സുജിത കൊലപാതകം: ശ്വാസംമുട്ടിച്ചത് തലയണകൊണ്ട്; പൊലീസിനെ വഴിതെറ്റിക്കാൻ ഒളിച്ചോട്ടക്കഥ, അച്ഛനും മക്കളും പ്രതികള്‍, അമ്പരന്ന് നാട്ടുകാർ

മലപ്പുറം തുവ്വൂരില്‍ കാണാതായ യുവതിയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത് യുവതിയെ കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയ സുഹൃത്തായ യുവാവ് ഉള്‍പ്പെടെ അഞ്ചുപേര്‍. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജ്കുമാറിന്റെ ഭാര്യ സുജിതയെ (35) യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറിയായ സുഹൃത്ത് വിഷ്ണുവും സഹോദരങ്ങളുമടക്കം നാലുപേര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസ് പറഞ്ഞു.

തുവ്വൂര്‍ കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായ സുജിത പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കെന്നു പറഞ്ഞാണ് സംഭവദിവസം ഓഫീസില്‍നിന്നിറങ്ങിയത്. കടം വാങ്ങിയ പണം തിരികെ നല്‍കാമെന്നു പറഞ്ഞാണ് സുജിതയെ വിഷ്ണു (27) വീട്ടിലേക്കു വിളിച്ചുവരുത്തിയത്. ഇയാളും സഹോദരങ്ങളായ വൈശാഖ് (21), വിവേക് (20), സുഹൃത്ത് മൂന്നുകണ്ടന്‍ മുഹമ്മദ് ഷിഫാന്‍ (18) എന്നിവരും ചേര്‍ന്ന് ശ്വാസം മുട്ടിച്ചെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. (ചിത്രത്തിൽ സുജിതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നു. ഇൻസെറ്റിൽ അറസ്റ്റിലായ വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് മുഹമ്മദ് ഷിഫാൻ, അച്ഛൻ മുത്തു)

ബോധംകെട്ട് നിലത്തുവീണപ്പോള്‍ കഴുത്തിലൂടെ കയറിട്ട് ജനലില്‍ കെട്ടിവലിച്ചു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ എട്ടുപവന്റെ ആഭരണങ്ങള്‍ അഴിച്ചെടുത്ത് വിഷ്ണു വില്‍ക്കാന്‍ കൊണ്ടുപോയി. ഇതിന്റെ പണം മറ്റു പ്രതികള്‍ക്കും വീതിച്ചുനല്‍കി. അര്‍ധരാത്രിയോടെയാണ് വീടിനുപിന്നില്‍ മാലിന്യമിടുന്ന കുഴി വലുതാക്കി പ്ലാസ്റ്റിക് കവറിലാക്കി മൃതദേഹം കുഴിച്ചിട്ടത്. കൈകാലുകള്‍ മടക്കിയ നിലയിലായിരുന്നു. കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മിക്കാനായിരുന്നു നീക്കമെന്ന് എസ്.പി. പറഞ്ഞു. കുഴിയുടെ മുകളില്‍ മെറ്റലും എം സാന്‍ഡും ഹോളോബ്രിക്സുകളും നിരത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന വിഷ്ണുവിന്റെ അച്ഛന്‍ മുത്തു (53) കുറ്റകൃത്യം അറിഞ്ഞെങ്കിലും മറച്ചുവെച്ചു. അഞ്ചുപേരെയും അറസ്റ്റുചെയ്തു. ഷിഫാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. സ്വര്‍ണം കവര്‍ന്നതു മാത്രമാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

 

സുജിതയെ 11 മുതല്‍ കാണാതായിരുന്നു. സംശയമുള്ളവരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. യുവതിയുടെ ആഭരണങ്ങള്‍ എവിടെയെന്നും അന്വേഷിച്ചു. അതിനിടെ വിഷ്ണു ഒരു ജൂവലറിയില്‍ സ്വര്‍ണം വിറ്റതായി വ്യക്തമായി. പ്രതികളുടെ മൊഴിയെത്തുടര്‍ന്ന് റെയില്‍വേസ്റ്റേഷനു സമീപം താമസിക്കുന്ന സുഹൃത്ത് മാതോത്ത് വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ തിങ്കളാഴ്ച രാത്രി യുവതിയുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് പരിശോധിച്ച് സുജിതയുടേതാണെന്നു സ്ഥിരീകരിച്ചു.

സുജിതയെ കാണാതായ വിവരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഷ്ണു, പലപ്പോഴും പോലീസ് അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിച്ചു. ബുധനാഴ്ച തുവ്വൂര്‍ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി പോലീസ്സ്റ്റേഷന്‍ മാര്‍ച്ചും ആസൂത്രണംചെയ്തിരുന്നു. സുജിതയുടെ ഭര്‍ത്താവ് മനോജ്കുമാര്‍ കൃഷിപ്പണിക്കാരനാണ്. മകന്‍: വിവേക് കൃഷ്ണ.

 

 

സുജിതയുടെ മൃതദേഹം പുറത്തെടുക്കുന്നത് കാണാൻ തടിച്ചുകൂടിയ ആളുകൾ

 

മക്കളുടെ ക്രൂരതയ്ക്ക്മൂകസാക്ഷിയായി അച്ഛനും

തുവ്വൂര്‍: മക്കള്‍ നടത്തിയ അരുംകൊലയ്ക്ക് അച്ഛന്‍ മൂകസാക്ഷിയായ സംഭവം നാടിനെ നടുക്കി. തുവ്വൂരിലെ മാതോത്ത് മുത്തുവാണ് മക്കളുടെ ക്രൂരകൃത്യത്തിന് മൗനാനുവാദത്തോടെ കൂടെനിന്നത്. മനഃസാക്ഷി ഉള്ള ഒരാള്‍ ചെയ്യാന്‍ അറയ്ക്കുന്ന ക്രൂരകൃത്യമാണ് അച്ഛന്റെ സാന്നിധ്യത്തില്‍ മൂന്നു സഹോദരങ്ങള്‍ ചേര്‍ന്നുനടത്തിയത്. കടംവാങ്ങിയ പണം തിരിച്ചുനല്‍കാനെന്ന വ്യാജേനയാണ് മൂത്തമകന്‍ വിഷ്ണു സുഹൃത്ത് സുജിതയെ വീട്ടിലേക്കു വിളിച്ചുവരുത്തിയത്. സുജിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നതും കൊലപ്പെടുത്താനുള്ള തീരുമാനവുമെല്ലാം മുത്തുവിന് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സുജിതയെ വീടിനകത്തേക്ക് വലിച്ചിട്ടതും തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചതും മരണം ഉറപ്പിക്കാന്‍ കഴുത്തില്‍ കയര്‍കെട്ടി വലിക്കുമ്പോഴും പ്രതികളുടെ അച്ഛനായ മുത്തു വീട്ടിലുണ്ടായിരുന്നു. കടം തിരിച്ചു നല്‍കാത്തതിനുപുറമേ യുവതിയുടെ സ്വര്‍ണാഭരണം കവര്‍ച്ചചെയ്യാന്‍ കൂടി ലക്ഷ്യമിട്ടാണ് സഹോദരങ്ങള്‍ കൊലപാതകം ആസൂത്രണംചെയ്തത്. കൊലപാതകത്തിനുശേഷം മൃതദേഹം രാത്രി 11 വരെ കട്ടിലിന് അടിയില്‍ സൂക്ഷിക്കുകയുംചെയ്തു. എല്ലാം അറിഞ്ഞിട്ടും ഒന്നും പുറത്തുപറയാതെ മക്കള്‍ക്ക് സംരക്ഷണം ഒരുക്കി എന്ന കുറ്റത്തിനാണ് അച്ഛനെ കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.

കുടുംബത്തിലെ മുഴുവന്‍പേരും കൊലപാതകത്തില്‍ പങ്കാളികളായത് എല്ലാവരേയും ഞെട്ടിച്ചു. വിവരം അറിഞ്ഞ് വലിയ ജനക്കൂട്ടമാണ് സംഭവസ്ഥലത്ത് തടിച്ചു കൂടിയത്. തിങ്കളാഴ്ച രാത്രി ഒന്‍പതോടെ തടിച്ചുകൂടിയ ജനം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയശേഷമാണ് പിരിഞ്ഞുപോയത്. സുജിതയുടെ സഹപ്രവര്‍ത്തകരായ കുടുംബശ്രീ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള സ്ത്രീകളും സംഭവസ്ഥലത്തുണ്ടായിരുന്നു.

 

പ്രതി വിഷ്ണു, കൊല്ലപ്പെട്ട സുജിത

 

അന്വേഷണം വഴി തെറ്റിക്കാൻ കള്ളകഥ

സുജിതയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പറമ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, കൊലപാതകം മറയ്ക്കാനും പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും മുഖ്യപ്രതി വിഷ്ണുവും സുഹൃത്തുക്കളും കള്ളക്കഥ പ്രചരിപ്പിച്ചതായി അന്വേഷണ സംഘം. സുചിത മറ്റൊരാൾക്കൊപ്പം ബെംഗളൂരുവിലേക്കു പോയതായി ഇവർ പ്രചരിപ്പിച്ചെന്നാണ് കണ്ടെത്തൽ. ആക്ഷൻ കമ്മിറ്റി അംഗങ്ങളെയും ഇവർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. അതേസമയം, വിഷ്ണു വിളിച്ചപ്പോൾ സുജിത എന്തുകൊണ്ട് പിൻവശത്തെ വാതിൽവഴി വീട്ടിലെത്തി എന്നതിൽ അന്വേഷണം നടക്കുകയാണ്.

കേസിന്റെ ചുരുളഴിയാൻ വൈകിയതിനു കാരണം മുഖ്യപ്രതി വിഷ്ണു പൊലീസിനെ വഴിതെറ്റിക്കാൻ നടത്തിയ ശ്രമങ്ങളാണ്. സുജിതയെ കാണാതാകുന്നതിനു മുൻപ് അവസാനമായി വിളിച്ച വിഷ്ണു തുടക്കം മുതൽ പൊലീസിന്റെ സംശയക്കണ്ണിലുണ്ട്. എന്നാൽ, ഇയാൾ തന്ത്രപൂർവം കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടത്തി. ക്രൂരമായ കൊലയ്ക്കു ശേഷവും കൂസലില്ലാതെയാണു പ്രതികൾ നാട്ടിലൂടെ നടന്നത്. ഇതിനിടെ സുജിത തൃശൂരിലെ യുവാവുമായി പ്രണയത്തിലാണെന്ന കഥ നാട്ടിൽ പ്രചരിപ്പിക്കാൻ വിഷ്ണു ബോധപൂർവമായ ശ്രമം നടത്തി. ഇവർ ഒന്നിച്ചു നാടുവിടാൻ സാധ്യതയുണ്ടെന്നു പൊലീസിനോടും ഇയാൾ പറഞ്ഞിരുന്നു.

മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കുമ്പോൾ പൊലീസ് തന്നെത്തേടി വരുമെന്നു വിഷ്ണുവിന് അറിയാമായിരുന്നു. പൊലീസിനോടു പറയാനുള്ള ഉത്തരങ്ങൾ നന്നായി ഗൃഹപാഠം ചെയ്തു. കൂട്ടുപ്രതികൾക്കും ഇയാൾ കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. പൊതുപ്രവർത്തകൻ കൂടിയായ വിഷ്ണു കേസിന്റെ വിവരങ്ങൾ ഇടയ്ക്കിടെ പൊലീസിനോട് ചോദിച്ചറിഞ്ഞു. ഒപ്പം, സുജിതയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു സമൂഹമാധ്യമ ഇടപെടലുകളും നടത്തി.

‌അതേസമയം, തുവ്വൂരിലെ സ്വർണക്കടകൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ പരിശോധനയാണു കേസിന്റെ ചുരുളഴിയാൻ സഹായിച്ചത്. 2 ദിവസം കഴിഞ്ഞു സ്വർണം നൽകാമെന്നു പറഞ്ഞ് ഒരു ജ്വല്ലറിയിൽനിന്നു വിഷ്ണു പണം ആവശ്യപ്പെട്ടിരുന്നതായി കണ്ടെത്തി. മറ്റൊരു ജ്വല്ലറിയിൽ വിഷ്ണു സ്വർണം വിറ്റതും പൊലീസ് കണ്ടെത്തി. ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ പൊലീസിനെ വഴിതെറ്റിക്കാനായി മറ്റൊരു കഥ മെനഞ്ഞു. തൃശൂരിലുള്ള യുവാവുമായി സുജിത പ്രണയത്തിലാണെന്നും അവർക്ക് ഒളിച്ചോടിപ്പോകാൻ പണം ആവശ്യപ്പെട്ടു സ്വർണം വിൽക്കാൻ ഏൽപിച്ചതാണെന്നും വിഷ്ണു പറഞ്ഞു. ഇതോടെ പൊലീസിനു സംശയം ബലപ്പെട്ടു. സുജിതയെ കൊലപ്പെടുത്തിയെന്നും പിന്നിൽ വിഷ്ണുവാണെന്നും പൊലീസ് ഉറപ്പിച്ചു.

 

സുജിതയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുന്നു

 

മൃതദേഹം എവിടെ ഒളിപ്പിച്ചുവെന്നായിരുന്നു പിന്നെ അറിയേണ്ടിയിരുന്നത്. മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണു പൊലീസ് വിഷ്ണുവിന്റെ വീട്ടിൽ പരിശോധന നടത്തിയത്. മെറ്റൽ കൂട്ടിയിട്ട സ്ഥലത്തു മണ്ണു നനഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപെട്ടത് അപ്പോഴാണ്. ഒന്നരയടി മണ്ണു നീക്കിയപ്പോഴേക്കും യുവതിയുടെ വസ്ത്രം കണ്ടെത്തി. ഇതോടെ കള്ളക്കഥകൾ പൊളിഞ്ഞു. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

സുജിത അണിഞ്ഞിരുന്ന 53 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വിഷ്ണു വിൽപന നടത്തിയതായി പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന ദിവസം തുവ്വൂരിലെ ഒരു ജ്വല്ലറിയിൽ 35 ഗ്രാം സ്വർണം വിറ്റ് 83,000 രൂപ വാങ്ങി. ഇതേ ജ്വല്ലറിയിൽ, സുജിതയെ കാണാതാകുന്നതിന് 2 ദിവസം മുൻപ് ഒരു പവൻ സ്വർണം നൽകി ഒന്നര ലക്ഷം രൂപ വാങ്ങിയിരുന്നു. ബാക്കി തുകയ്ക്കുള്ള സ്വർണം 2 ദിവസത്തിനുള്ളിൽ എത്തിക്കാമെന്നു വിഷ്ണു ജ്വല്ലറി ഉടമയെ അറിയിക്കുകയും ചെയ്തു. ഇതേ ദിവസം തന്നെ മറ്റൊരു ജ്വല്ലറിയിൽ 18 ഗ്രാം സ്വർണം നൽകി 97,000 രൂപയും കൈപ്പറ്റി. മുറിച്ചെടുത്തതടക്കം യുവതിയുടെ 2 വളകൾ, മോതിരം, താലിമാല, മാല, കമ്മൽ എന്നീ ആഭരണങ്ങളാണു നഷ്ടപ്പെട്ടത്. സ്വർണം വിറ്റു കിട്ടിയ കുറച്ചു പണം പ്രതികൾ വീതംവച്ച് എടുത്തതായി പൊലീസ് പറഞ്ഞു. പ്രതികൾ പുതിയ മൊബൈൽ ഫോണുകളും വാങ്ങി. പഴയ ഫോണുകളിലെ എല്ലാ വിവരങ്ങളും നീക്കം ചെയ്തിരുന്നു.

 

പ്രതികളുടെ ഉന്നതബന്ധം അന്വേഷിക്കണം -ഡി.വൈ.എഫ്.ഐ.

തുവ്വൂര്‍: സുജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും പുറത്തു കൊണ്ടുവരണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു. ഒന്നാംപ്രതി വിഷ്ണു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയാണ്. സഹായിയായ സുഹൃത്ത് മുഹമ്മദ് ഷിഫാന്‍ യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനുമാണ്. രണ്ടുപേരെയും കേസില്‍നിന്ന് സംരക്ഷിക്കാന്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായെന്നും ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി കെ. ശ്യാമപ്രസാദ് പറഞ്ഞു. പ്രതികളുടെ ഉന്നതബന്ധങ്ങള്‍ പുറത്തു കൊണ്ടുവരുന്നതോടൊപ്പം മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധവും വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാപ്രസിഡന്റ് പി. ഷബീര്‍, വണ്ടൂര്‍ ബ്ലോക്ക് സെക്രട്ടറി കെ. റഹീം, തുവ്വൂര്‍ മേഖലാ പ്രസിഡന്റ് എന്‍.കെ. ഷബീര്‍, വണ്ടൂര്‍ കമ്മിറ്റി അംഗം ലിഖിന്‍, മേഖലാ സെക്രട്ടറി പി. വിജേഷ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം -യൂത്ത് കോണ്‍ഗ്രസ്

തുവ്വൂര്‍: തുവ്വൂരില്‍ യുവതിയെ കൊന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിയായ വിഷ്ണുവിനെ മേയ് 24-ന് സംഘടനാപരമായ കാരണങ്ങളാല്‍ സ്ഥാനങ്ങളില്‍നിന്ന് നീക്കംചെയ്തിട്ടുണ്ടെന്നും ജില്ലാകമ്മിറ്റി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായും ഭാരവാഹികള്‍ പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നിയമപരവും അല്ലാത്തതുമായ സഹായങ്ങള്‍ നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി പറഞ്ഞു.

 

 

Share
error: Content is protected !!