കനത്ത ചൂട്: ജിദ്ദയിലും ദമ്മാമിലും ഇന്ത്യൻ സ്കൂളിൽ എട്ടാം ക്ലാസ് വരെ അധ്യായനം നിറുത്തിവെച്ചു; ഒമ്പതാം ക്ലാസ് മുതൽ ഓൺലൈൻ പഠനം, റിയാദിലും മാറ്റം

സൌദിയിൽ വേനലവധിക്ക് ശേഷം സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങി. എന്നാൽ ചില പ്രദേശങ്ങളിൽ ശക്തമായ ചൂട് തുടരുന്നതിനാൽ ദമ്മാമിലേയും ജിദ്ദയിലേയും ഇന്ത്യൻ സ്കുളുകൾ തുറക്കുന്നതിൽ മാറ്റം വരുത്തി.

ജിദ്ദ, ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ പൂർണമായും നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. കെ.ജി തലം മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അധ്യായനം നിർത്തിവെച്ചത്. ഒൻപത് മുതൽ പന്ത്രണ്ടു വരെ ക്ലാസുകൾ ഓൺലൈനിൽ നടക്കും. ഈ മാസം 31 വരെയാണ് ഈ നിയന്ത്രണം.

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ കെ.ജി ക്ലാസുകൾ പൂർണമായും നിർത്തിവെക്കാനും ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്നുമായിരുന്നു രാവിലെ പുറത്ത് വിട്ട സർക്കുലറിലൂുടെ രക്ഷിതാക്കളെ അറിയിച്ചിരുന്നത്. എന്നാൽ വൈകുന്നേരത്തോടെ ഇതിൽ മാറ്റം വരുത്തി. എട്ടാം ക്ലാസ് വരെയുള്ള മുഴുവൻ ക്ലാസുകളും ഈ മാസം 31 വരെ പൂർണമായി നിർത്തിവെക്കുമെന്ന് സ്കൂൾ അധികൃതർ വീണ്ടും സർക്കുലർ അയക്കുകയായിരുന്നു. അതേ സമയം ദമ്മാം സ്കൂളിൽ നേരത്തെ അറിയിച്ച അറിയിപ്പിൽ മാറ്റം വരുത്തിയിട്ടില്ല.

നാളെ (തിങ്കളാഴ്ച) മുതൽ ജിദ്ദയിലും ദമ്മാമിലും ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഒമ്പത് മുതൽ 12 വരെയുള്ള കുട്ടികൾക്ക് ഓണ്ലൈനായി മാത്രമേ അധ്യായനം ഉണ്ടായിരിക്കുകയുള്ളൂ. മറ്റു ക്ലാസിലെ കുട്ടികൾക്ക് ഓഗസ്റ്റ് 31 വരെ അധ്യായനം ഉണ്ടായിരിക്കില്ല.

അതേ സമയം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ നാളെ തുറക്കില്ലെന്ന് സ്‌കൂള്‍ സര്‍ക്കുലര്‍ മുഖേന അറിയിച്ചു. കനത്ത ചൂട് തുടരുന്നതിനാല്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും. ഓഗസ്റ്റ് 21 മുതല്‍ 31 വരെയാണിത്.
കെജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് 31 വരെ അവധിയാണ്. കെ.ജി മുതല്‍ 12 ക്ലാസുവരെയുള്ളവര്‍ക്ക് റഗുലര്‍ ക്ലാസുകള്‍ സെപ്തംബര്‍ മൂന്നിനാണ് തുടങ്ങുക. കുട്ടികള്‍ ഓണ്‍ലൈനില്‍ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രിന്‍സിപ്പാള്‍ മീര റഹ്മാന്‍ രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു.

റിയാദില്‍ സേവ സ്‌കൂള്‍, അല്‍യാസ്മിന്‍, മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളും നാളെ തുറക്കില്ല. എന്നാല്‍ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നാളെ തുറക്കും. 11.30 മണിവരെയാണ് സ്‌കൂള്‍ സമയം. അല്‍ആലിയ, യാര ഇന്റര്‍നാഷണല്‍, മോഡേണ്‍ സ്‌കൂളുകളും നാളെ തുറക്കും.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!