നജ്റാനിൽ നിന്നും റിയാദിലെത്തിയ ജോൺ സേവ്യറെ മരിച്ച നിലയിൽ കണ്ടെത്തി; റിയാദിലേക്ക് വിളിച്ച് വരുത്തിയ സുഹൃത്ത് ചതിച്ചതായി മകനെ വിളിച്ച് പറഞ്ഞ ശേഷം കാണാതാവുകയായിരുന്നു

സൗദിയിൽ കാണാതായ കന്യാകുമാരി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. നജ്റാനിൽ നിന്ന് റിയാദിലെത്തിയ ശേഷം കാണാതായ കന്യാകുമാരി അരുമനൈ തെറ്റിവിളൈ മറുതര വിളാഗം സ്വദേശി ജോൺ സേവ്യറാണ് (43) മരിച്ചത്.  മൃതദേഹം റിയാദ് സുമേശി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ സിദ്ധീക്ക് തുവ്വൂർ പറഞ്ഞു.

ജൂലൈ 25നായിരുന്നു നജ്റാനിൽ നിന്ന് റിയാദിലെ അസീസിയ സാപ്റ്റ്കോ ബസ്റ്റാൻ്റിൽ ഇദ്ദേഹം ബസിറങ്ങിയത്. അതിന് ശേഷം ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ ഒമ്പതിനാണ് നജ്റാനിൽ മേസൺ ജോലിക്കായി ഇദ്ദേഹം നാട്ടിൽനിന്നെത്തിയത്. കരാറെടുത്ത് ജോലി ചെയ്ത വകയിൽ വലിയ സാമ്പത്തിക ബാധ്യത വന്നുചേരുകയും പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതറിഞ്ഞ റിയാദിലുള്ള സുഹൃത്ത് തൻ്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് ഇദ്ദേഹം റിയാദിലെത്തിയത്. എന്നാൽ റിയാദിലെത്തി സുഹൃത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

ഇതോടെ വലിയ മാനസികപ്രയാസത്തിലായ ജോൺ സേവ്യർ അസീസിയ ബസ് സ്റ്റാൻഡിൽനിന്നും നാട്ടിലുള്ള മകനെ വിളിച്ച് റിയാദിലേക്ക് വരാൻ പറഞ്ഞ സുഹൃത്ത് ചതിക്കുകയായിരുന്നു എന്നു പറയുകയായിരുന്നത്രെ. അതാണ് ഒടുവിലത്തെ വിവരം. പിന്നീട് ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. വരാൻ പറഞ്ഞ് സുഹൃത്ത് ചതിച്ചതിനെ തുടർന്നുണ്ടായ മാനസികാഘാതം കൊണ്ടായിരിക്കാം പിന്നീട് അസീസിയ ഭാഗത്ത് അലഞ്ഞുതിരിയുന്നത് കണ്ടതായും ചില വിവരങ്ങൾ കിട്ടിയിരുന്നു.

ഒരാൾ ഇങ്ങനെ അലഞ്ഞുതിരിയുന്നതിെൻറ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ജീവകാരുണ്യപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ അസീസിയ ഭാഗത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജോൺ സേവ്യറുടെ ഇഖാമ നമ്പർ ലഭ്യമല്ലാത്തതിനാൽ സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ രേഖകളൊന്നും തരാൻ തയ്യാറായില്ല. സ്പോൺസർ കണ്ടെത്തിക്കോളാമെന്നാണത്രെ അറിയിച്ചത്.

സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും സുഹൃത്തുക്കളും ജോണ് സേവ്യറെ കണ്ടെത്തുന്നതിനായി വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു. അദ്ദേഹത്തിൻ്റെയും റിയാദിലേക്ക് ക്ഷണിച്ച സുഹൃത്തിെൻറയും മൊബൈൽ നമ്പറുകൾ പ്രവർത്തനരഹിതമായിരുന്നു. സേവ്യർക്കായുളള അന്വേഷണം നടന്ന് വരുന്നതിനിടെയാണ് മരിച്ചതായി അറിയിപ്പ് ലഭിക്കുന്നത്.

സാമൂഹ്യ പ്രവർത്തകനായ മജ്മ സ്വാലിഹുമായി ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പൂർത്തിയാക്കി വരുന്നതായി സിദ്ദീക്ക് തുവ്വൂർ അറിയിച്ചു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!