മാസപ്പടി വിവാദം: ബാർ കോഴ കേസിൻ്റെ കാലത്തു പോലും, മേശപ്പുറത്തു കാശ് കൊണ്ടുവന്നു വച്ചിട്ട് അദ്ദേഹം അതു വാങ്ങിയിട്ടില്ല എന്ന് പറയുന്ന സർട്ടിഫിക്കറ്റ് തനിക്കുണ്ട്; ഞാൻ കൈകൊണ്ട് പണം വാങ്ങിയിട്ടില്ല, കൈകൊണ്ട് എന്നു മാത്രമേ പറയുന്നുള്ളൂ – കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ബാർ കോഴ കേസിന്റെ കാലത്തു പോലും, മേശപ്പുറത്തു കാശ് കൊണ്ടുവന്നു വച്ചിട്ട് അദ്ദേഹം അതു വാങ്ങിയിട്ടില്ല എന്ന് പറയുന്ന സർട്ടിഫിക്കറ്റ് തനിക്കുണ്ടെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. താൻ ഇന്നുവരെ കൈകൊണ്ടു കാശ് വാങ്ങിയിട്ടില്ല. കൈകൊണ്ട് എന്നു മാത്രമേ പറയുന്നുള്ളൂ. അതിലും വിശുദ്ധിയോടെ ലോകത്താരും പാർട്ടി നടത്തുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാർട്ടി സംഭാവന സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ രസീതും കൊടുത്ത് കണക്കും വച്ചിട്ടുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) ഉദ്യോഗസ്ഥരിൽനിന്ന് പണം വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടതുമായി ബന്ധപ്പെട്ടാണ് വാർത്താ സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് തുടങ്ങിയ നേതാക്കൾക്ക് പണം നൽകിയതായി സിഎംആർഎൽ) ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ്കുമാർ ആദായനികുതി വകുപ്പിനു മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണം അവസരം വരുമ്പോൾ സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘‘അവസരം വരുമ്പോൾ ഇക്കാര്യം ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞല്ലോ. ഇനിയിപ്പോൾ നേതാക്കൻമാരുടെ പേരു പറഞ്ഞതിനെക്കുറിച്ചാണെങ്കിൽ, വന്നതെല്ലാം പാർട്ടി നടത്തുന്ന നേതാക്കൻമാരുടെ പേരാണ്. വേറൊരു കാര്യം പറയാം. ബാർ കോഴ കേസ് നടക്കുന്ന കാലത്ത്, ഞാൻ എന്റെ ജീവിതത്തിൽ ആരുടെയും പണം കൈകൊണ്ടു വാങ്ങിയിട്ടില്ല. ഒരു പാർട്ടി നടത്തുന്ന ആളാണ്. അപ്പോൾ, പാർട്ടി സംഭാവന സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ രസീതും കൊടുത്തിട്ടുണ്ടാകും പണം അക്കൗണ്ടും ചെയ്തിട്ടുണ്ടാകും.

ഇപ്പോൾ ഞങ്ങൾക്ക് പണം തന്നതുകൊണ്ട് പരിസ്ഥിതി ബോർഡ് എതിർക്കാൻ പാടില്ലാന്നു വല്ലോം ഉണ്ടോ? അപ്പോൾ ഇതിലുള്ളതെല്ലാം നേതാക്കൻമാരുടെ പേരുകളാണ്. സംഭാവനയാണോ അല്ലയോ എന്നുപോലും അറിയില്ല. ഇതൊക്കെ എത്രയോ കാലം മുൻപു നടന്നതാണ്. സംഭാവന വാങ്ങിയിട്ടുണ്ടെങ്കിൽ പാർട്ടി അതിനു രസീതും കൊടുത്തിട്ടുണ്ടാകും, കണക്കും വച്ചിട്ടുണ്ടാകും. അത്രയേ അതിൽ പറയാനുള്ളൂ. അല്ലാതെ അതിൽ വേറെ കാര്യമൊന്നുമില്ല.

ആ പട്ടികയിൽ മാധ്യമ സ്ഥാപനങ്ങളുണ്ട്, പ്രസ് ക്ലബ്ബുകളുണ്ട്, മാധ്യമപ്രവർത്തകരുണ്ട്. ഒരു രാജ്യത്തെ 10–30 വർഷത്തെ ചരിത്രത്തിന്റെ ഇടയിൽ ഇതുപോലുള്ള ചാരിറ്റിയുണ്ടാകും സ്പോൺസർഷിപ്പുണ്ടാകും പരസ്യമുണ്ടാകും. ഇവിടെ പ്രവർത്തിക്കുന്ന ഒരു കമ്പനിയല്ലേ അത്. എന്തെല്ലാം കാര്യങ്ങൾ അവർ സ്പോൺസർ ചെയ്തിട്ടുണ്ടാകും. നമ്മളെല്ലാം ഇങ്ങനെ വിശുദ്ധി വാദിക്കണോ? അതിൽ കാര്യമൊന്നുമില്ല.

എന്തായാലും ഒരു കാര്യം പറയാം. ബാർ കോഴ വിവാദത്തിന്റെ കാലത്ത് കാശു കൊണ്ടുവന്ന് മേശപ്പുറത്തു വച്ചിട്ട് അദ്ദേഹം കാശു വാങ്ങിയില്ല എന്ന് പറയുന്ന സർട്ടിഫിക്കറ്റ് എനിക്കുണ്ട്. അതുകൊണ്ട് ഒരു കാര്യം ഉറപ്പിച്ചു ഞാൻ പറയാം, ഇന്നുവരെ കൈകൊണ്ട് ഞാൻ പണം വാങ്ങിയിട്ടില്ല. കൈകൊണ്ട് എന്ന് പ്രത്യേകം പറയുന്നതിന്റെ കാര്യമെന്താണെന്ന് അറിയാമല്ലോ. പണ്ട് ആരാണ്ട് പറഞ്ഞതുപോലെ, കൈകൊണ്ട് എന്നു മാത്രമേ ഞാൻ പറയുന്നുള്ളൂ. അതല്ലാത്ത വിശുദ്ധിയിൽ ലോകത്താരും പാർട്ടികളൊന്നും നടത്തുന്നുണ്ടാകില്ല.’’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!