ഖത്തറിലെ മലയാളി നൃത്താധ്യാപികയുമായുളള അടുപ്പം കലാശിച്ചത് കൊലാപാതകത്തിൽ; മുതലാളിയോട് നന്ദി കാണിച്ചതെന്ന് അലിഭായ്! സാത്താന്‍ ചങ്ക്‌സിൻ്റെ ആസൂത്രണം

ത്തറില്‍ നൃത്താധ്യാപികയായ യുവതിയുമായുള്ള പരിചയം അടുപ്പമായി വളര്‍ന്നപ്പോള്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ തേടിയെത്തിയത് ക്വട്ടേഷന്‍. രാജേഷിനോട് പ്രതികാരം തീര്‍ക്കണമെന്ന് ഖത്തറിലെ വ്യവസായിയും അധ്യാപികയുടെ ഭര്‍ത്താവുമായ അബ്ദുള്‍ സത്താര്‍ ആവശ്യപ്പെട്ടപ്പോള്‍ അയാളുടെ ജീവനക്കാരനായ മുഹമ്മദ് സ്വാലിഹ് എന്ന അലിഭായി ആ ‘ദൗത്യം’ ഏറ്റെടുത്തു. 2018 മാര്‍ച്ച് 27-ന് മടവൂരിലെ റെക്കോഡിങ് സ്റ്റുഡിയോയിലിട്ട് രാജേഷിനെ അതിക്രൂരമായി വെട്ടിക്കൊന്നു. (ചിത്രം: രാജേഷ് കൊലക്കേസിലെ പ്രതി അപ്പുണ്ണി പോലീസ് കസ്റ്റഡിയിൽ(ഇടത്ത്) കൊല്ലപ്പെട്ട രാജേഷ്(വലത്ത്) 

ഏറെ കോളിളക്കം സൃഷ്ടിച്ച റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ അഞ്ചുവര്‍ഷത്തിന് ശേഷം 2023 ഓഗസ്റ്റ് 14-ന് കോടതി വിധി പ്രസ്താവിച്ചിരിക്കുകയാണ്. കേസിലെ രണ്ട് പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. രണ്ടാംപ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാംപ്രതി അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ 16-ന് വിധിക്കും. കേസിലെ ഒമ്പതുപ്രതികളെ കോടതി വെറുതെവിടുകയും ചെയ്തു.

 

മാസങ്ങളോളം നീണ്ട വിചാരണയ്‌ക്കൊടുവില്‍ രണ്ടുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയെങ്കിലും കേസിലെ ഒന്നാംപ്രതിയായ അബ്ദുള്‍ സത്താര്‍ ഇപ്പോഴും ഒളിവിലാണ്. രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയും എല്ലാകാര്യങ്ങളും ആസൂത്രണം ചെയ്യുകയും ചെയ്ത സത്താറിനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല.

 

 

ചുവന്ന കാര്‍, മടവൂര്‍ ഞെട്ടിയുണര്‍ന്നത് കൊലപാതകവാര്‍ത്ത കേട്ട്….

2018 മാര്‍ച്ച് 27-ന് പുലര്‍ച്ചെയാണ് മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷ് (35) തന്റെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോയില്‍വെച്ച് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ചുവന്ന കാറിലെത്തിയ മൂന്നംഗസംഘം രാജേഷിനെ കടയ്ക്കുള്ളിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൈകളിലും കാലുകളിലും ഉള്‍പ്പെടെ 15-ലേറെ തവണ രാജേഷിന് വെട്ടേറ്റിരുന്നു.

സംഭവം ക്വട്ടേഷന്‍ കൊലപാതകമാണെന്നും കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് പദ്ധതി നടപ്പിലാക്കിയതെന്നും പ്രാഥമികഘട്ടത്തില്‍ തന്നെ പോലീസിന് വ്യക്തമായി. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനെയാണ് ക്വട്ടേഷന്‍സംഘം ആദ്യം വെട്ടിയതെങ്കിലും ഇയാള്‍ കടയില്‍നിന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ഇയാളെ പിന്തുടരാതെ രാജേഷിനെ മാത്രം ആക്രമിച്ചതിലൂടെ ഇവരുടെ ലക്ഷ്യം ഒരാള്‍മാത്രമായിരുന്നുവെന്ന് പോലീസ് ഉറപ്പിച്ചു. പക്ഷേ, ആര്, എന്തിനുവേണ്ടി എന്ന ചോദ്യങ്ങള്‍ ബാക്കിയായിരുന്നു. രാജേഷിനോട് നാട്ടില്‍ ശത്രുതയുള്ള ആരുമില്ലെന്ന് വീട്ടുകാരും നാട്ടുകാരും മൊഴിനല്‍കി. ഇതോടെ ചുവന്ന കാറിലെത്തിയ അക്രമികള്‍ ആരാണെന്ന് കണ്ടെത്താന്‍ പോലീസ് പരക്കംപാഞ്ഞു.

 

പ്രതികളായ അപ്പുണ്ണി(ഇടത്ത്) മുഹമ്മദ് സ്വാലിഹ് എന്ന അലിഭായി(വലത്ത്)

 

കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒരുവശത്ത് നടക്കുന്നതിനിടെ രാജേഷിന്റെ മൊബൈല്‍ഫോണും പോലീസ് വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് ഖത്തറിലുള്ള യുവതിയുമായുള്ള രാജേഷിന്റെ സൗഹൃദം അന്വേഷണസംഘത്തിന് മനസിലായത്. ഇതിനുപിന്നാലെ റേഡിയോ ജോക്കി കൊലക്കേസിലെ ദുരൂഹതകളെല്ലാം ഒന്നൊന്നായി നീങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കൃത്യത്തില്‍ നേരിട്ടുപങ്കെടുത്ത മുഹമ്മദ് സ്വാലിഹും അപ്പുണ്ണിയും തന്‍സീറും അടക്കമുള്ളവര്‍ പിടിയിലായി. ഇവരെ സഹായിച്ചവരും കൃത്യത്തിന്റെ ആസൂത്രണത്തില്‍ പങ്കാളികളായവരും കേസില്‍ പ്രതികളായി. എന്‍ജിനീയറിങ് വിദ്യാര്‍ഥി അടക്കമുള്ളവരാണ് ഈ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

 

റേഡിയോ ജോക്കി, ‘രസികന്‍ രാജേഷ്’

പ്രിഡീഗ്രിക്ക് ശേഷം സാമ്പത്തികപ്രയാസം കാരണം രാജേഷിന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കാനായിരുന്നില്ല. തുടര്‍ന്ന് കുട്ടികള്‍ക്ക് ട്യൂഷനെടുത്തും മറ്റുമാണ് ആ ചെറുപ്പക്കാരന്‍ വരുമാനം കണ്ടെത്തിയത്. ഇതിനിടെ കൊച്ചിയിലെ ഒരു റേഡിയോ ചാനലില്‍ റേഡിയോ ജോക്കിയായി രാജേഷിന് ജോലി ലഭിച്ചു. ഒരുവര്‍ഷം കഴിഞ്ഞ് അത് മതിയാക്കി നാട്ടില്‍ തിരിച്ചെത്തി ട്യൂഷന്‍ ക്ലാസുകള്‍ തുടങ്ങിയെങ്കിലും വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങിയതോടെ വീണ്ടും റേഡിയോ ചാനലിലെ ജോലിക്ക് കയറി. ‘രസികന്‍ രാജേഷ്’ എന്ന പേരിലാണ് രാജേഷ് റേഡിയോപരിപാടികളില്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് 2016-ല്‍ ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലി ലഭിച്ച് അവിടേക്ക് പോയെങ്കിലും 2017-ല്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തി സ്വന്തമായി റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങുകയായിരുന്നു. ഇതിനൊപ്പം കൊല്ലം നൊസ്റ്റാള്‍ജിയ എന്ന നാടന്‍പാട്ട് ട്രൂപ്പിനൊപ്പവും പ്രവര്‍ത്തിച്ചു.

 

റോഡിലൂടെ പാഞ്ഞ് ചുവന്ന കാര്‍, അരുംകൊല…

2018 മാര്‍ച്ച് 27-ന് പുലര്‍ച്ചെ നാവായിക്കുളം ക്ഷേത്രത്തിലെ നാടന്‍പാട്ട് പരിപാടി കഴിഞ്ഞ് സ്റ്റുഡിയോയിലെത്തി വിശ്രമിക്കുകയായിരുന്നു രാജേഷും സുഹൃത്ത് കുട്ടനും. വീട്ടില്‍പ്പോയി രണ്ടുപേര്‍ക്കും കഴിക്കാനുള്ള ആഹാരമെല്ലാം എടുത്തുവന്നതിന് പിന്നാലെയാണ് സ്റ്റുഡിയോയുടെ മുന്നിലെ റോഡിലൂടെ ഒരു കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് രാജേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചുവന്ന കാര്‍ നിരന്തരം റോഡിലൂടെ തലങ്ങും വിലങ്ങും പാഞ്ഞതോടെ രാജേഷും കുട്ടനും എന്താണെന്നറിയാനായി പുറത്തിറങ്ങി നോക്കി. ഇതിനിടെയാണ് കാറിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയത്. മുഖംമൂടി ധരിച്ച അക്രമിസംഘം രാജേഷിന്റെ സ്റ്റുഡിയോ ലക്ഷ്യമാക്കി ഇരച്ചെത്തി. ആദ്യം കുട്ടനെയാണ് ഇവര്‍ ആക്രമിച്ചത്. കൈയ്ക്ക് വെട്ടേറ്റ കുട്ടന്‍ ഇറങ്ങിയോടി. കടയ്ക്കുള്ളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം രാജേഷിനെ പിന്തുടര്‍ന്നെത്തി. തുടര്‍ന്ന് കടയ്ക്കുള്ളിലിട്ട് മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ കുട്ടന്‍ സമീപവാസികളെ വിളിച്ചുണര്‍ത്തി ആദ്യം വിവരമറിയിച്ചെങ്കിലും ഭയംകാരണം ആരും സ്റ്റുഡിയോയിലേക്ക് വന്നില്ല. തുടര്‍ന്ന് ചില സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് ഇവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചെത്തിയത്. അപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞിരുന്നു. വെട്ടേറ്റ് ചോരവാര്‍ന്ന് കിടക്കുകയായിരുന്ന രാജേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

ആദ്യം സൂചനയില്ലാതെ പോലീസ്, ഒടുവില്‍ ചുരുളഴിഞ്ഞു….

രാജേഷ് വധക്കേസില്‍ പ്രാഥമികഘട്ടത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും അക്രമിസംഘം സഞ്ചരിച്ച കാര്‍ തിരിച്ചറിയാനോ പ്രതികളാരെന്ന് കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ കാര്‍ തിരിച്ചറിഞ്ഞതും ഖത്തറിലുള്ള പെണ്‍സുഹൃത്തുമായുള്ള രാജേഷിന്റെ ബന്ധവും വ്യക്തമായതോടെ കേസില്‍ വഴിത്തിരിവായി. ക്വട്ടേഷന്‍ നല്‍കിയത് ഓച്ചിറ സ്വദേശിയും ഖത്തറില്‍ വ്യവസായിയുമായ അബ്ദുള്‍ സത്താറാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൃത്യം നടത്തിയത് ഇയാളുടെ ജീവനക്കാരനായ മുഹമ്മദ് സ്വാലിഹാണെന്നും ക്വട്ടേഷന്‍ സംഘത്തലവനായ കായംകുളം സ്വദേശി അപ്പുണിയാണ് ഇതിന് സഹായം ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതികള്‍ ഓരോരുത്തരായി പോലീസിന്റെ വലയിലായെങ്കിലും കേസിലെ ഒന്നാംപ്രതിയായ സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഇപ്പോഴും ഖത്തറില്‍ ഒളിവിലാണ്. ഇയാളെ നാട്ടിലെത്തിച്ച് നിയമത്തിന്റെ മുന്നിലെത്തിക്കാനുള്ള ശക്തമായ ഇടപെടല്‍ ഇതുവരെ ഉണ്ടായിട്ടില്ല. സത്താറിനെതിരേ ഖത്തര്‍ സര്‍ക്കാര്‍ സാമ്പത്തിക കുറ്റം ചുമത്തിയിട്ടുള്ളതായാണ് സൂചന. ഇതുനിമിത്തം ഇയാള്‍ക്ക് യാത്രാവിലക്കുണ്ടെന്നും പറയുന്നു.

 

രാജേഷ് വധക്കേസിലെ പ്രതികളെ മടവൂരില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍

 

 

ഖത്തറിലെ അടുപ്പം, ക്വട്ടേഷന്‍ ഏറ്റെടുത്ത് അലിഭായി…

ഖത്തറില്‍ ജോലിചെയ്യുന്ന കാലത്താണ് രാജേഷ് അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായി പരിചയത്തിലാകുന്നത്. ഈ പരിചയം അടുപ്പമായി വളര്‍ന്നു. രാജേഷുമായുള്ള ബന്ധത്തെച്ചൊല്ലി സത്താറിന്റെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ പതിവായി. സത്താറും ഭാര്യയും പിരിഞ്ഞ് താമസിക്കാനും കുടുംബം തകരാനും കാരണമായി. ഇതോടെയാണ് രാജേഷിനെ വകവരുത്താന്‍ സത്താര്‍ തീരുമാനമെടുത്തത്.

തന്റെ ജീവനക്കാരനും വിശ്വസ്തനുമായ അലിഭായി എന്ന മുഹമ്മദ് സ്വാലിഹിനെയാണ് സത്താര്‍ ക്വട്ടേഷന്‍ നല്‍കിയത്. ഒരുകൈയും രണ്ട് കാലുകളും വെട്ടിമാറ്റണമെന്നായിരുന്നു ആദ്യനിര്‍ദേശം. ക്വട്ടേഷന്‍ ഏറ്റെടുത്ത അലിഭായി ഇതിനായി മാര്‍ച്ച് 15-ന് നാട്ടിലേക്ക് തിരിച്ചു. ദോഹയില്‍നിന്ന് നേപ്പാള്‍ വഴിയായിരുന്നു യാത്ര. വിദേശത്തുനിന്ന് വരുന്നവിവരം അലിഭായി ബന്ധുക്കളെ അറിയിച്ചിരുന്നില്ല. രഹസ്യമായി നാട്ടിലെത്തിയ അലിഭായി ക്വട്ടേഷന്‍ നടപ്പാക്കാനായി പരിചയക്കാരനായ അപ്പുണ്ണിയുടെ സഹായം തേടി. ക്വട്ടേഷന്‍ സംഘത്തലവനായ അപ്പുണ്ണി ഇത് ഏറ്റെടുത്തു.

 

സാത്താന്‍ ചങ്ക്‌സിന്റെ ആസൂത്രണം…

അപ്പുണ്ണിയുടെ നേതൃത്വത്തിലുള്ള ‘സാത്താന്‍ ചങ്ക്‌സ്’ എന്ന വാട്‌സാപ്പ് കൂട്ടായ്മ വഴിയാണ് ക്വട്ടേഷന്റെ തുടര്‍ന്നുള്ള ആസൂത്രണങ്ങള്‍ നടന്നത്. സംഘാംഗമായ ഒരാളുടെ വീട്ടില്‍വെച്ച് ‘സാത്താന്‍ ചങ്ക്‌സി’ലെ അംഗങ്ങള്‍ ഒത്തുചേര്‍ന്നു. ഇവിടെവെച്ച് കൃത്യമായ പദ്ധതിയുണ്ടാക്കി. ആക്രമണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ സംഘത്തിലെ ചിലര്‍ മടവൂരിലെത്തി രാജേഷിനെ നിരീക്ഷിച്ചിരുന്നു. രാജേഷിനെ തന്ത്രപൂര്‍വം എവിടെയെങ്കിലും കൊണ്ടുപോയി ക്വട്ടേഷന്‍ നടപ്പിലാക്കാനായിരുന്നു സംഘം ആദ്യം പദ്ധതിയിട്ടത്. എന്നാല്‍, രാജേഷ് ചെന്നൈയ്ക്ക് പോവുകയാണെന്ന് അറിഞ്ഞതോടെ മാര്‍ച്ച് 26-നും 27നും ഇടയില്‍ തന്നെ കൃത്യം നടപ്പിലാക്കാന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു.

 

ആക്രമണം ഭയന്നു, ചെന്നൈയില്‍ ജോലി അന്വേഷിച്ചു…

ഖത്തറിലെ സൗഹൃദത്തിന്റെ പേരില്‍ തനിക്ക് നേരേ നാട്ടില്‍ ആക്രമണമുണ്ടാകുമെന്ന് രാജേഷ് ഭയന്നിരുന്നു. സത്താറിന്റെ ഭാര്യയുമായുള്ള സംസാരത്തിനിടെ ഇരുവരും ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്നാണ് നാട്ടില്‍നിന്ന് മാറിനില്‍ക്കാനും മറ്റൊരിടത്ത് ജോലിക്ക് ചേരാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ചെന്നൈയിലേക്കുള്ള യാത്രയും.

ചെന്നൈ യാത്രയുടെ തലേദിവസം നേരത്തെ പരിചയമില്ലാത്ത ചിലര്‍ രാജേഷിന്റെ സ്റ്റുഡിയോയില്‍ എത്തിയിരുന്നതായി അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷോര്‍ട്ട്ഫിലിം നിര്‍മാണത്തില്‍ പങ്കാളിയാകണമെന്നും അതിനുവേണ്ട സാങ്കേതികസഹായങ്ങള്‍ നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, തൊട്ടടുത്തദിവസം ചെന്നൈയിലേക്ക് പോകുന്നതിനാല്‍ ഷോര്‍ട്ട്ഫിലിമുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് രാജേഷ് ഇവരോട് പറഞ്ഞു. അന്ന് സ്റ്റുഡിയോയില്‍ എത്തിയത് പ്രതികളുമായി ബന്ധമുള്ളവരാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

മുതലാളിയോടുള്ള നന്ദിയെന്ന് അലിഭായ്…

സംഭവദിവസം പുലര്‍ച്ചെ ഖത്തറിലെ പെണ്‍സുഹൃത്തുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് രാജേഷിന് നേരേ ആക്രമണമുണ്ടായത്. തലങ്ങും വിലങ്ങും രാജേഷിനെ അക്രമികള്‍ വെട്ടിനുറുക്കി. ക്രൂരമായ ആക്രമണത്തില്‍ കൈപ്പത്തി അറ്റു, കാലുകള്‍ രണ്ടും ചിതറിവീണു. കൃത്യംനടത്തിയ ശേഷം അലിഭായിയും കൂട്ടുപ്രതികളും ബെംഗളൂരുവിലേക്കാണ് പോയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്നീട് അടൂരില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കാറുടമയെ ചോദ്യംചെയ്തതോടെയാണ് ഇത് ഗള്‍ഫില്‍നിന്ന് വന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയതാണെന്ന് വ്യക്തമായത്. എന്നാല്‍, ഇതിനകം അലിഭായി നേപ്പാള്‍ വഴി ഖത്തറിലേക്ക് കടന്നുകളഞ്ഞിരുന്നു.

 

കൊല്ലപ്പെട്ട രാജേഷ്

 

നാട്ടില്‍ കൊലപാതകം നടത്തി ഖത്തറിലേക്ക് രക്ഷപ്പെട്ടെങ്കിലും മുഹമ്മദ് സ്വാലിഹ് എന്ന അലിഭായിക്ക് അവിടെ സ്വസ്ഥതയുണ്ടായില്ല. കേരള പോലീസ് ഇന്റര്‍പോള്‍ വഴി ഉള്‍പ്പെടെ സമ്മര്‍ദം ചെലുത്തിയതോടെ അലിഭായിക്ക് കുരുക്ക് മുറുകി. ഖത്തറിലെ സന്നദ്ധസംഘടനകളും പോലീസിനെ സഹായിച്ചു. ഇതോടെ അലിഭായിയെ ഖത്തറില്‍നിന്ന് നാട്ടിലേക്ക് കയറ്റിവിടുകയും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

എല്ലാസഹായവും നല്‍കിയത് സത്താറാണെന്നും അയാളുടെ കുടുംബജീവിതം തകര്‍ന്നതിന്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമായിരുന്നു അലിഭായിയുടെ മൊഴി. എന്നാല്‍ ക്വട്ടേഷനായിട്ടല്ല താന്‍ ഇത് ഏറ്റെടുത്തത്. ജോലി നല്‍കിയ സത്താറിനോടുള്ള നന്ദിയാണ് കാണിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു. വിമാനടിക്കറ്റിനുള്ള പണം ഉള്‍പ്പെടെ നല്‍കിയത് സത്താറാണെന്നും കൃത്യം നടത്തിയ ആയുധങ്ങള്‍ ഉപേക്ഷിച്ചത് കൊല്ലത്താണെന്നും പ്രതി വെളിപ്പെടുത്തി.

 

വിചാരണ, ഒടുവില്‍ വിധി…

സാക്ഷിവിസ്താരം പൂര്‍ത്തിയാക്കി അന്തിമവാദത്തിനിരുന്ന സമയത്ത് രാജേഷ് വധക്കേസില്‍ ചില നിര്‍ണായക വഴത്തിരിവുകളും ഉണ്ടായി. കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തും കേസിലെ ഏകദൃക്‌സാക്ഷിയുമായ കുട്ടന്‍ മൊഴി മാറ്റിപറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. പ്രതികള്‍ മങ്കിക്യാപ് ധരിച്ചാണ് എത്തിയതെന്ന് ആദ്യം കോടതിയില്‍ മൊഴിനല്‍കിയ കുട്ടന്‍, പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, പുതിയ മൊഴിയില്‍ പ്രതികള്‍ മുഖംമറച്ചതിനാല്‍ തങ്ങളെ ആക്രമിച്ചത് ആരാണെന്നകാര്യം അറിയില്ലെന്നായിരുന്നു കുട്ടന്റെ മൊഴി. ആദ്യമൊഴി നല്‍കിയത് പോലീസിന്റെ നിര്‍ദേശപ്രകാരമാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതോടെ ദൃക്‌സാക്ഷിയെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും കോടതി ഇതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് സാക്ഷിയുടെ ആദ്യമൊഴി കണക്കിലെടുത്ത് കേസില്‍ വിധി പറഞ്ഞത്.

Share
error: Content is protected !!