NSS-നെ അനുനയിപ്പിക്കാൻ സർക്കാർ; നാമജപ പ്രതിഷേധത്തിനെതിരായ കേസ് എഴുതിത്തള്ളാൻ നീക്കം
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ സർക്കാർ. മിത്ത് വിവാദത്തിൽ നാമജപ പ്രതിഷേധം നടത്തിയവർക്കെതിരേ എടുത്ത കേസിലെ തുടർനടപടികളിൽ നിന്ന് പോലീസ് പിന്നോട്ട് പോയേക്കുമെന്ന് സൂചന. ഇതിനായി സർക്കർ നിയമസാധ്യതകൾ പരിശോധിക്കുന്നതായാണ് വിവരം.
സംഘം ചേരൽ, കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതിഷേധക്കാർക്കെതിരേ കേസെടുത്തിരിക്കുന്നത്. എൻഎസ്എസിന്റെ വൈസ് പ്രസിഡന്റ് അടക്കമുള്ളവരെ ഒന്നാം പ്രതിയാക്കിയാണ് കേസ്. എന്നാൽ പ്രതിഷേധക്കാർക്ക് ഗൂഢ ലക്ഷ്യങ്ങൾ ഇല്ല എന്നാണ് ഇപ്പോൾ പോലീസിന്റെ നിലപാട്.
പ്രതിഷേധത്തിന് ഗൂഢാലോചനയില്ല, അക്രമങ്ങൾ ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പോലീസ് നടപടികളിൽനിന്ന് പിന്നാക്കംപോകാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച കൂടിയാലോചനകൾ പോലീസിന്റെ ഉന്നതതലത്തിൽ നടക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ കേസ് ഹൈക്കോടതിയുടേയും മജിസ്ട്രേറ്റ് കോടതിയുടേയും മുമ്പിലാണ്. അതുകൊണ്ടുതന്നെ കേസ് പിൻവലിക്കാൻ സാധിക്കില്ല. തുടർനടപടികളിൽ നിന്ന് പോലീസ് പിന്നോട്ട് പോയേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
നാമജപ പ്രതിഷേധത്തിൽ എൻ.എസ്.എസ്. വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനെതിരേ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിയിൽ പോലീസ് എൻഎസ്എസിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ചുള്ള വിഷയങ്ങളിൽ പോലീസ് നിയമവശങ്ങൾ പരിശോധിക്കുന്നതായാണ് വിവരം.