ആളുമാറി റൊണാൾഡോയുടെ ഫോൺ വിളി; സെലിബ്രിറ്റിയാണെന്ന് അവതാരകയുടെ മറുപടി – ഫോൺ സംഭാഷണം കേൾക്കാം

താമസിക്കുന്ന ഹോട്ടലിൽവച്ച് ടിവി അവതാരകയെ ആളുമാറി ഫോൺ ചെയ്ത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തെറ്റായ നമ്പരിലേക്കാണ് ഹോട്ടൽ മുറിയിലെ ഫോണിൽനിന്ന് വിളിച്ചതെന്ന് ക്രിസ്റ്റ്യാനോ ഉടൻ തന്നെ തിരിച്ചറിയുന്നുണ്ട്. എന്നാൽ താനൊരു ടെലിവിഷൻ അവതാരകയാണെന്നും ‘വലിയ തെറ്റാണ് ക്രിസ്റ്റ്യാനോ ചെയ്തതെന്നും’ അവതാരക തമാശ രൂപേണ മറുപടി നൽ‌കി. അറബ് മാധ്യമ പ്രവർത്തകയായ ഹലീമ ബോളണ്ടിനെയാണ് റൊണാൾ‍ഡോ ആളുമാറി ഫോൺ വിളിച്ചത്.

ഒരു സുഹൃത്തിനെയാണു വിളിച്ചതെന്നും ആളു മാറി കോൾ വന്നതാണെന്നും ക്രിസ്റ്റ്യാനോ ഫോണിൽ പറഞ്ഞു. എന്നാൽ ഞാൻ നിങ്ങളുടെ സുഹൃത്താണെന്നാണ് ഹലീമ മറുപടി പറയുന്നത്. സുഹൃത്തിനോടൊപ്പം റൊണാൾ‍ഡോ താമസിക്കുന്ന ഹോട്ടലില്‍ എത്തിയതാണെന്നും താനൊരു സെലിബ്രിറ്റിയാണെന്നും ഹലീമ പറഞ്ഞു. എന്നാൽ റൊണാൾഡോ ക്ഷമ പറഞ്ഞപ്പോൾ, ഇതാണു ലോകത്തെ വലിയ തെറ്റെന്നായിരുന്നു ഹലീമയുടെ മറുപടി.

കുവൈത്ത് സ്വദേശിനിയായ ഹലീമ ബോളണ്ട് 2007ലെ ‘മിസ് അറബ് ജേണലിസ്റ്റ്’ പുരസ്കാരം നേടിയ ടിവി അവതാരകയാണ്. ഇൻസ്റ്റഗ്രാമിൽ 3.6 മില്യൻ ആരാധകരാണ് അവരെ പിന്തുടരുന്നത്. റൊണാൾഡോയുടേയും ഹലീമയുടേയും ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സൗദി പ്രോ ലീഗിൽ അൽ– നസ്ർ ക്ലബ്ബിലാണ് റൊണാള്‍ഡോ ഇപ്പോൾ കളിക്കുന്നത്. അറബ് ക്ലബ് ചാംപ്യൻസ് കപ്പിൽ രാജ കസബ്ലാങ്കയെ തോൽപിച്ച് അൽ– നസ്ർ സെമി ഫൈനലിൽ കടന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ– നസ്റിന്റെ വിജയം.

 

ആ ഫോൺ സംഭാഷണം കേൾക്കാം…

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share