കത്തിയമർന്ന ട്രക്കിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു; സുഖം പ്രാപിക്കുന്നതിനിടെ ഇന്ത്യൻ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
സൌദിയിൽ കത്തിയമർന്ന വാഹനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുഖം പ്രാപിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്താൽ കർണാടക സ്വദേശി മരിച്ചു. ഒരു മാസം മുമ്പ് റിയാദിന് സമീപം അൽഖർജിലുണ്ടായ അപകടത്തിൽ തീപ്പൊള്ളലേൽക്കുകയും പരിക്കുകൾ ഭേദമാകുകയും ചെയ്ത കർണാടക മൈസൂർ രാജേന്ദ്ര നഗർ സ്വദേശി അഫ്സർ ഖാൻ (66) ആണ് ചൊവ്വാഴ്ച ഉച്ചക്ക് റിയാദിൽ മരിച്ചത്.
മൃതദേഹം റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ. 43 വർഷമായി ദുബൈയിൽ ട്രെയിലർ ഡ്രൈവറായിരുന്ന അഫ്സർ ഖാൻ പതിവുപോലെ ലോഡുമായി സൗദിയിലെത്തിയതായിരുന്നു. അൽഖർജിൽ ലോഡിറക്കി പകരം ദുബൈയിലേക്കുള്ള ലോഡ് നിറച്ച് മടങ്ങുന്നതിനിടെ ഹറദ് റോഡിൽ വാഹനം അപകടത്തിൽപെടുകയായിരുന്നു. അൽഖർജിൽനിന്ന് യു.എ.ഇ അതിർത്തിയിലേക്ക് പോകുന്ന ഹൈവേയുടെ സൈഡിലുള്ള കോൺക്രീറ്റ് ബാരിക്കേഡിൽ ട്രെയിലറിെൻറ ടയറുകൾ ഉരഞ്ഞ് തീപിടിക്കുകയായിരുന്നു. വേനൽക്കാലത്തെ അമിതമായ ചൂടാണ് തീപിടിക്കാൻ കാരണമായത്. നിമിഷങ്ങൾക്കുള്ളിൽ വാഹനം മുഴുവൻ തീയാളിപ്പടർന്നു. വാഹനം സാഹസികമായി നിർത്തി അഗ്നിനാളങ്ങൾക്കിടയിലൂടെ പുറത്തേക്ക് ചാടി. അതിനിടയിൽ കാലുകളിൽ ഗുരുതരമായ പൊള്ളലേറ്റു.
കൂടാതെ കാർബൺ മോണോക്സൈഡ് കലർന്ന പുക ശ്വസിച്ച് ബോധമറ്റ് വീഴുകയും ചെയ്തിരുന്നു.
പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകളും മൊബൈൽ ഫോണും മറ്റ് വസ്തുക്കളും കത്തിനശിച്ചു. സിവിൽ ഡിഫൻസിെൻറ ഫയർഫോഴ്സെത്തി തീയണച്ചു. അഫ്സർ ഖാനെ അൽഖർജിലെ കിങ് ഖാലിദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടാഴ്ച ആശുപത്രിയിൽ കിടന്നു. ഒരുവിധം സുഖംപ്രാപിച്ചപ്പോൾ അവിടെനിന്ന് ഡിസ്ചാർജ് ചെയ്തു.
സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഇടപെട്ട് റിയാദിൽ കൊണ്ടുവന്നു. എന്നാൽ എത്തിയതിെൻറ പിറ്റേദിവസം ശ്വാസംമുട്ടുണ്ടായി വീണ്ടും ബോധം മറയുകയും റിയാദിലെ അൽഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെയും 10 ദിവസത്തോളം കിടന്നു. ഏതാണ്ട് പൂർണമായും സുഖം പ്രാപിച്ചപ്പോൾ നാട്ടിൽ അയക്കാനുള്ള ശ്രമം തുടങ്ങി. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിനാൽ ബത്ഹയിലെ അപ്പോളൊ ഡിമോറ ഹോട്ടലിൽ സൗജന്യ നിരക്കിൽ താമസസൗകര്യമൊരുക്കി.
അപകടത്തിൽപെട്ട വാഹനം അൽഖർജിൽ കിടക്കുകയാണ്. അതിൻറെ ഇൻഷുറൻസ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കണം. കത്തിപ്പോയതിന് പകരം പുതിയ പാസ്പോർട്ട് എടുക്കണം. ഇതിനെല്ലാമുള്ള ശ്രമങ്ങൾ ശിഹാബിെൻറ നേതൃത്വത്തിൽ നടന്നുവരുന്നതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ നെഞ്ചുവേദനയുണ്ടാകുന്നത്. ഉടൻ റെഡ് ക്രസൻറ് ആംബുലൻസ് സംഘത്തെ വിളിച്ചു. അവരെത്തുേമ്പാഴേക്കും മരണം സംഭവിച്ചിരുന്നു. 43 വർഷം ട്രെയിലറോട്ടിയിട്ടും ജീവിതത്തിൻറെ രണ്ടറ്റം മുട്ടിക്കാൻ കഴിയാതെ പ്രവാസം തുടരാൻ നിർബന്ധിനായ ആ വയോധികൻ അങ്ങനെ ദാരുണമായ വിധിക്ക് കീഴടങ്ങി. ചേതനയറ്റ ശരീരമെങ്കിലും ഒരുനോക്ക് കാണണമെന്ന് കുടുംബം ആഗ്രഹമറിയിച്ചതിനാൽ നാട്ടിലയക്കാനുള്ള ശ്രമത്തിലാണ് സാമൂഹികപ്രവർത്തകർ.
രേഖകൾ വെണ്ണീറായി പോയതിനാൽ എല്ലാം ഒന്നേന്ന് ഉണ്ടാക്കണം. അതിന് കഠിനശ്രമം തന്നെ വേണ്ടിവരും. ഇന്ത്യൻ എംബസിയും ഉന്നതോദ്യോഗസ്ഥൻ മോയിൻ അക്തറും ആവശ്യമായ പിന്തുണ നൽകുന്നുണ്ട്. പുറമെ ശിഹാബിനെ സഹായിക്കാൻ റിയാദ് ഹെൽപ് ഡെസ്ക് പ്രവർത്തകരായ ഷൈജു നിലമ്പൂർ, ഷൈജു പച്ച, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ, ജോർജ് എന്നിവരുമുണ്ട്. ഹോട്ടൽ ജീവനക്കാരായ ബദർ, സുഹൈൽ, മുഹമ്മദലി എന്നിവരും അഫ്സർ ഖാനെ പരിചരിക്കാനും മറ്റ് സഹായങ്ങൾ നൽകാനും രംഗത്തുണ്ടായിരുന്നു. ഹൈദർ അലി ഖാനാണ് പിതാവ്, മാതാവ്: പരീ ബീഗം. സുബൈദ ബീഗമാണ് ഭാര്യ. രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക