പ്രവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരം; കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ വിമാന സർവീസ്, പ്രധാന വിമാനകമ്പനികളുമായി ചർച്ച പൂർത്തിയാക്കി

ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചും വിമാന സർവീസുകൾ തുടങ്ങാൻ ഫുജൈറ രാജ്യാന്തര വിമാനത്താവളം എയൽലൈനുകളെ സ്വാഗതം ചെയ്യുന്നു. താൽപര്യമുള്ള ആർക്കും വിമാനത്താവളവുമായി ബന്ധപ്പെടാം. കമ്പനികൾക്കു പുറമെ സർക്കാരുകളുമായും കൈകോർക്കും. റഗുലർ സർവീസിനു പുറമെ ചാർട്ടേഡ് സർവീസിനും വിമാനത്താവളം ലഭ്യമാക്കും. പ്രവാസികളുടെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാനുള്ള ബദൽ മാർഗങ്ങളിൽ ഒന്നാണ് പുതിയ വാഗ്ദാനം. യുഎഇയിലെ ഏത് എമിറേറ്റിലേക്കും എത്തിപ്പെടാനുള്ള വാഹന സൗകര്യം അടക്കം ഉറപ്പാക്കിയ ശേഷമാണ് വിമാന സർവീസുകൾ തുടങ്ങാൻ കമ്പനികളെ ക്ഷണിച്ചിരിക്കുന്നത്.

ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ നിന്നുള്ള പ്രവാസികൾക്ക് നാട്ടിലേക്കും തിരിച്ചും കുറഞ്ഞ ചെലവിൽ വിമാന സർവീസ് യാഥാർഥ്യമാക്കാനുള്ള ഉദ്യമത്തിൽ കേരളവുമായി കൈകോർക്കാൻ ഒരുക്കമാണെന്നു ഫുജൈറ രാജ്യാന്തര വിമാനത്താവളം ജനറൽ മാനേജർ ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു.

ഫുജൈറ വിമാനത്താവളം വഴി കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ വിമാന സർവീസിനുള്ള അവസരം ഉപയോഗപ്പെടുത്തുന്നത് ഇപ്പോൾ ഒമാന്റെ ഉടമസ്ഥതയിലുള്ള സലാം എയർ മാത്രമാണ്. രണ്ടാഴ്ച മുൻകൂട്ടി ബുക്ക് ചെയ്താൽ 450 ദിർഹത്തിന് (ഏകദേശം 10000 രൂപ) തിരുവനന്തപുരത്തേക്കു പോകാൻ കഴിയും. ഇന്ത്യൻ നഗരങ്ങളായ ലക്നൗ, ജയ്പൂർ എന്നിവിടങ്ങളിലേക്കും സലാം എയർ സർവീസ് നടത്തുന്നുണ്ട്. മസ്ക്കത്തിൽ ഒരു മണിക്കൂർ ലെയ് ഓവർ കഴിഞ്ഞാണ് വിമാനം തിരുവനന്തപുരത്തേക്ക് പോകുന്നത്. യാത്രാ സമയം 6 മണിക്കൂർ. മുൻകൂട്ടി ബുക്ക് ചെയ്താൽ ഇതേ നിരക്കിൽ തിരികെ യുഎഇയിലും എത്താം. മസ്ക്കത്ത് വഴി പോകുന്ന വിമാന സർവീസിനു ഫുജൈറയിൽ നിന്നു തന്നെ 100 ശതമാനം യാത്രക്കാരുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിലേക്കു വിമാന സർവീസ് നടത്തിയാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകും.

എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമായി ഫുജൈറ വിമാനത്താവള അധികൃതർ ഇതിനോടകം ചർച്ചകൾ പൂർത്തിയാക്കി. എയർ ഇന്ത്യാ അധികൃതർ ഫുജൈറ വിമാനത്താവളം സന്ദർശിച്ചു. എല്ലാ കമ്പനികളും സർവീസ് തുടങ്ങുന്നതിൽ താൽപര്യം പ്രകടിപ്പിച്ചതായി ഓപ്പറേഷൻസ് മാനേജർ പുരുഷോത്തമൻ വൈദ്യനാഥൻ പറഞ്ഞു. വിമാനത്താവളത്തിലെ ചെലവുകൾ പരമാവധി കുറയ്ക്കും എന്നതാണ് കമ്പനികൾക്കു നൽകിയിരിക്കുന്ന വാഗ്ദാനം.  ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഷാർജ, ദുബായ്, അബുദാബി വിമാനത്താവളങ്ങളിലേക്കു പോകുന്നത് ഫുജൈറയ്ക്കു മുകളിലൂടെയാണ്. ഫുജൈറയിൽ ഇറങ്ങിയാൽ ദൂരം കുറയ്ക്കാമെന്നതു പോലെ വിമാനങ്ങൾക്ക് ഇന്ധനത്തിലും ലാഭമുണ്ട്.

 

 

 

ഫുജൈറയിൽ ആദ്യ ആറു മണിക്കൂർ വിമാനങ്ങൾക്ക് ഫ്രീ പാർക്കിങ്ങാണ്.. 6 മണിക്കൂറിനു ശേഷം ഈടാക്കുന്ന പാർക്കിങ് ഫീസിന്റെ കാര്യത്തിൽ വിമാന കമ്പനികൾക്കു കൂടി സ്വീകാര്യമാകുന്ന തുക നിശ്ചയിക്കാനും അവസരമുണ്ട്. സ്റ്റാൻഡേർഡ് പാർക്കിങ്ങിൽ 8 വിമാനങ്ങൾ നിർത്താം. 18 നോൺ സ്റ്റാൻഡേർഡ് പാർക്കിങ് സ്ലോട്ടുകളും ലഭ്യമാണെന്നും പുരുഷോത്തമൻ പറഞ്ഞു. ഒരേ സമയം 1250 യാത്രക്കാരെ പാസഞ്ചർ ഗേറ്റുകളിൽ കൈകാര്യം ചെയ്യാൻ കഴിയും. വിമാനം ഇറങ്ങുന്നവർക്കു ബാഗേജുമായി പുറത്തിറങ്ങാൻ വേണ്ടത് പരമാവധി 7 മിനിറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പുറപ്പെടേണ്ട യാത്രക്കാർക്ക് 24 മണിക്കൂർ മുൻപേ വീടുകളിൽ നേരിട്ടോ അവർ താമസിക്കുന്ന എമിറേറ്റിലോ സിറ്റി ചെക്ക് ഇൻ ചെയ്തു ലഗേജ് കൈമാറാനുള്ള സൗകര്യവും ഏർപ്പെടുത്തുമെന്ന് ബിസിനസ് ഡിവിഷൻ ഓഫിസർ മുഹമ്മദ് ഷിനാസ് പറഞ്ഞു. വിമാനത്തവാളത്തിനുള്ളിൽ വാഹനങ്ങൾക്കു പാർക്കിങ് ഫീസ് ഈടാക്കുന്നില്ല. 1988ൽ പ്രവർത്തനം ആരംഭിച്ച ഫുജൈറ വിമാനത്താവളം ഏറെക്കാലത്തെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ശേഷം കഴിഞ്ഞ മാസമാണ് പാസഞ്ചർ സർവീസിനായി തുറന്നത്.

റൺവേയിൽ റീ കാർപ്പറ്റിങ് ജോലികൾ പൂർത്തിയാക്കി. പുതിയ രണ്ട് റൺവേകൾ കൂടി വിമാനത്താവളത്തിന്റെ ഭാഗമായി വരും. നിലവിലുള്ളതിനു പകരം പുതിയ എയർ ട്രാഫിക് കൺട്രോൾ (എടിസി) സെപ്റ്റംബറിൽ തുറക്കും. പാസഞ്ചർ ഗേറ്റിൽ നിന്ന് വിമാനത്തിലേക്ക് നേരെ കയറാം എന്നതിനാൽ എയ്റോ ബ്രിജ്ജുകളുടെ വാടക അടക്കം കമ്പനികൾക്ക് ലാഭിക്കാമെന്നും ഷിനാസ് പറഞ്ഞു. വിമാന കമ്പനികൾക്ക് വിമാനത്താവളങ്ങളിൽ ഉണ്ടാകുന്ന ചെലവുകൾ പരമാവധി കുറയ്ക്കുന്നതിനു വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരള സർവീസിനു താൽപര്യമുള്ളവർക്ക് +971 9 205 5529, +971 50 211 3003, marketing@fia.ae, shinas@fia.ae, www.fujairah-airport.ae എന്നിവയിൽ ഏതെങ്കിലും നമ്പരിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!