പ്രവാസികളെ പൂട്ടാനൊരുങ്ങി ആദായനികുതി വകുപ്പ്; 31.2 ശതമാനം നികുതി ഈടാക്കാൻ നീക്കം

കാസര്‍കോട്: പ്രവാസികളെ പൂട്ടാനൊരുങ്ങി ആദായനികുതി വകുപ്പ്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ നിന്ന് 31.2 ശതമാനം നികുതി ഈടാക്കാനാണ് ആദായനികുതി വകുപ്പിൻ്റെ നീക്കം. പ്രവാസികളുടെ ഇന്‍ഷുറന്‍സ് വരുമാനത്തിലാണ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ കണ്ണ്.

ഒറ്റത്തവണ പോളിസികളിലെ ലാഭത്തിന് 31.2 ശതമാനം നികുതി ഈടാക്കാനാണ് നീക്കം. ഗള്‍ഫ് രാജ്യങ്ങള്‍ പോലെ വ്യക്തികളുടെ വരുമാനത്തിന് നികുതി ഈടാക്കാത്തയിടങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കാണ് ഇത് തിരിച്ചടിയാകുക.

രാജ്യത്ത് താമസിക്കുന്ന ഇടപാടുകാരില്‍നിന്ന് രണ്ട് ശതമാനം മാത്രമാണ് നികുതി ഈടാക്കുന്നത്. എന്നാല്‍, 31.2 ശതമാനം അധികം ഈടാക്കാനുള്ള നീക്കം പ്രവാസി ഇടപാടുകാര്‍ക്ക് വന്‍ നഷ്ടമുണ്ടാക്കും. നികുതിയീടാക്കുന്നതിന് മുന്നോടിയായി പ്രവാസികളായ പോളിസി ഉടമകളില്‍ നിന്ന് ടാക്സ് റെസിഡന്റ് സ്റ്റാറ്റസ് (ടി.ആര്‍.എസ്.) റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു തുടങ്ങി.

1961-ലെ ആദായനികുതി നിയമം സെക്ഷന്‍ 285 ബിഎ പ്രകാരമാണ് നടപടി. വ്യക്തിഗത ഇടപാടുകാര്‍ സ്വന്തം നിലയിലാണ് ടി.ആര്‍.എസ്. ഫോറം പൂരിപ്പിക്കേണ്ടത്. ഫോറിന്‍ അക്കൗണ്ട് ടാക്സ് കംപ്ലയന്‍സ് നിയമത്തിലെയും കോമണ്‍ റിപ്പോര്‍ട്ടിങ് സ്റ്റാന്‍ഡേഡിലെയും വ്യവസ്ഥപ്രകാരമാണിത്. വരുമാനത്തിന് വിദേശത്ത് നികുതിയടയ്ക്കുന്നവര്‍ക്ക് ഇരട്ടനികുതി ഭാരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ടി.ആര്‍.എസ് വാങ്ങുന്നതെങ്കിലും ഫലത്തില്‍ അത് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും.

ഇന്‍ഷുറന്‍സിന് പിന്നാലെ പ്രവാസികള്‍ മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുമ്പോഴും ഈ രീതിയില്‍ നികുതിയീടാക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

 

4.5 ലക്ഷം ലാഭത്തിന് നികുതി 1.40 ലക്ഷം

അഞ്ചുലക്ഷത്തിന്റെ ഒറ്റത്തവണ ഇന്‍ഷുറന്‍സ് പോളിസിയില്‍ കാലാവധി കഴിയുമ്പോള്‍ 10 ലക്ഷം രൂപ ലഭിക്കുന്നുവെന്ന് കരുതുക. ലാഭമായി ലഭിക്കുന്ന അഞ്ച് ലക്ഷത്തിന് 10 ശതമാനം നികുതി ഇളവുണ്ട്. ബാക്കിയുള്ള 4.5 ലക്ഷത്തില്‍നിന്ന് 31.2 ശതമാനം നികുതി കുറച്ച് മാത്രമേ ഇടപാടുകാരന് കൈമാ റുകയുള്ളൂ. അതായത് 1,40,400 രൂപ നികുതിയായി പോകും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!