രോഗവും ദുരിതവും പേറി അഞ്ചരവർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ സാമൂഹികപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേക്ക്
സൌദിയിലെ തായിഫിൽ കഴിഞ്ഞ അഞ്ചരവർഷത്തെ അനിശ്ചിതത്വമാർന്ന പ്രവാസ ജീവിതത്തിനൊടുവിൽ ബാക്കിയായ രോഗ ദുരിതവും പേറി തമിഴ്നാട് സ്വദേശി സാമൂഹികപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് ശിവഗംഗ സ്വദേശിയായ കറുപ്പയ്യ സെൽവനാണ് (57) അഞ്ചു വർഷത്തിലേറെ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ നാട്ടിലെത്താനായത്. (ചിത്രത്തിൽ നാട്ടിലേയ്ക്ക് മടങ്ങുന്ന കറുപ്പയ്യ, സാമൂഹിക പ്രവർത്തകൻ പന്തളം ഷാജിക്കൊപ്പം)
30 വർഷമായി തായിഫിലെ ഒരു സ്വദേശിയുടെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കമ്പനിയുടെ നിയമ സാങ്കേതികപ്രശ്നങ്ങൾ മൂലം കറുപ്പയ്യയുടെ ഇഖാമ പുതുക്കാൻ കഴിഞ്ഞില്ല. കാലാവധി അവസാനിച്ച ഇഖാമ പുതുക്കാത്തതിനാൽ അവധിക്കോ ഫൈനൽ എക്സിറ്റിലോ പോകുന്നതിനും കഴിയാതെ കറുപ്പയ്യയുടെ വഴി അടഞ്ഞു.
പല തവണ പലവഴികളിൽ പലവാതിലുകൾ മുട്ടിയെങ്കിലും തിരികെപോക്ക് ഒരു സ്വപ്നമായി അഞ്ചുവർഷത്തോളം നീണ്ടു. ഇതിനിടെ കഴിഞ്ഞ ഏതാനും മാസം മുമ്പ് വൃക്ക രോഗം പിടികൂടിയതോടെ തുടർചികിത്സയ്ക്കായി ഇയാളെ നാട്ടിലേക്കു തിരികെ എത്തിക്കാൻ പല സുഹൃത്തുക്കളും നടത്തിയ പരിശ്രമങ്ങളും ഫലം കണ്ടില്ല. തായിഫിൽ ജോലി ചെയ്തിരുന്ന കറുപ്പയ്യയുടെ ഇഖാമ റിയാദിൽ നിന്നുമുള്ളതായതിനാൽ റിയാദിലെത്തി പരിഹാരം കണ്ടെത്തേണ്ടുന്ന സാങ്കേതികത്വമായിരുന്നു അഭിമുഖീകരിക്കേണ്ടിയിരുന്നത്.
തായിഫിലെ സാമൂഹിക പ്രവർത്തകരായ വിജയൻ നെല്ലനാട്,ഷിബിൻ സെബാസ്റ്റ്യൻ, ലിയാക്കത്ത് കോട്ട എന്നിവർ ജിദ്ദ ഇന്ത്യൻ കോൺസലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ കമ്മറ്റി അംഗമായ പന്തളം ഷാജിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ ഷാജി നടത്തിയ ഇടപെടലുകൾക്കൊടുവിൽ കമ്പനിയുടെ സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഫൈനൽ എക്സിറ്റ് ലഭ്യമാക്കി. നിയമപരമായി ലഭിക്കേണ്ട എല്ലാം അനൂകൂല്യവും കറുപ്പയ്യായ്ക്ക് കമ്പനി നൽകി. നാട്ടിലെത്തി എത്രയും പെട്ടെന്ന് മതിയായ ചികിത്സ നടത്തണമെന്നാണ് ആഗ്രഹം. തനിക്കായി പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും ഇന്ത്യൻ എംബസിക്കും സാമൂഹിക പ്രവർത്തകർക്കും നന്ദി പറഞ്ഞ് തായിഫിൽ നിന്ന് ബുധനാഴ്ചത്തെ വിമാനത്തിൽ ചെന്നൈയ്ക്ക് മടങ്ങി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക