വിനോദ പരിപാടികളിൽ വ്യാപക പരിശോധന; മലയാളി കൂട്ടായ്മകളുടേതുൾപ്പെടെ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി

സൗദിയിൽ വിനോദ പരിപാടികളിൽ വ്യാപക പരിശോധന. ആറ് മാസത്തിനിടെ 3200 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. അതോറിറ്റി ഈ വർഷം ആദ്യ പകുതിയിൽ നടത്തിയ പതിനായിരത്തിലേറെ ഫീൽഡ് പരിശോധനകളിലാണ് ലംഘനങ്ങൾ പിടികൂടിയത്. ലംഘനങ്ങളിൽ സംഘാടകർക്കെതിരെ നടപടികൾ സ്വീകരിച്ചു വരുന്നതായും അതോറിറ്റി വെളിപ്പെടുത്തി. (ചിത്രം പ്രതീകാത്മകം)

മലയാളി കൂട്ടായ്മകളുൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സാധാരണയായി നടത്തി വരാറുളള ചെറുകിട വിനോദ പരിപാടികളിൽ പോലും ഈയിടെയായി പരിശോധന ശക്തമാക്കിയിരുന്നു. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളിലുൾപ്പെടെ പല പരിപാടികളും ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത് മൂലം ഇടക്ക് വെച്ച് പരിപാടികൾ നിർത്തി വെക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. മുൻ കാലങ്ങളിൽ ഉദ്യോഗസ്ഥർ ഇത്തരം ചെറിയ പരിപാടികളിൽ ഇത്ര ശക്തമായ പരിശോധന നടത്തിയിരുന്നില്ല. എന്നാൽ ചെറുകിട പരിപാടികൾക്കുൾപ്പെടെ അനമതി കർശനമാക്കിയതോടെയാണ് പരിശോധനയും ശക്തമാക്കിയത്.

വിനോദ പരിപാടികൾക്ക് എൻ്റർടൈൻമെൻ്റ് അതോറിറ്റിയിൽ നിന്ന് പെർമിറ്റെടുക്കണമെന്നാണ്  ചട്ടം. പെർമിറ്റനുവദിക്കുമ്പോൾ അതോറിറ്റി നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കാൻ സാധ്യതയുള്ള ആളുകളുടെ എണ്ണം, സ്ഥലം, പങ്കെടുക്കുന്ന സെലിബ്രിറ്റികൾ എന്നിവക്കനുസരിച്ച് കൃത്യമായ ഫീസും അതോറിറ്റിക്ക് അടക്കേണ്ടതാണ്. അഗ്നിശമന സേന, സിവിൽ ഡിഫൻസ്, അത്യാഹിത വിഭാഗം, ആംബുലൻസ് ഉൾപ്പെടെ അതോറിറ്റി നിർദേശിക്കുന്ന സുരക്ഷാ സംവിധാനങ്ങളും ഒരുക്കേണ്ടതാണ്.  പരിപാടി നടത്താൻ അനുമതി ലഭിച്ചാലും ഇത്തരം കാര്യങ്ങളിലുണ്ടാകുന്ന വീഴ്ചകളും നിയമലംഘനമായി കണക്കാക്കു.

രാജ്യത്ത് സംഘടിപ്പിച്ച വരുന്ന വിനോദ പരിപാടികളുടെ ഗുണമേന്മ ഉയർത്തുന്നതിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെയും ഭാഗമായാണ് പരിശോധനകൾ സംഘടിപ്പിച്ച് വരുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്തുടനീളം പതിനായിരത്തോളം പരിശോധനകൾ സംഘടിപ്പിച്ചതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു.

ഇതിൽ 3206 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും അതോറിറ്റി വെളിപ്പെടുത്തി. അതോറിറ്റി നിർദ്ദേശിച്ച ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതിരിക്കുക, ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി തേടാതിരിക്കുക, തുടങ്ങിയ ലംഘനങ്ങളിലാണ് നടപടി. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ലംഘനങ്ങൾ കണ്ടെത്തിയത്. 962 എണ്ണം. മക്ക പ്രവിശ്യയിൽ 865ഉം, കിഴക്കൻ പ്രവിശ്യയിൽ 834ഉം ലംഘനങ്ങൾ പിടികൂടി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ സംഘാടകർക്കെതിരെ പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും അതോറിറ്റി അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!