ജീവനോടെ കെട്ടിത്തൂക്കി, വായില്‍ സെല്ലോടേപ്പ്; സുജിതയെ കൊന്നത് എന്തിന്? ദുരൂഹതകള്‍ ബാക്കി

മഞ്ചേരി: തുവ്വൂരില്‍ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ (35) കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സുജിതയുടെ കഴുത്തില്‍ പ്രതികള്‍ ആദ്യം കയര്‍കുരുക്കി ശ്വാസംമുട്ടിച്ചെന്നും പിന്നീട് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്രമം നടക്കുമ്പോള്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ സുജിതയുടെ വായ സെല്ലോടേപ്പ് ഉപയോഗിച്ച് മൂടിക്കെട്ടി. കുതറി മാറാതിരിക്കാന്‍ കൈകാലുകള്‍ ചേര്‍ത്തുകെട്ടിയതിന്റെ തെളിവുകള്‍ ശരീരത്തിലുണ്ട്. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ മര്‍ദനമേറ്റതിന്റെ പാടുകളൊന്നും കണ്ടെത്താനായില്ല.
സുജിത പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ലാബ് പരിശോധനാഫലം പുറത്തുവന്നാലേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. മഞ്ചേരി മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിശദമായ റിപ്പോര്‍ട്ട് പോലീസിന് കൈമാറി.

ഈമാസം 11-ന് കാണാതായ സുജിതയുടെ മൃതദേഹം തിങ്കളാഴ്ച രാത്രിയാണ് സുഹൃത്ത് വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയ വിഷ്ണുവും സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് ഷിഫാന്‍ എന്നിവരെയും വിവരം മറച്ചുവെച്ച അച്ഛന്‍ മുത്തുവിനെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

പ്രത്യേക അന്വേഷണസംഘം

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 17 പേരടങ്ങിയ പ്രത്യേകഅന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്.

 

കൊലപാതകക്കേസില്‍ അച്ഛനും മൂന്നു മക്കളും അറസ്റ്റിലായത് അപൂര്‍വസംഭവം

തുവ്വൂര്‍: ഒരു കൊലപാതകക്കേസില്‍ മൂന്ന് മക്കള്‍ക്കൊപ്പം അച്ഛനും പിടിയിലായത് അപൂര്‍വ സംഭവമാണെന്ന് പോലീസ് പറയുന്നത്. മാതോത്ത് മുത്തു, മക്കളായ വിഷ്ണു, വൈശാഖ്, വിവേക് എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് വ്യാഴാഴ്ച അപേക്ഷ സമര്‍പ്പിക്കും. തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണത്തിനും വേണ്ടിയാണിത്.

കൊലപാതക കാരണങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ വസ്തുതകള്‍ തെളിയേണ്ടതുണ്ട്. അഞ്ച് പ്രതികള്‍ ഉള്ളതിനാല്‍ തെളിവെടുപ്പ് പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ പ്രയാസമാണെന്നാണ് പോലീസ് പറയുന്നത്.

 

 

കൊന്നത് എന്തിന് ? ദുരൂഹതകള്‍ ബാക്കി

തുവ്വൂരില്‍ കാണാതായ പള്ളിപ്പറമ്പ് മാങ്കുത്ത് സുജിതയുടെ മൃതദേഹവും കൊന്ന് കുഴിച്ചുമൂടിയ പ്രതിക ളേയും കിട്ടിയെങ്കിലും ദുരൂഹതകള്‍ നീക്കാനായില്ല. തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരാണ് കൊലചെയ്യപ്പെട്ട സുജിതയും ഒന്നാം പ്രതി വിഷ്ണുവും. ഇവര്‍ക്കിടയില്‍ അമിതമായ അടുപ്പമോ ശത്രുതയോ ഉള്ളതായിട്ട് ആര്‍ക്കും അറിയില്ല. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതിരിക്കാന്‍ സുജിതയെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തി എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടം നല്‍കാനുള്ള തുക എത്രയാണെന്നുപോലും കണ്ടെത്താനായിട്ടില്ല.

കൊലപാതകത്തിലേക്കു നയിച്ച മറ്റു കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നാണ് ജില്ലാ പോലീസ് മേധാവി പറഞ്ഞത്. കടം തിരിച്ചുനല്‍കാതിരിക്കാന്‍ വേണ്ടിമാത്രം കൂട്ടുകാരിയെ കൊലപ്പെടുത്തിയെന്നത് പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. വിഷ്ണു മാത്രമല്ല അച്ഛന്റെ അറിവോടെ രണ്ട് സഹോദരങ്ങളും പുറത്തുനിന്ന് ഒരു സുഹൃത്തും കൃത്യം ചെയ്യാന്‍ വീട്ടില്‍ കാത്തുനിന്നു എന്നതിലും ദുരൂഹതയുണ്ട്. സുജിതയെ കൊല്ലണം എന്ന് മുന്‍കൂട്ടി നിശ്ചയിച്ചാണ് പ്രതികള്‍ പെരുമാറിയതെന്ന് വ്യക്തമാണ്.

കൊലപ്പെടുത്തിയശേഷമാണ് പ്രതികള്‍ ആഭരണങ്ങളെടുത്ത് വിറ്റത്. ആഭരണം കവരാന്‍ മാത്രം കൊലപാതകത്തിന് അച്ഛന്‍ ഉള്‍പ്പെടെ കൂട്ടുനില്‍ക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. സുജിതയും വിഷ്ണുവും തമ്മില്‍ വലിയ സാമ്പത്തിക ഇടപാടിന് സാധ്യതയില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കാണാതാകുന്നതിന് രണ്ടുദിവസം മുന്‍പുതന്നെ മാനസികമായി പ്രയാസം അനുഭവിക്കുന്നതായി സുജിത കൂട്ടുകാരോട് പറഞ്ഞതായി വിവരമുണ്ട്.

ഉപതിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ആഹ്ലാദപ്രകടനം നടക്കുമ്പോള്‍ സുജിത ഓഫീസിലുണ്ട്. ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് പഞ്ചായത്ത് ഓഫീസില്‍ നിന്നിറങ്ങിയത്. കൊലപ്പെടുത്തിയതായി പറയുന്ന അന്നുതന്നെ സുജിതയുടെ താലിമാല ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ തുവ്വൂരില്‍ തന്നെയാണ് വില്പന നടത്തിയത്. ആഭരണം വിറ്റത് കണ്ടെത്താനായി പ്രതികളിലേക്കെത്താന്‍ 10 ദിവസമെടുത്തു. എട്ടുപവനോളം സ്വര്‍ണം മാത്രമാണ് പ്രതികള്‍ കവര്‍ന്നത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

Share
error: Content is protected !!