മാസപ്പടി വിവാദം: പണം വാങ്ങിയതിൽ തെറ്റില്ലെന്ന് കുഞ്ഞാലിക്കുട്ടി; പാർട്ടി തീരുമാനമെന്നും, പ്രതിപക്ഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്നും വി.ഡി സതീശൻ

സിഎംആർഎൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം നിഷേധിക്കാതെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പണം വാങ്ങിയത് എല്ലാം നേതാക്കളാണ്. അങ്ങനെ പണം വാങ്ങുന്നതിൽ തെറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൊത്തം പരിസ്ഥിതി മലിനീകരണത്തിന്റെ ഉത്തരവാദിത്തം ഒരു കരിമണൽ കമ്പനിയുടെ തലയിൽ ഇടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ കൈകൊണ്ട് ഒരാളോടും പണം വാങ്ങിയിട്ടില്ല. പാർട്ടി സംഭാവന വാങ്ങിയിട്ടുണ്ടാവാം. അതിന് രസീറ്റ് കൊടുത്തിട്ടുണ്ടാവും കണക്കുംവെച്ചിട്ടുണ്ടാവും. പാർട്ടി നേതാക്കളുടെ പേരാണ് പുറത്തുവന്നത്. ഇവരെല്ലാം പാർട്ടിയെ നയിക്കുന്നവരാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽനിന്ന് പലരും സംഭാവന വാങ്ങിയിട്ടുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മാസപ്പടി വിവാദത്തിൽ യു.ഡി.എഫ് നേതാക്കളുടെ പേരും ഉൾപ്പെട്ടതിനാൽ വീണാ വിജയനെതിരായ ആരോപണം നിയമസഭയിൽ ഉന്നയിക്കണമോ എന്നതിൽ യു.ഡി.എഫിന് ആശയക്കുഴപ്പുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയും വി.ഡി സതീശനും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊച്ചി മിനറൽസ് ആന്റ് റൂട്ടെയിൽ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടറായ ശശിധരൻ കർത്തയുടെ വീട്ടിലും 2019 ജനുവരി 25നായിരുന്ന ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ കണ്ടെത്തിയ ഡയറിയിലാണ് മാസപ്പടി കണക്കുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് 2017 മുതൽ മൂന്നുവർഷം നൽകിവന്ന പണത്തിന്റെ കണക്കുകളും ഉണ്ടായിരുന്നു. വീണാ വിജയന് പുറമേ യു.ഡി.എഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹീം കുഞ്ഞ് തുടങ്ങിയവരുടെ പേരുകളാണ് ശശിധരൻ കർത്തയുടെ ഡയറിയിലുള്ളത്.

അതേസമയം, നിയമസഭയിൽ പ്രതിപക്ഷം എന്താണ് സംസാരിക്കേണ്ടതെന്ന് മാധ്യമങ്ങളല്ല തീരുമാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രയോരിറ്റി നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല. അത് ഞങ്ങളാണ് തീരുമാനിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കാത്ത നിലപാടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

പ്രതിപക്ഷത്തിന്റെ വിമുഖത അളക്കേണ്ടത് മാധ്യമങ്ങളാണോ. ഇന്നലെ ബില്ലുകളുടെ ചർച്ചയായിരുന്നു. അതിനിടയിൽ സഭയിൽ മാസപ്പടി വിവാദം ഉന്നയിക്കാനാവില്ലായിരുന്നു. ഇന്നലെ രാവിലെയാണ് വാർത്ത വരുന്നത്. അപ്പോഴേക്കും രാവിലെയുള്ള നോട്ടീസ് കൊടുത്തു കഴിഞ്ഞിരുന്നു. ഇന്ന് രണ്ട് വിഷയങ്ങളുണ്ടായിരുന്നു. ഇതിൽ നോട്ടീസ് കൊടുത്താൽ റിജക്റ്റ് ചെയ്യുമായിരുന്നു. അഴിമതിയെക്കുറിച്ച് ഉന്നയിക്കാൻ വേറെ പ്രൊവിഷനുണ്ട്. അതുകൊണ്ട് താനൂർ വിഷയത്തിൽ നിലപാടെടുത്തു. യുഡിഎഫാണ് ഇത് തീരുമാനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.

 

 

രാഷ്ട്രീയ പാർട്ടികൾ വ്യവസായികളുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നതിൽ എന്താണ് തെറ്റ്. സംഭാവന വാങ്ങുന്നതിൽ തെറ്റില്ല. വീട്ടിൽ നിന്നും കൊണ്ടുവരുന്ന പണം കൊണ്ടാണോ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഫണ്ട് വാങ്ങുന്നുണ്ട്. അവരുടെ പ്രവർത്തനത്തിനും രാഷ്ട്രീയ പരിപാടികൾക്കും. പണം ആവശ്യമായി വരുന്നുണ്ട്. അപ്പോൾ വ്യവസായികളിൽ നിന്നും കച്ചവടക്കാരിൽ നിന്നും പണം വാങ്ങാറുണ്ട്. വിദേശ മലയാളികളിൽ നിന്നും പണം വാങ്ങിക്കും. പേരുകളിൽ പറഞ്ഞിരുന്നവരെല്ലാം വിലയ സ്ഥാനങ്ങളിൽ ഇരുന്നവരാണ്. പാർട്ടി പണം പിരിക്കാൻ ഏൽപ്പിച്ചവരാണ് അവരെല്ലാം. കെപിസിസി നിർദ്ദേശ പ്രകാരമാണ് ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നിശ്ചയിച്ചത്. സംഭാവന നൽകാൻ അവരെ അതാത് കാലങ്ങളിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

പാർട്ടി പരിപാടികൾ നടത്താൻ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയുമായിരുന്നു കോൺ​ഗ്രസ് അന്ന് ഏൽപ്പിച്ചിരുന്നത്. ഇന്ന് തന്നേയും കെപിസിസി പ്രസിഡന്റ് സുധാകരനേയുമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ കെഎസ്ഐഡിസിക്ക് കൂടി പങ്കാളിത്തമുള്ള ബിസിനസ് നടത്തുന്ന വ്യവസായിയാണ് കർത്ത. അയാളിൽ നിന്നും സംഭാവന വാങ്ങിയതിൽ യാതൊരു തെറ്റില്ലെന്നും വി.ഡി സതീശൻ പറ‍ഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!