രണ്ടാഴ്ച മുമ്പ് റോഡില്‍ കണ്ടെത്തിയ മൃതദേഹം പ്രവാസി മലയാളിയുടേത്; കുടുംബമെത്തി തിരിച്ചറിഞ്ഞു

അബുദാബി: രണ്ടാഴ്ച മുമ്പ് അബുദാബിയില്‍ റോഡില്‍ കണ്ടെത്തിയ മൃതദേഹം പ്രവാസി മലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം ആലുവ കോട്ടപ്പുറം സ്വദേശി അടക്കാപറമ്പില്‍ നിസാര്‍ (47) ആണ് മരിച്ചത്. ഇന്നലെ കുടുംബമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പരേതനായ അടക്കാപറമ്പില്‍ ഉസ്മാന്‍-ഫാത്തിമ ദമ്പതികളുടെ മകനാണ്.

ആഗസ്റ്റ് ആറിനാണ് റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. സാമൂഹിക പ്രവര്‍ത്തകന്‍ ഷക്കീബ് ഹംസയുടെ ഇടപെടലിനെ തുടര്‍ന്ന് ബന്ധുക്കളെ കണ്ടെത്തി വിവരം കൈമാറുകയും വെള്ളിയാഴ്ച കുടുംബമെത്തി സ്ഥിരീകരിക്കുകയുമായിരുന്നു.

ദുബായില്‍ ജോലിചെയ്തുവരുന്ന നിസാര്‍ 15 വര്‍ഷം മുമ്പാണ് യുഎഇയിലെത്തുന്നത്. മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഇതിനായി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

കല്ലുംപുറത്ത് നിഷയാണ് ഭാര്യ. മക്കള്‍: ഹെന, നോയ. സഹോദരങ്ങള്‍: നിയാസ്, ബാബു, സാബു, നൗഷാദ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share