ഷജീറയെ കൊന്നത് വിവാഹം കഴിഞ്ഞ് 7 മാസങ്ങൾക്ക് ശേഷം; കരീമീൻ വാങ്ങാനെന്നു പറഞ്ഞ് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി

കൊല്ലം∙ പുനലൂർ വാളക്കോട് കണ്ണങ്കര വീട്ടിൽ ഷാജഹാൻ–നസീറ ദമ്പതികളുടെ മകൾ ഷജീറയെ (30) വെള്ളത്തിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ 8 വർഷത്തിനു ശേഷം ഭർത്താവ് തേവലക്കര പാലയ്ക്കൽ ബദരിയ മൻസിലിൽ അബ്ദുൽ ഷിഹാബിനെ (41) കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2015 ജൂൺ 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. (ചിത്രത്തിൽ പ്രതി ഷിഹാബ്, കൊല്ലപ്പെട്ട ഷജീറ)

ക്രൈംബ്രാഞ്ച് പറയുന്നതിങ്ങനെ: കരിമീൻ വാങ്ങാമെന്നു പറഞ്ഞു സംഭവ ദിവസം മൺറോതുരുത്തിന് അടുത്തുള്ള പെരിങ്ങാലത്തേക്ക് ഷജീറയെ പ്രതി ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി. എന്നാൽ, മീൻ വാങ്ങാതെ തിരികെ ജങ്കാറിൽ വൈകുന്നരം 6.30ന് കല്ലുമൂട്ടിൽ കടവിൽ എത്തി. തലവേദനയെന്നു പറഞ്ഞു ഇരുട്ടുന്നതു വരെ കടവിലിരുന്നു. പിന്നീടു ഷജീറയെ ബോട്ടു ജെട്ടിയിലേക്കു കൊണ്ടു പോയി വെള്ളത്തിലേക്കു തള്ളിയിട്ടു. ആൾക്കാർ ഓടിക്കൂടിയപ്പോഴും രക്ഷാപ്രവർത്തനത്തിൽ നിന്നു മാറി പ്രതി ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു.

വെള്ളത്തിൽ നിന്നു വലിച്ചുകയറ്റിയ ഷജീറ അബോധാവസ്ഥയിൽ മൂന്നു ദിവസം ചികിത്സയിലായിരുന്നു. പിന്നീടാണു മരിച്ചത്. മരിക്കുന്നതുവരെ ഷെജീറ അബോധാവസ്ഥയിലായതിനാൽ സത്യാവസ്ഥ പുറത്തുവന്നില്ല. സംഭവ ദിവസം മുതൽ പ്രതി സംശയത്തിന്റെ നിഴലിലായിരുന്നു. സംഭവത്തിനു ദൃക്സാക്ഷികൾ ഇല്ലാത്തതു കൊണ്ടാണ് അറസ്റ്റ് വൈകിയത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയാണു ഷജീറയെ വെള്ളത്തിൽ തള്ളിയിട്ടതെന്ന നിഗമനത്തിൽ എത്തിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.

പ്രതിയുടേതു രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യ ഷിഹാബിന്റെ മോശം പെരുമാറ്റത്തെ തുടർന്നു ബന്ധം വേർപെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ഏഴു മാസത്തിനു ശേഷമാണ് ഷജീറ മരിക്കുന്നത്. സ്ത്രീധനമായി നൽകിയ വെളുത്ത കാറിന്റെ പേരിൽ  നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും വെളുത്ത കാറും കറുത്ത പെണ്ണിനെയുമാണ് കിട്ടിയതെന്നാണ് ഷിഹാബ് പറഞ്ഞിരുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു.

ഷെജീറയുടെ പിതാവ് എച്ച്.ഷാജഹാനും മാതാവ് നസീറയും നൽകിയ അപേക്ഷയെ തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ‘ഭാര്യയെ ഒഴിവാക്കുക’ എന്ന ഉദ്ദേശ്യത്തോടെ അബ്ദുൽ ഷിഹാബ് ബോധപൂർവം ഷെജീറയെ വെള്ളത്തിൽ തള്ളിയിടുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

 

 

 

 

കൂട്ടിക്കൊണ്ടുപോയത് കരിമീൻ വാങ്ങാമെന്നു പറഞ്ഞ്

കരിമീൻ വാങ്ങാൻ എന്നുപറഞ്ഞാണ് അബ്ദുൽ ഷിഹാബ് ഭാര്യയെ ബോട്ടുജെട്ടിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ബൈക്കിൽ മൺറോത്തുരുത്ത് പെരിങ്ങാലത്തെത്തുകയും അവിടെനിന്ന് മീൻ കിട്ടാതെ ആറരയോടെ ജങ്കാർ കയറി കല്ലുംമൂട്ടിൽക്കടവിൽ എത്തുകയുമായിരുന്നു. തലവേദനയാണെന്നു പറഞ്ഞ്, അവസാന ജങ്കാർ വരുന്നതുവരെ പ്രതി അവിടെത്തന്നെയിരുന്നു. പിന്നീട് ബോട്ടുജെട്ടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വെള്ളത്തിൽ തള്ളിയിടുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ബഹളംകേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ അറിയാത്തതുപോലെ ഫോൺ ചെയ്തുനിന്ന പ്രതി, രക്ഷാപ്രവർത്തനത്തിന് സഹകരിക്കാതെ മാറിനിന്നപ്പോൾമുതൽ സംശയമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഷെജീറയെ ശ്വാസംമുട്ടിക്കാൻ ശ്രമിച്ചെന്ന സാക്ഷിമൊഴികൂടി ഉണ്ടായതോടെ പ്രതി കുടുങ്ങുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ഏഴുമാസമായപ്പോഴാണ് ഷെജീറയുടെ മരണം. ഭാര്യയുടെ നിറം മോശമാണെന്നുപറഞ്ഞ് അബ്ദുൽ ഷിഹാബ് കളിയാക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി നേരത്തേ പരാതിയുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് അധികൃതർ ‍പറഞ്ഞു.

ക്രൈംബ്രാഞ്ച് എസ്.പി. എൻ.രാജന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷിബു പാപ്പച്ചൻ, സബ് ഇൻസ്പെക്ടർമാരായ ആൻഡ്രിക് ഗ്രോമിക്, ഡി.ഷാജി, എ.എസ്.ഐ. എ.ലിസ, സി.പി.ഒ. രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

ദുരൂഹത, മൊഴികളിൽ വൈരുധ്യം; ഒടുവിൽ കുറ്റം സമ്മതിച്ച് പ്രതി

സംഭവത്തിൽ തുടക്കംമുതൽ ദുരൂഹതയുണ്ടായിരുന്നു. ഭാര്യ ഷെജീറ മുങ്ങിത്താഴുന്നത് കണ്ടിട്ടും അബ്ദുൽ ഷിഹാബ് രക്ഷപ്പെടുത്താൻ ശ്രമിക്കുകയോ നിലവിളിക്കുകയോ ചെയ്തില്ല. വെള്ളത്തിലേക്കുവീണ ശബ്ദംകേട്ട് ഓടിയെത്തിയവർ കണ്ടത്, ഫോൺ ചെയ്തുകൊണ്ടുനിൽക്കുന്ന ഭർത്താവിനെയാണ്.

ആദ്യംമുതലേ ദുരൂഹതയും സംശയവും നാട്ടുകാർ പ്രകടിപ്പിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ അറസ്റ്റിലേക്കു കടക്കാൻ പോലീസിന് കഴിഞ്ഞില്ല. ഒടുവിൽ ഷെജീറയുടെ മാതാപിതാക്കളുടെ അപേക്ഷയെ തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.

വെള്ളത്തിൽ മുങ്ങിത്താഴ്‌ന്ന ഷെജീറയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചവർ അബ്ദുൽ ഷിഹാബിന്‍റെ പെരുമാറ്റത്തിലെ അസ്വാഭാവികത സംബന്ധിച്ച് മൊഴിനൽകി.

രക്ഷാപ്രവർത്തനത്തോട് ഇയാൾ നിസ്സഹകരിച്ചെന്നായിരുന്നു മൊഴി. ‘ആരോ വെള്ളത്തിൽ വീണു’ എന്നാണ് ഓടിയെത്തിയവരോട് പ്രതി ആദ്യം പറഞ്ഞത്. പിന്നീട് ഒരു പെൺകുട്ടി വെള്ളത്തിൽ വീണെന്ന് തിരുത്തി. ഒടുവിലാണ് തന്റെ ഭാര്യയാണ് മുങ്ങിത്താഴ്‌ന്നതെന്ന് അറിയിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി യുവതിയുടെ വായിൽനിന്ന് നുരയും പതയും വന്നു.

ഒപ്പം വാഹനത്തിൽ കയറിയ നാട്ടുകാരിയായ നഴ്സ് ഇത് തുടയ്ക്കാൻ ആവശ്യപ്പെട്ടു. ഈ സമയത്ത് പ്രതി വായ പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതായി നഴ്സിന്‍റെ മൊഴിയുണ്ട്. കൃത്രിമശ്വാസം കൊടുക്കാൻ പറഞ്ഞപ്പോൾ ആദ്യം പ്രതി കൂട്ടാക്കിയില്ല. പിന്നീട് ശ്വാസംകൊടുക്കാനെന്നമട്ടിൽ ഷെജീറയുടെ മുഖത്തേക്ക് തന്റെ മുഖം അമർത്തിയതായും മൊഴിയിലുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു.

ആശുപത്രിയിലെത്തിയപ്പോൾ താൻ ബോധരഹിതനായി എന്നാണ് പ്രതി ആദ്യം പോലീസിനോടു പറഞ്ഞത്. ഇത് തെറ്റാണെന്ന് ശാസ്ത്രീയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് തെളിയിച്ചു. ഈ വിവരങ്ങൾ ചേർത്ത് ചോദ്യംചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

 

 

 

സെറ്റ് പാസാകുമെന്നു വിളിച്ചുപറഞ്ഞു; പിന്നാലെയെത്തിയത് അപകടവാർത്ത

മകളെ കൊലപ്പെടുത്തിയതാണെന്ന് ഉറപ്പായിരുന്നെന്നും എട്ടുവർഷത്തിനുശേഷമാണെങ്കിലും പ്രതിയെ പിടികൂടിയതിൽ സന്തോഷമുണ്ടെന്നും മാതാപിതാക്കളായ എച്ച്.ഷാജഹാനും നസീറയും പ്രതികരിച്ചു.

കൊലപാതകദിവസം താലിമാല ഊരിവെപ്പിച്ചതും മൊബൈൽ ഫോൺ എടുക്കാൻ അനുവദിക്കാതിരുന്നതും സംശയത്തിനു ബലം നൽകി.

എം.എസ്‌സി. ബിരുദധാരിയായ ഷെജീറ, കൊല്ലപ്പെട്ട ദിവസം ഉച്ചയ്ക്കും തന്നെ വിളിച്ചിരുന്നതായി മാതാവ് നസീറ പറഞ്ഞു. തനിക്ക് സെറ്റ് കിട്ടുമെന്ന് ഫോണിൽ വിളിച്ചറിയിച്ചു.

കൊലപാതകം നടന്ന 2015 ജൂൺ 19-ന് സെറ്റ് പരീക്ഷയുടെ ഉത്തരസൂചിക വന്നിരുന്നു. ഇത് നോക്കിയശേഷം സെറ്റ് കിട്ടുമെന്ന് ഉറപ്പാണെന്ന് ഷെജീറ മാതാവിനെവിളിച്ച്‌ അറിയിക്കുകയായിരുന്നു.

അന്ന് രാത്രിതന്നെ മകൾക്ക് വെള്ളത്തിൽവീണു പരിക്കേറ്റെന്ന വിവരവുമെത്തി. ഹൈസ്കൂൾ അധ്യാപക തസ്തികയ്ക്കുള്ള പി.എസ്.സി. പരീക്ഷയെഴുതാൻ മകൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും നസീറ പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ഇതുംകൂടി വായിക്കുക….

‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും’: ഭാര്യയെ തടാകത്തിൽ തള്ളിയിട്ടു കൊന്നു, 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

Share
error: Content is protected !!