RED ALERT..ഇന്നും ശക്തമായ മഴക്ക് സാധ്യത, ഹറമിലെത്തുന്നർക്ക് മുന്നറിയിപ്പ്; ചില സ്ഥലങ്ങളിൽ മഴ ആരംഭിച്ചു, കിഴക്കൻ മേഖലയിൽ ചൂട് വർധിക്കും – വീഡിയോ
സൌദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയുടെ ചില ഭാഗങ്ങളിൽ ഇന്നും ശക്തമായ മഴയും ആലിപ്പഴ വർഷവും കാറ്റും, പൊടിക്കാറ്റും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം കിഴക്കൻ മേഖലയിലും മധ്യമേഖലയിലും ചൂട് വർധിക്കാനാണ് സാധ്യത.
ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് (ബുധനാഴ്ച) രാത്രി 11 മണിവരെ മക്ക മേഖലയിലെ ത്വാഇഫ്, ആളാം, മൈസാൻ, (أضم وميسان والطائف) എന്നിവടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വെള്ളക്കെട്ടുകളിൽ നിന്ന് വിട്ട് നിൽക്കണമെന്നും താഴ് വരകളിലേക്ക് പോകരുതെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. ജനങ്ങൾ കഴയുന്നതും സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്നും സിവിൽ ഡിഫൻസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
മക്ക, മദീന, ജസാൻ, അസീർ, അൽ-ബാഹ, മദീന, തബൂക്ക്, നജ്റാൻ എന്നീ മേഖലകളുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മഴയും ആലിപ്പഴ വർഷവും മിന്നലും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.
ജിസാനിൽ ചില സ്ഥലങ്ങളിൽ മഴ ആരംഭിച്ചു.
#فيديو_واس | أمطار على منطقة جازان.#واس_عام pic.twitter.com/wOHgWCICdY
— واس العام (@SPAregions) August 23, 2023
മഴ ശക്തമാകുന്ന സാഹചര്യങ്ങളിൽ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഹറം പള്ളിയിലെത്തുന്ന വിശ്വാസികൾ മഴ പെയ്യുമ്പോൾ ക്ഷമിച്ചും പ്രാർത്ഥിച്ചും അവസരം ഉപയോഗപ്പെടുത്തണമെന്ന് ഹറം അതോറിറ്റി അഭ്യർഥിച്ചു. കൂടാതെ വീഴാൻ സാധ്യതയുള്ള ചരിവുകളിലൂടെയും സ്ലൈഡുകളിലൂടെയും ഇറങ്ങുന്നതും കയറുന്നതും വിശ്വാസികൾ ഒഴിവാക്കണം. കാൽ സ്ലീപ്പാവാൻ സാധ്യത ഇല്ലാത്ത പ്ലാസ്റ്റിക്ക് ചെരുപ്പുകൾ ഉപയോഗിക്കുക, കുട്ടികളെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കുക, മഴ വെള്ളവുമായി കുട്ടികളെ നേരിട്ട് സമ്പർക്കം പുലർത്താൻ അനുവദിക്കാതിരിക്കുക തുടങ്ങിയ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും ഹറം പള്ളിയിലെത്തുന്ന വിശ്വാസികളോട് ഹറം അതോറിറ്റി ഓർമ്മിപ്പിച്ചു.
ശക്തമായ മഴയുടെ പശ്ചാതലത്തിൽ ഇന്ന് മക്ക് വിദ്യാഭ്യാസ വകുപ്പ് നേരിട്ടുള്ള ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിച്ചു. മക്ക, ജമൂം, ബഹ്റ, അൽ-കാമിൽ എന്നിവിടങ്ങളിലാണ് ഇന്നത്തെ അധ്യായനം ഓണ്ലൈൻ വഴി ആക്കിയത്. ഫീൽഡ് പരിശോധനയിലൂടെ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശക്തമായ മഴക്കുള്ള സാധ്യത ഇന്നും നിലനിൽക്കുന്നതുമായ സാഹചര്യത്തിലാണ് നടപടി.
ചെങ്കടലിന് മുകളിലൂടെയുള്ള ഉപരിതല കാറ്റിൻ്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററിന് മുകളിലെത്തും. ഇത് മൂലം തിരമാലകളുടെ ഉയരും വർധിക്കുകയും ശക്തമായ കാറ്റ് വീശുകയും ചെയ്യും.
ഇന്നലെ ഉച്ചയോടെയാണ് മക്കയിലും പരിസരങ്ങളിലും മഴ പെയ്ത് തുടങ്ങിയത്. വൈകുന്നേരത്തോടെ ഇത് ശക്തിപ്രാപിച്ചു. പിന്നീട് റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്ന് അറിയിക്കുകയും ചെയ്തു. മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് ഇന്നലെയും നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
അതേ സമയം രാജ്യത്തിൻ്റെ കിഴക്കൻ, മധ്യ മേഖലകളുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും, പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യത ഏറെയാണ്. ചില പ്രദേശങ്ങളിൽ ചൂട് ശക്തിപ്രാപിക്കും. അൽ-അഹ്സയിലും ഹഫർ അൽ-ബാറ്റിനിലും താപനില 48 ഡിഗ്രി സെൽഷ്യസ് വരെയെത്തും.
കൂടാതെ ദമാം, അൽ-സമാൻ, റഫ എന്നിവിടങ്ങളിൽ 47 ഡിഗ്രി സെൽഷ്യസ്, മദീന, അറാർ, അൽ-ഉല, അൽ-ദഹ്ന 46 ഡിഗ്രി സെൽഷ്യസ് എന്നിങ്ങിനെയാണ് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന നഗരങ്ങളുടെ പട്ടിക.
മക്ക റിയാദ്, തബൂക്ക് എന്നിവിടങ്ങളിൽ താപനില 44 ഡിഗ്രിയിലും മദീന, അറാർ, അൽ-ഉല എന്നിവിടങ്ങളിൽ 46 ഡിഗ്രിയിലും ജിദ്ദയിൽ 40 ഡിഗ്രിയിലും അബഹയിൽ 29 ഡിഗ്രിയിലും എത്തും.
അതേസമയം അൽ-സൗദയിൽ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസും, അൽ വജ്ഹൂമിൽ ഉയർന്ന ഹ്യുമിഡിറ്റി 95% വും രേഖപ്പെടുത്തുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.