പൊലീസ് ഓഫിസറുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ്; പ്രവാസി മലയാളിയുടെ അക്കൗണ്ട് ‘കാലി’
ബഹ്‌റൈനിലെ പണരഹിത ഇടപാടായ ‘ബെനഫിറ്റ് പേ’യിൽ ഇടപാട് നടത്തുന്നവരെ കബളിപ്പിച്ചുള്ള തട്ടിപ്പുകൾ തുടരുന്നു. ഓരോ കബളിപ്പിക്കലും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു എന്ന് മനസ്സിലാക്കുമ്പോൾ പുതിയ രീതികൾ അവലംബിക്കുകയാണ് ഇത്തരം തട്ടിപ്പുകാര്‍.
കഴിഞ്ഞ ദിവസം ഒരു മലയാളിയുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടതായി അധികൃതർക്ക് പരാതി ലഭിച്ചു. കോവിഡ്19 വാക്സീൻ എടുക്കാത്തവരെ ലക്ഷ്യമിട്ടാണ് ഇത്തവണ തട്ടിപ്പ് നടത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ മലയാളിയാണ് അധികൃതർക്ക് പരാതി നൽകിയിട്ടുള്ളത്. അദ്ദേഹത്തിന് കഴിഞ്ഞ ദിവസം വാട്സാപിൽ വിളി വന്നു. കോവിഡ് വാക്സീൻ ഒരു ഡോസ് എടുക്കാൻ ബാക്കി ഉണ്ടെന്നായിരുന്നു വിളിച്ച ആൾ പറഞ്ഞത്. താൻ കോവിഡ് വാക്സീൻ ഒരു ഡോസ് എടുത്തിരുന്നില്ലെന്നത് കൊണ്ട് തന്നെ ആദ്യത്തെ സംസാരത്തിൽ തന്നെ വിശ്വസിച്ചുപോയതായി അദ്ദേഹം പറഞ്ഞു. മാത്രമല്ല വിളിച്ച ആളുടെ പ്രഫൈലിൽ ഒരു ഉന്നത പോലീസെന്ന് തോന്നിക്കുന്ന പടം ആണ് ഉണ്ടായിരുന്നത്. കൂടാതെ അറബിക്കിൽ എന്തോ എഴുതിയിട്ടും ഉണ്ടായിരുന്നു.
സ്വദേശി പൊലീസ് ഇംഗ്ലിഷ് ഭാഷ സംസാരിക്കുന്ന അതേ രീതിയിലാണ് ഫോൺ സംസാരവും ഉണ്ടായത്. അടുത്ത ദിവസം വിമാനത്താവളത്തിലേക്ക് വാക്സീൻ എടുക്കാൻ എത്തണം എന്നായിരുന്നു ‘പൊലീസ് ‘ പറഞ്ഞത്. തിരിച്ചറിയലിനായി ബെനഫിറ്റ് പേയിൽ നിന്ന് ഒരു ഒടിപി നമ്പർ അയക്കുമെന്നും ആ നമ്പർ പറഞ്ഞുതരണമെന്നുമാണ് ആവശ്യപ്പെട്ടത്. ഫോൺ ഹോൾഡ് ചെയ്തു കൊണ്ട് തന്നെ തനിക്ക് മെസേജായി വന്ന നമ്പർ പറഞ്ഞു കൊടുക്കുകയും ചെയ്തു. അതോടെ മലയാളിയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം നഷ്ടപ്പെടുകയായിരുന്നു. പിന്നീടാണ് താൻ കബളിപ്പിക്കപ്പെട്ടതായി അദ്ദേഹത്തിന് മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ഒരു ബ്രിഗേഡിയറുടെ ഫോട്ടോ ആണ് തട്ടിപ്പ് സംഘം ഫോണിൽ ഉപയോഗിച്ചിരിക്കുന്നതെന്നും തിരിച്ചറിഞ്ഞു.
പൊലീസിന്റെ ചിത്രം ഇരകളെ എളുപ്പത്തിൽ വീഴ്ത്തുന്നു
ഓരോരുത്തരുടെയും സി പി ആർ നമ്പർ പോലും കൃത്യമായി മനസിലാക്കിയാണ് ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങൾ പണ രഹിത ഇടപാടുകാരെ കബളിപ്പിക്കുന്നത്. പലപ്പോഴും അതിരാവിലെ ഉറക്കത്തിന്റെ ആലസ്യം വിട്ടൊഴിയാത്ത സമയങ്ങളിലോ ഓഫിസിലേക്ക് പോകാൻ ഒരുങ്ങുന്ന സമയങ്ങളോ ആണ് തട്ടിപ്പുകാർ തിരഞ്ഞെടുക്കുന്നത്. പ്രഫൈൽ ഫോട്ടോയിൽ കോവിഡ് വാക്സീൻ ആപ്പ് ആയ ബി എവെയർ ആയിരുന്നു മുൻപ് ഉപയോഗിച്ചിരുന്നത്. അത് പിന്നീട് എല്ലാവരും മനസിലാക്കിയതോടെയാണ് യൂണിഫോമിട്ട പൊലീസ് വേഷം പ്രഫൈൽ ആക്കി കബളിപ്പിക്കൽ തുടങ്ങിയത്. ഇക്കാര്യത്തിൽ ജാഗരൂകരാകണമെന്ന് പല തവണ അധികൃതർ അഭ്യർഥിച്ചിട്ടും ഇപ്പോഴും പലരും കബളിപ്പിക്കലിന് ഇരയാകുന്നുണ്ട് എന്നത് പൊലീസ് വളരെ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. മുൻപ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ നിരവധി സംഘങ്ങളെ പൊലീസ് പിടി കൂടുകയും ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്നോ, ബാങ്കുകളിൽ നിന്നോ ഒരിക്കലും വാട്സാപിൽ വിളിക്കുക ഇല്ലെന്നും അധികൃതർ മുന്നറിയിപ്പും നൽകുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക