മതവിശ്വാസവും വ്യക്തിനിയമമനുസരിച്ചുമെല്ലാം അവകാശികളെ നിശ്ചയിക്കുന്നതിലും തയ്യാറേക്കേണ്ട രേഖകളിലുമെല്ലാം മാറ്റങ്ങൾ ഉണ്ടാകും.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
? നിക്ഷേപം അവകാശികൾക്ക് ലഭിക്കുന്നതിനായി പൊതുവേ ആവശ്യപ്പെടുന്ന രേഖകൾ ഏതൊക്കെയാണ്
∙ ചില ബാങ്കുകൾ മരിച്ചയാളിന്റെ വിൽപത്രമോ പിന്തുടർച്ചാ (സക്സഷൻ) സർട്ടിഫിക്കറ്റോ നിയമപരമായി ആവശ്യപ്പെടും. ചില ബാങ്കുകൾ ബന്ധുക്കളുടെ സർട്ടിഫിക്കറ്റ് ആവും ആവശ്യപ്പെടുന്നത്. ചെറിയ തുകകളാണെങ്കിൽ ജാമ്യ ഈടിനൊപ്പം (ഇൻഡെമിനിറ്റി – നഷ്ടോത്തരവാദ ജാമ്യ കച്ചീട്ട്) ഒന്നോ രണ്ടോ ജാമ്യക്കാരെയും നൽകിയാൽ മതിയാവാം. അനന്തരവാകാശ സർട്ടിഫിക്കറ്റ് (ലീഗൽ ഹെർഷിപ് സർട്ടിഫിക്കറ്റ്), മറ്റു ചിലപ്പോൾ ലെറ്റർ ഓഫ് അഡ്മിനിസ്ട്രേഷൻ, മരണസാക്ഷ്യപത്രം (പ്രൊബേറ്റ്) എന്നിങ്ങനെ ഓരോ ബാങ്കും ഓരോ അവസരത്തിലും രേഖകൾ ആവശ്യപ്പെടാം. ഈ രേഖകൾ ഒന്നും തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്നതല്ല. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, കോടതി എന്നിങ്ങനെയുള്ള ഇടങ്ങളിൽ നിന്നാണ് ഇവ ലഭിക്കുക. നാട്ടിൽ അന്വേഷണമോ, പത്ര പരസ്യമോ, ഗസറ്റ് പരസ്യമോ ഒക്കെ വേണ്ടി വന്നേക്കാം. ഇതിനെല്ലാം അതിന്റേതായ നടപടിക്രമങ്ങളും കാലതാമസവും ഉണ്ടാകും.
? വിദേശത്ത് വസിക്കുന്നയാളുടെ നാട്ടിലെ നിക്ഷേപം തിരിച്ചു കിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്
∙ വിദേശ ഇന്ത്യക്കാരുടെ നിക്ഷേപമാണ് ഇടപാടുകാരന്റെ മരണശേഷം തിരിച്ചു നൽകേണ്ടതെങ്കിൽ, മരണം സംഭവിച്ചത് വിദേശത്തു വെച്ചാണെങ്കിൽ, ഏതു രാജ്യത്തു വെച്ചാണോ മരിച്ചത് ആ രാജ്യത്തിലെ നോട്ടറി പബ്ലിക്, ഇന്ത്യൻ എംബസ്സി, ഇന്ത്യൻ ഹൈക്കമ്മിഷൻ എന്നിങ്ങനെയുള്ള ഓഫീസുകളിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി വാങ്ങണം. കൂടാതെ അവിടുത്തെ ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് നഷ്ടപരിഹാരം എന്നിവ തീർപ്പാക്കി ആ രേഖയും ഹാജരാക്കണം. ജോലിയിൽ ആയിരുന്നുവെങ്കിൽ ജോലിയുടെ അവകാശങ്ങളും ആനൂകൂല്യങ്ങളും തീർപ്പാക്കിയതിന്റെ രേഖകൾ കൂടി ആവശ്യപ്പെട്ടേക്കാം.
? കാണാതായ വ്യക്തികളുടെ നിക്ഷേപങ്ങൾ തിരികെ ലഭിക്കുന്നതിനുള്ള നടപടി എന്തൊക്കെയാണ്
∙ ദീർഘകാലമായി കാണാനില്ലാത്ത വ്യക്തികളുടെ (Missing persons) പേരിലുള്ള നിക്ഷേപങ്ങൾ, ബാങ്ക് ലോക്കർ എന്നിവ അവകാശികൾക്ക് ലഭിക്കുവാൻ കോടതിയെ സമീപിക്കാവുന്നതാണ്. ഇതിൽ തീരുമാനം എടുക്കുന്നത് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും. കാണാതായതു മുതൽ കുറഞ്ഞത് ഏഴു വർഷമെങ്കിലും കഴിഞ്ഞാൽ മാത്രമേ ഇത്തരം അപേക്ഷകൾ കോടതി പരിഗണിക്കുകയുള്ളൂ. നിക്ഷേപത്തിന്റെ കാര്യത്തിൽ മാത്രമല്ല, ബാങ്കിലെ സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ കാര്യത്തിലും ബാങ്കിന്റെ പക്കൽ വെച്ചിട്ടുള്ള രേഖകളുടെയോ മറ്റ് വസ്തുക്കളുടെയും കാര്യത്തിലായാലും നോമിനിയെ നിർദ്ദേശിക്കാത്ത ഇടപാടുകാരുടെ മരണശേഷം നടപടികൾ ഇത് തന്നെയാണ്. വായ്പയ്ക്ക് ഈട് നൽകിയിരിക്കുന്ന വസ്തുക്കളുടെ രേഖകൾ അവകാശികൾക്ക് ലഭിക്കുന്നതിനും മറ്റും ഈ നടപടികളിലൂടെ കടന്നു പോകേണ്ടതുണ്ട്.
? നിക്ഷേപങ്ങൾ തിരികെ നൽകുന്നതു സംബന്ധിച്ച് റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ എന്തൊക്കെയാണ്
∙ മരണസർട്ടിഫിക്കറ്റും അവകാശികളുടെ ഒരു ജാമ്യ ഈടും സഹിതം നിക്ഷേപം തിരിച്ചു നൽകാൻ കഴിയുമോ, അങ്ങനെയെങ്കിൽ എത്ര തുക വരെ നൽകാം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ബാങ്കുകൾ നയരൂപീകരണം നടത്തണമെന്നും ഇക്കാര്യത്തിലുള്ള ബുദ്ധിമുട്ടുകൾ എത്രയും ലഘൂകരിക്കാമോ അത്രയും കുറക്കണം എന്നാണ് റിസർവ് ബാങ്കിന്റെ നിർദ്ദേശം. റിസർവ് ബാങ്ക് 2005ലും 2007ലും 2008ലും ഇത് സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങൾ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്.
2006 ൽ പൊതു മാർഗരേഖയും (ഇന്ത്യൻ ബാങ്ക്സ് അസ്സോസിയേഷൻ മോഡൽ ഓപ്പറേഷനൽ പ്രോസിജർ) തയ്യാറാക്കി ബാങ്കുകൾക്ക് നൽകി. മരിച്ച നിക്ഷേപകരുടെ നിക്ഷേപം തീർപ്പാക്കുന്നതിന് ലളിതമായ അപേക്ഷാ ഫോമും നയങ്ങളും വേണമെന്ന് കേന്ദ്ര സർക്കാരും നിർദേശം നൽകി. അതനുസരിച്ച് ഇന്ത്യൻ ബാങ്ക്സ് അസ്സോസിയേഷൻ എല്ലാ ബാങ്കുകൾക്കും പൊതുവായ അപേക്ഷ ഫോം തയാറാക്കി നൽകി. മരിച്ചയാളിന്റെ പേരിലുള്ള നിക്ഷേപം തിരിച്ചു ലഭിക്കാനുള്ള നിബന്ധനകളും അപേക്ഷ ഫോമും ബാങ്കിന്റെ വെബ്‍സൈറ്റിൽ കൊടുക്കണം എന്ന് നിർദ്ദേശമുണ്ട്. അവകാശികൾക്ക് ബാങ്കിൽ പോകാതെ തന്നെ അപേക്ഷ തയ്യാറാക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണിത്.
? നിക്ഷേപം തിരികെ നൽകുന്നത് സംബന്ധിച്ച ബാങ്കുകളുടെ ശൈലി എന്താണ്?
∙ അവകാശികളെ വ്യക്തമായി നിശ്ചയിക്കാതെ മരിച്ചയാളിന്റെ പേരിലുള്ള നിക്ഷേപം തിരിച്ചു നൽകിയാൽ അത് സംബന്ധിച്ച് ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമപരവും അല്ലാത്തതുമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഇക്കാര്യത്തിൽ ബാങ്കുകൾ കൂടുതൽ ശ്രദ്ധ കാണിക്കുന്നത്. അതിനാൽ തന്നെ ലളിതമായ നടപടികളിൽ ഒതുക്കി നിർത്തി നിക്ഷേപം തിരിച്ചു നൽകുന്ന തീരുമാനം 5,000 മുതൽ 25,000 വരെയുള്ള നിക്ഷേപങ്ങളിൽ ഒതുക്കുകയാണ് ബാങ്കുകൾ പൊതുവെ ചെയ്തു കാണുന്നത്.
? ഇടപാടുകാരന്റെ മരണശേഷവും നിക്ഷേപത്തിന് പലിശ ലഭിക്കുമോ
∙ മരിച്ചയാളുടെ പേരിലുള്ളത് സ്ഥിരനിക്ഷേപമാണെങ്കിൽ, നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞാണ് അവകാശികൾക്ക് തുക നൽകുന്നതെങ്കിൽ നിക്ഷേപം തുടങ്ങിയ സമയത്തു നിശ്ചയിച്ചിട്ടുള്ള പലിശ നിരക്കിൽ തന്നെ കാലാവധി കഴിയുന്ന സമയം വരെ പലിശ നൽകും. കാലാവധി കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞാണ് തുക തിരിച്ചു നൽകുന്നത് അത്രയും സമയത്തിന് സ്ഥിരനിക്ഷേപത്തിന് അർഹമായ പലിശയും ലഭിക്കും.
കാലാവധിക്ക് മുൻപ് നിക്ഷേപം അവകാശികൾക്ക് തിരിച്ചു നൽകിയാലും അർഹമായ പലിശ നിരക്കിൽ നിന്ന് ഒന്നും കുറയ്ക്കുവാൻ പാടില്ല. സേവിങ്സ് ബാങ്ക് നിക്ഷേപമാണെങ്കിൽ തുക തിരിച്ചു നൽകുന്നത് വരെ സേവിങ്സ് ബാങ്ക് നിക്ഷേപത്തിന് അർഹമായ പലിശയാണ് ലഭിക്കുക. കറന്റ് അക്കൗണ്ടിലാണ് തുകയെങ്കിൽ ഇടപാടുകാരൻ മരിച്ച ദിവസം മുതൽ പണം അവകാശികൾക്ക് നൽകുന്ന ദിവസം വരെ സേവിങ്സ് ബാങ്ക് അക്കൗണ്ടിന് ആനുപാതികമായ പലിശ നൽകും.
? നിക്ഷേപങ്ങൾ തുടങ്ങുമ്പോൾ നിക്ഷേപകർ പൊതുവായി സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ്
∙ നോമിനിയെ വയ്ക്കാൻ കഴിയുന്ന കാര്യങ്ങളിലെല്ലാം നോമിനിയെ വയ്ക്കുക എന്നതാണ് ഇക്കാര്യത്തിൽ ഇടപാടുകാർ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബാങ്ക് നിക്ഷേപങ്ങൾക്ക് മാത്രമല്ല, സേഫ് ഡെപ്പോസിറ്റ് ലോക്കറിനും ബാങ്കിൽ വെക്കുന്ന സേഫ് കസ്റ്റഡി വസ്തുക്കൾക്കും നോമിനിയെ വയ്ക്കാവുന്നതാണ്. നോമിനേഷൻ നൽകുക എന്നത് വളരെ ലളിതമായ കാര്യമാണ്. നിക്ഷേപം തുടങ്ങുന്ന സമയത്ത് തന്നെ നോമിനിയെ വയ്ക്കുവാൻ കഴിയും. അതിന് ശേഷവും ഏതു സമയത്തും നോമിനിയെ വയ്ക്കുകയോ നിലവിലുള്ള നോമിനിയെ മാറ്റി മറ്റൊരാളെ നോമിനി ആയി വയ്ക്കുകയോ ചെയ്യാം. ബാങ്കിലെ എല്ലാ നിക്ഷേപങ്ങൾക്കും നോമിനിയെ വയ്ക്കുവാൻ ഇടപാടുകാരെ പ്രോത്സാഹിപ്പിക്കണമെന്ന് റിസർവ് ബാങ്ക്, ബാങ്കുകളെ ആവർത്തിച്ച് ഓർമപ്പെടുത്തുന്നു.
ബി.പി.കാനുൻഗോ കമ്മിറ്റി കഴിഞ്ഞ മാസം റിസർവ് ബാങ്കിന് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പുതിയതായി ബാങ്കിൽ വരുന്ന എല്ലാ നിക്ഷേപങ്ങൾക്കും നോമിനിയെ നിർബന്ധമായും വെച്ചിരിക്കണമെന്നും നിലവിൽ നോമിനി ഇല്ലാത്ത നിക്ഷേപങ്ങങ്ങളിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നോമിനിയെ ചേർക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ഇടപാടുകാരുടെ മരണം മൂലം കുടുംബത്തിനുണ്ടായ ദുഃഖവും വേദനയും മാറ്റാൻ കഴിയില്ലെങ്കിലും ബാങ്കിടപാട് സംബന്ധിച്ച് തുടർന്നുള്ള നടപടികൾ ആയാസരഹിതമാക്കുവാൻ കുടുംബത്തെ ആവും വിധം സഹായിക്കും എന്നാണ് ഇത് സംബന്ധിച്ച നയരേഖകളിൽ ബാങ്കുകൾ പറയുന്നത്.
(കടപ്പാട്: ബാബു കെ.എ, ബാങ്കിങ് വിദഗ്ധൻ, മനോരമ)
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക